- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രവാദചികിസ ആദ്യം നേരിട്ട്, പിന്നീട് വാട്സ് ആപ്പിലൂടെയും; പെൺകുട്ടി ബോധരഹിതയായി വീണപ്പോൾ നാട്ടുകാരുടെ നിർബന്ധത്തിൽ ആശുപത്രിയിൽ കൊണ്ടുപോയി; അപ്പോഴേക്കും എല്ലാം കൈവിട്ടു; കണ്ണൂരിന് കളങ്കമായി ഫാത്തിമയുടെ മരണം; നാഡീ ജ്യോതിഷ ചികിത്സയും ജപിച്ചൂതലും ഇപ്പോഴും പതിവ്
കണ്ണൂർ: എണ്ണമറ്റ കർഷക പോരാട്ടങ്ങളും അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള നവോത്ഥാന സമരങ്ങളും നടന്ന കണ്ണൂരിന്റെ മണ്ണിൽ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇരുട്ടു മൂലകൾ ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നുവെന്ന് തെളിയിക്കുകയാണ് ഫാത്തിമയെന്ന പെൺകുട്ടിയുടെ മരണത്തിലൂടെ. വാഗ്ഭടാനന്ദന്റെയും സ്വാമി ആനന്ദതീർത്ഥ ന്റെയും നിത്യചൈതന്യയതിയുടെയും സ്വന്തം മണ്ണിൽ ശ്രീനാരായണീയൻ ഉഴുതുമറിക്കുകയും എ.കെ.ജിയുൾപ്പെടെയുള്ള എണ്ണമറ്റ നവോത്ഥന പുരോഗമനവാദികളാൽ പ്രബുദ്ധമാക്കപ്പെടുകയും ചെയ്ത കണ്ണുരിന്റെ മണ്ണിലാണ് അന്ധവിശ്വാസത്തിന്റെ ഇരുട്ടറയിൽ ഒരു പിഞ്ചു പെൺകുട്ടി ചികിത്സ കിട്ടാതെ പനിച്ചു പൊള്ളിശ്വാസം മുട്ടി മരിച്ചത്. ഫാത്തിമയെന്ന ഏഴു വയസുകാരിയുടെ കേരള പിറവി ദിനത്തിലുള്ള മരണം കണ്ണുരിന് മാത്രമല്ല സാക്ഷര കേരളത്തിന് തന്നെ തീരാ കളങ്കമായി മാറിയിരിക്കുകയാണ്. ചികിത്സയുടെ പേരിൽ നടന്ന ആസൂത്രിതമായ കൊലയെന്നാണ് പൊലീസ് ഇതിനെ കുറിച്ച് പറയുന്നത്.
അന്ധവിശ്വാസങ്ങൾ മുറുകെ പിടിക്കുന്ന ഇനിയും ആധുനികത ചിന്തകളുടെ വെളിച്ചമെത്താത്ത ഒരു സമൂഹത്തിലൂറി കിടന്ന ഇരുട്ടിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു സിറ്റി നാലു വയലിലെ ഫാത്തിമയെന്ന പതിനൊന്നു വയസുകാരിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ചെറിയൊരു പനി വന്ന കുട്ടിയെ ഡോക്ടറെ കാണിക്കാതെ വെള്ളം ജപിച്ചൂതലും മറ്റു ആഭിചാര ക്രിയകളും നടത്തുന്ന കുഞ്ഞിപ്പള്ളിയിലെ ഉവൈസെന്ന പള്ളി ഇമാമിന്റെ പ്രാകൃത കാലത്തെ ചികിത്സാരീതികൾക്കു ബോധപൂർവ്വം വിട്ടുകൊടുക്കുകയായിരുന്നു പിതാവ് അബ്ദുൽ സത്താറും ബന്ധുക്കളും പനിയും ശ്വാസം മുട്ടലും വർധിച്ച കുട്ടിയെ സ്ഥിതി വഷളായിട്ടും ആശുപത്രിയിൽ കൊണ്ടുപോവാതെ അടച്ചിട്ട മുറിയിലിട്ടു ചികിത്സിക്കുകയായിരുന്നു ഉസ്താദ്.
ആദ്യം നേരിട്ടും പിന്നീട് വാട്സ് ആപ്പിലൂടെയുമായിരുന്നു ചികിത്സ,. ഒടുവിൽ പതിനൊന്ന് വയസുകാരിയായ പെൺകുട്ടി ബോധരഹിതമായി വീണു വെറുങ്ങലിച്ചപ്പോൾ മാത്രമാണ് നാട്ടുകാരുടെയും മറ്റു ബന്ധുക്കളുടെയും നിർബന്ധത്തിൽ പിതാവും കുടുംബാംഗങ്ങളും ഡോക്ടറെ കാണിക്കാനും കണ്ണൂർ താണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തയ്യാറായത്. ഫാത്തിമയെ ആശുപത്രിയിലെത്തിക്കുമ്പോഴും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു ന്യുമോണിയ പിടിമുറുക്കിയ കുട്ടി ശ്വാസകോശത്തിലെ പഴുപ്പു കാരണമാണ് മരണമടഞ്ഞത്.
മന്ത്രവാദ ചികിത്സയുടെ പേരിൽ ഒരു കുരുന്നിന്റെ ജീവൻ നഷ്ടപ്പെട്ടതിൽ പൊലിസ് അന്വേഷണമാരംഭിക്കുന്നത് ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെയും നാട്ടുകാർ നൽകിയ പരാതിയെയും തുടർന്നാണ്. ഇതതുടർന്നാണ് കണ്ണൂർ സിറ്റി നാലുവയലിൽ ആധുനിക ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലിസ് അറസ്റ്റുചെയ്തത്. കണ്ണൂർ സിറ്റി നാലു വയൽ ഹിദായത്ത് വീട്ടിൽ ഫാത്തിമ മരണമടഞ്ഞതിന് മന: പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ഫാത്തിമ മരിച്ചത്. കുട്ടിയുടെ പിതാവ് അബ്ദുൽ സത്താർ, കുട്ടിയെ മന്ത്രവാദ ചികിത്സയ്ക്കിരയാക്കിയ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്ത പൊലിസ്
ഇരുവരെയും കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിന്റെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്.കുട്ടിയുടെ പിതാവ് അബ്ദുൽ സത്താറിനെതിരെ ജുവനൈൽ ആക്ടു പ്രകാരവും കേസെടുത്തിട്ടുണ്ട്.
പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിനെ തുടർന്നാണ് കുട്ടിക്ക് ശ്വാസം മുട്ടലും പിന്നീട് ന്യുമോണിയയും ബാധിച്ചതെന്നു അന്വേഷണത്തിൽ തെളിഞ്ഞതായി സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവൻ അറിയിച്ചു.. ഇ മാമിന്റെ നിർദ്ദേശപ്രകാരം
കുട്ടിക്ക് മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകിയെന്ന് ഇവർ പറഞ്ഞതായി സിറ്റി പൊലിസ് കമ്മിഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കി.
നാലുദിവസമായി പനി ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു ബാലികയെന്നും മന്ത്രവാദ ചികിത്സ മാത്രം നൽകിയതാണ് ആരോഗ്യനില വഷളാക്കിയതെന്നുമുള്ള പിതൃസഹോദരന്റെ പരാതിയിലാണു പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പനിയും ശ്വാസംമുട്ടലും കലശലായതിനെതുടർന്നു താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്.
മന്ത്രവാദ ചികിത്സയാണ് കുട്ടിക്ക് നൽകിയതെന്നും നേരത്തെയും ഈ കുടുംബത്തിൽ അഞ്ചോളം പേർ സമാന രീതിയിൽ മരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബാംഗം കൂടിയായ സിറാജ് പടിക്കൽമാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. സിറ്റി ആസാദ് റോഡിലെ പടിക്കൽ സഫിയയാണ് മന്ത്രവാദത്തിന്റെ ആദ്യ ഇരയായി അറിയപ്പെടുന്നത്. രക്തസമ്മർദ്ദം അടക്കമുള്ള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്.സഫിയയുടെ മകൻ അഷ്റഫ് ,സഹോദരി നഫീസു എന്നിവരുടെ മരണകാരണവും മന്ത്രവാദത്തെ തുടർന്നായിരുന്നുവെന്ന് സഫിയയുടെ മകൻ ആരോപിച്ചിരുന്നു.
കുറുവ സ്വദേശിയായ ഇഞ്ചിക്കൽ അൻവറിന്റെ മരണവും മന്ത്രവാദത്തെ തുടർന്നാണെന്നാണ് പരാതി.ഏറ്റവും ഒടുവിൽ നാലു വയൽ സ്വദേശി ഫാത്തിമയുടെ മരണത്തോടെയാണ് നാടിനെ ഞെട്ടിപ്പിച്ച മന്ത്രവാദ ചികിത്സയെ കുറിച്ച് പുറം ലോകമറിയുന്നത്. കണ്ണുരിൽ നടക്കുന്ന നാഡീ ജ്യോതിഷ ചികിത്സകളെ കുറിച്ചും പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വെള്ളം കൊണ്ടു ജപിച്ചൂതി ചികിത്സ നടത്തുന്ന ഒരു പ്രമുഖ മതപണ്ഡിതൻ തന്നെ കണ്ണൂരിലുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സ നേടാനായി ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകളാണ് ആഴ്ച്ചയിൽ ചില ദിവസങ്ങളിൽ വീട്ടിലെത്താറുള്ളത്.
നാട്ടുമ്പുറങ്ങളിൽ ഗുളികൻ ചികിത്സ 'മന്ത്രിച്ചുകെട്ടൽ, കോഴിയെ യറുക്കൽ, ഒടിവയ്ക്കൽ എന്നിവയും വ്യാപകമാണ്.നേരത്തെ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നിരവധി സമരങ്ങൾ നടത്തിയിരുന്നുവെങ്കിലും പിന്നീടതൊക്കെ നിലയ്ക്കുകയായിരുന്നു. രണ്ടു മാസം മുൻപാണ് ജ്യോത്സ്യന്റെ ഉപദേശപ്രകാരം മകൻ ഐ.എ.എസുകാരനാവാൻ തങ്കഭസ്മം കൊടുത്ത പ്രവാസിയുടെ പുത്രന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടത്. തന്റെ കെണിയിൽ വീണ പ്രവാസി യിൽ നിന്നും വരാനിരിക്കുന്ന അപകട മരണ മൊഴിവാക്കാനും ശനിദോഷമകറ്റാനായി ലക്ഷങ്ങളാണ് ജ്യോത്സ്യൻ തട്ടിയത്. താൻ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രവാസി പൊലിസിൽ പരാതി നൽകിയത്.ഈ കേസിലെ പ്രതിയായ ജ്യോത്സ്യനെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്