- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭകളിൽ നിലനിൽക്കുന്ന നിർബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം; കന്യാസ്ത്രീകൾക്ക് സഭയ്ക്കുള്ളിലുള്ളത് അടിമ സമാനമായ അവസ്ഥ; അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്നും വൈദികൻ; ഫാ. അഗസ്റ്റിൻ വട്ടോളിയുടെ വാക്കുകൾ ചർച്ചയാകുന്നത് ഇങ്ങനെ
അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തുകയും പ്രതികൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തതോടെ സഭക്കും കുറ്റക്കാരായ വൈദികർക്കും എതിരെ ശക്തമായ എതിർപ്പാണ് ഉയർന്ന് വരുന്നത്. ഇതിനിടെ, ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങൾ അവിശ്വസനീയമെന്ന പ്രതികരണവുമായി ക്‌നാനായ കത്തോലിക്കാ സഭയും രംഗത്തെത്തി. കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാർത്താകുറിപ്പിൽ അറിയിച്ചു. ഇപ്പോഴിതാ, അഭയ കേസിൽ അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു വൈദികൻ. ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് കേരളത്തിലെ ക്രിസ്തീയ സഭകളിലെ ചില പുരോഹിതർ നടത്തുന്ന നീചമായ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് ഫാദർ അഗസ്റ്റിൻ വട്ടോളി വിമർശനം ഉയർത്തുന്നത്.
സഭ, സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ട് നിൽക്കുന്നു എന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി പറയുന്നു. അടയ്ക്കാ രാജുവിനെ ആത്മീയ മനുഷ്യൻ എന്നാണ് ഫാദർ അഗസ്റ്റിൻ വട്ടോളി വിശേഷിപ്പിക്കുന്നത്. ആത്മീയത നമ്മൾ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനിൽക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളൻ എന്ന വാക്ക് പറയുമ്പോൾ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോൾ തന്നെ കള്ളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളർന്നൊരാളല്ല. അതിന്റെ മുഴുവൻ ഉത്തരവാദിത്തം ഈ സമൂഹത്തിനാണ്. കടുത്ത ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടുമായിരിക്കണം ആ മനുഷ്യൻ കള്ളനായത്. വ്യഭിചാരത്തിന് പിടിക്കപ്പെട്ട പെൺകുട്ടിയോട് ‘മകളേ നീ പോകൂ' എന്നു പറഞ്ഞയാളാണ് യേശു. അവളെ കല്ലെറിനായിരുന്നവരോട് "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യെന്നാണ് യേശു പറഞ്ഞത്. അതുപോലെ ഇവനെ കള്ളനെന്നു വിളിക്കുന്ന നമ്മളിലാണ് ആദ്യം പാപമുള്ളത്. ഈ സമൂഹത്തിനാണ് കുഴപ്പമുള്ളത്. ഈ സമൂഹത്തിന്റെ മറ്റൊരു നെറികേടുകൊണ്ടാണ് അയാൾ കള്ളനായത്. ആത്മീയ മനുഷ്യൻ യഥാർത്ഥത്തിൽ കള്ളനാവുകയും അവരുടെ വസ്ത്രം കണ്ട് ഇവർ ആത്മീയ മനുഷ്യരാണൈന്ന് നമ്മൾ തെറ്റിദ്ധരിക്കുകയുമാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ആത്മീയത തൊട്ടുതീണ്ടിയിട്ടില്ല അവർക്ക്- വട്ടോളി എഴുതുന്നു.
അടിമ സമാനമായ അവസ്ഥയാണ് കന്യാസ്ത്രീകൾക്ക് സഭയ്ക്കുള്ളിലുള്ളതെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി പറയുന്നു. ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെതിരെ പരാതിപ്പെട്ടപ്പോൾ മറ്റൊരു കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കാനെത്തിയില്ല. ഭയം തന്നെയാണ് കാരണം. ഒരു കന്യാസ്ത്രീ സ്വന്തം സഹോദരിയെപ്പോലെ കരുതേണ്ട മറ്റൊരു കന്യാസ്ത്രീയുടെ കൊലപാതകത്തിന് ഉത്തരവാദിയായപ്പോൾ അത് ശരിയല്ലയെന്നു പറയാൻ ഇവിടെയാരുമില്ല. ആരോപണ വിധേയയായ കന്യാസ്ത്രീ തെറ്റുകാരിയല്ലയെന്നു പറയുകയാണവർ. കൊല്ലപ്പെട്ടവൾക്കുവേണ്ടിയല്ല കൊലയ്ക്ക് ഉത്തരവാദിയായവർക്കുവേണ്ടിയാണ് അവർ കണ്ണീരൊഴുക്കിയത് എന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി പറയുന്നു.
ഒരു ബിഷപ്പ് 13 ക്രിമിനൽ കേസിൽ പ്രതിയായി ഇവിടെ ജീവിക്കുന്നു, മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസിൽ പ്രതിയായി വിചാരണ നേരിടുന്നു. ഒരു വൈദികൻ ഒരു കന്യാസ്ത്രീയെ കൊന്ന കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നു. മറ്റൊരു വൈദികൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതിന്റെ പേരിൽ പോക്സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു, അപ്പോഴെല്ലാം മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹവും നിശബ്ദരായി നിൽക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ക്രിസ്തീയ സഭകളിൽ നിലനിൽക്കുന്ന നിർബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബ്രഹ്മചര്യം എന്നത് നിർബന്ധമുള്ള കാര്യമാണെന്ന് ക്രിസ്തു അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ടില്ല എന്നും ഫാദർ അഗസ്റ്റിൻ വട്ടോളി ചൂണ്ടിക്കാട്ടുന്നു. ഇത് പിന്നീട് ചരിത്രത്തിലൂടെ മുന്നോട്ടുവരുമ്പോൾ സംഭവിച്ച ഒരു കാര്യമാണ്. കത്തോലിക്ക സഭയിൽ മാത്രമാണ് വൈദികന്മാർ നിർബന്ധപൂർവമുള്ള ബ്രഹ്മചര്യം പാലിക്കുന്നത്. കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭയിൽ 18ാം നൂറ്റാണ്ടുവരെ അച്ഛന്മാർ കല്ല്യാണം കഴിച്ച് ജീവിച്ചവരാണ്. ഉദയംപേരൂർ സുഹന്നദോസിനുശേഷമാണ് ഇവിടുത്തെ അച്ഛന്മാർ കല്ല്യാണം കഴിക്കാതിരുന്നത്. കേരളത്തിലെ ക്രിസ്ത്യാനി പാരമ്പര്യം അങ്ങനെയാണ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലത്ത് വളരെ വിപ്ലവകരമായ ചിന്തകളും നീക്കങ്ങളുമൊക്കെ സഭ നടത്തുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അനുഭാവ പൂർണമായ നിലപാടാണ് മാർപ്പാപ്പ എടുത്തിരിക്കുന്നത്. അവരെപ്പറ്റി പറയുന്നതും ചർച്ച ചെയ്യുന്നതും പാപവും പാതകവുമായി കണക്കാക്കിയിരുന്ന കാലത്ത് അവരെ അനുഭാവപൂർവ്വം നോക്കിക്കാണുന്നുവെന്നത് സഭയുടെ മനസ് മാറുന്നുവെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ പുതിയ കാലത്ത് നിർബന്ധിത ബ്രഹ്മചര്യം എന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
മറുനാടന് ഡെസ്ക്