എറണാകുളം: നടൻ മോഹൻലാൽ തന്റെ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറിനായി '2255' എന്ന ഫാൻസി നമ്പർ 1.8 ലക്ഷം രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കി. 1986-ൽ പുറത്തിറങ്ങിയ 'രാജാവിന്റെ മകൻ' എന്ന സിനിമയിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തിന്റെ പ്രശസ്തമായ ഫോൺ നമ്പറിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്.

എറണാകുളം ജോയിന്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് KL 07 DJ 2255 എന്ന നമ്പർ മോഹൻലാൽ സ്വന്തമാക്കിയത്. മറ്റ് രണ്ട് പേർ കൂടി പങ്കെടുത്ത ലേലത്തിൽ, 10,000 രൂപയിൽ ആരംഭിച്ച വിളി 1.45 ലക്ഷത്തിലെത്തിയപ്പോൾ, മോഹൻലാലിന്റെ പ്രതിനിധി 1.80 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ മറ്റ് ലേലക്കാർ പിന്മാറി. നമ്പർ ബുക്ക് ചെയ്യുന്നതിനായി 5000 രൂപ ഫീസായി നേരത്തെ അടച്ചിരുന്നു.

31,99,500 രൂപ വിലമതിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് ഈ നമ്പർ ലാൽ സ്വന്തമാക്കിയത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ 'രാജാവിന്റെ മകൻ' മോഹൻലാലിന് സൂപ്പർതാര പരിവേഷം നേടിക്കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ '2255' എന്ന ഫോൺ നമ്പർ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു ഐക്കണായി മാറിയിരുന്നു.

കഴിഞ്ഞ വർഷം ലാലിന്റെ സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ KL 07 DH 2255 എന്ന സമാനമായ നമ്പർ സ്വന്തമാക്കിയിരുന്നു. സ്വന്തം ഫോണ്‍നമ്പര്‍ മറന്നാലും 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ മലയാളികളാരും മറക്കില്ല.

തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ആ ഫോണ്‍നമ്പറും കഥാപാത്രവും ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ കരിയറിലെ മറക്കാനാകാത്ത ആ ചിത്രത്തിന് ജീവിതത്തിലുള്ള സ്ഥാനം കൂടി ഊട്ടിഉറപ്പിക്കുകയാണ് ലാലേട്ടന്‍.