- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ചവിട്ടിയൊടിച്ചത് അച്ഛന്റെ ആറ് വാരിയെല്ലുകൾ; ഒളിവിൽ പോയ ജോസി ജോണിനെ പിടികൂടി പൊലീസും
കോട്ടയം: മദ്യലഹരിയിൽ രോഗിയായ അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ സ്വദേശി ജോസി ജോണാണ് പിടിയിലായത്. ശാന്തിപുരം റൈട്ടൺപറമ്പ് ചക്കുങ്കൽ ജോൺ തോമസ് (67)സിനെയാണ് മകൻ ജോസി ജോണി ഞായറാഴ്ച്ച ആക്രമിച്ചത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗുരുതരമായി പരിക്കേറ്റ ജോൺ തോമസ്. സംഭവത്തിൽ മകൻ ജോസി ജോണി (38)നെ കറുകച്ചാൽ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.
ഞായറാഴ്ച രാവിലെ 11.30-ഓടെ മദ്യപിച്ചെത്തിയ ജോസി അച്ഛനെ കട്ടിലിൽനിന്ന് വലിച്ച് നിലത്തിട്ടശേഷം വയറിൽ ചവിട്ടുകയായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ അമ്മ അന്നമ്മ (62)യെയും ഇയാൾ മർദിച്ചു. ശേഷം വീട്ടിൽനിന്ന് ജോസി ഇറങ്ങിപ്പോയി. അയൽവാസികളുടെ സഹായത്തോടെ അന്നമ്മ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു.
ആറ് വാരിയെല്ലുകൾ ഒടിഞ്ഞ് ജോണിന്റെ ആന്തരിക അവയവങ്ങളിൽ തറച്ചു. രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോണിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മറുനാടന് ഡെസ്ക്