ഡോ അഭിലാഷ് ജി രമേഷ്


ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്യമായി മേല്‍ക്കോയ്മ നേടി പ്രസിഡന്റ് പദവിയിലേക്ക് തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ വളരെ സമഗ്രമായ മാറ്റങ്ങളാണ് അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക , ഭരണം നിര്‍വഹണ രംഗങ്ങളില്‍ വരുംനാളുകളില്‍ ലോക ജനത ദര്‍ശിക്കുവാന്‍ പോകുന്നത്.

ഇത്തരം നയ പരിഷ്‌കരണ പ്രഖ്യാപനങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് പാത്രമായ ഒന്നാണ് സഹസ്ര കോടീശ്വരനും ബഹിരാകാശ വിക്ഷേപണ വിപണിയുടെ ബൗദ്ധിക വ്യാപാര മേല്‍ക്കോയ്മ കയ്യാളുന്ന ഇലോണ്‍ മസ്‌ക്, ഇന്ത്യന്‍ വംശജനും, അമേരിക്കന്‍ വ്യവസായിയും കേരളത്തില്‍ വേരുകളുള്ള വിവേക് രാമസ്വാമിയും നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സി. ഈ ഏജന്‍സിയുടെ കാലാവധി 21 മാസം അഥവാ 2026 ജൂലൈ 4 എന്ന അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250 ആം വാര്‍ഷിക ദിനം വരെയാണ് എന്നത് ഈ പദ്ധതിയ്ക്ക് ട്രമ്പിന്റെ നിയുക്ത ഭരണകൂടം എത്ര പ്രാധാന്യം നല്‍കുന്നു എന്നതിന്റെ സൂചനയാണ്.

' ദ മാന്‍ഹട്ടന്‍ പ്രോജക്റ്റ്' എന്നാണ് ഡോജ് പദ്ധതിയെ ഡൊണാള്‍ഡ് ട്രമ്പ് വിശേഷിപ്പിക്കുന്നത്. അമേരിക്ക ലോകത്തിലെ ആദ്യത്തെ അണുബോംബ് നിര്‍മ്മിച്ചത് അതീവ രഹസ്യമായി 1942-ല്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാണ് പ്രസ്തുത പദ്ധതിയുടെ ആലോചനകള്‍ ആരംഭിച്ചത്. ലോകക്രമത്തെ തന്നെ അണുബോംബ് സ്വന്തമാക്കിയതിലൂടെ തങ്ങളുടെ അസാധാരണ ശാക്തിക സ്വാധീനം വഴി നിയന്ത്രിച്ച പദ്ധതിയ്ക്ക് തുല്ല്യമായി ഡോജ് പദ്ധതിയെ പരിഗണിക്കുന്നത് എത്ര ഗൗരവമായാണ് ട്രമ്പ് ഭരണകൂടം ബ്യൂറോക്രസി ശുദ്ധീകരണം എന്ന ആശയത്തെ വീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

അമേരിക്കന്‍ ബ്യൂറോക്രസിയുടെ ആവിര്‍ഭാവ ചരിത്രം

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ സിവില്‍ സര്‍വീസ് 1871 ലാണ് സ്ഥാപിതമായത്. സംസ്ഥാന, പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളില്‍ ഏകദേശം 19.58 മില്യണ്‍ , ഫെഡറല്‍ ഗവണ്‍മെന്റില്‍ ഏകദേശം 2.87 മില്യണ്‍ ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു.

അമേരിക്കന്‍ ഭരണകൂടം ഒരു പ്രഭുത്വാധിപത്യ സംവിധാനമായി നിലനിന്നിരുന്ന, ജനാധിപത്യം പരിപക്വമാകാത്ത കാലഘട്ടത്തില്‍

പ്രഭുക്കള്‍, വ്യാപാരികള്‍, അതിസമ്പന്നര്‍ എന്നിവരും, കല്‍ക്കരി ഖനികള്‍, സ്റ്റീല്‍ മില്ലുകള്‍, തികച്ചും സുരക്ഷിതമല്ലാത്ത ഫാക്ടറികള്‍, പരുത്തിപ്പാടങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴിലെടുത്തിരുന്ന സാധാരണക്കാര്‍ക്കുമിടയില്‍ അമേരിക്കന്‍ സമൂഹം വിഭജിക്കപ്പെട്ടിരുന്നു.

തൊഴിലാളികള്‍ സംഘടിക്കാനോ, പ്രതിഷേധിക്കാനോ മുതിര്‍ന്നാല്‍, ഷെരീഫ്, പോലീസ്, അല്ലെങ്കില്‍ സ്വകാര്യ സേനകള്‍, നാഷണല്‍ ഗാര്‍ഡ്, എന്നിവയെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരുന്നു. 1919 ല്‍ അര്‍ക്കാന്‍സാസില്‍ പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് കറുത്ത വംശജരായ തൊഴിലാളികളെ കൊന്നൊടുക്കിയത്, വെസ്റ്റ് വിര്‍ജീനിയയില്‍ 1921 ല്‍ നാഷണല്‍ ഗാര്‍ഡിനെ ഉപയോഗിച്ച് തൊഴില്‍ തര്‍ക്കം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും ഇരുണ്ട അധ്യായങ്ങളാണ്. ഇതോടൊപ്പം 1911 ല്‍ ന്യൂയോര്‍ക്കില്‍ 'ഷര്‍ട്ട് വെയിസ്റ്റ് ' എന്ന സുരക്ഷിതമല്ലാത്ത തുണിത്തര നിര്‍മാണ ഫാക്ടറിയില്‍ നടന്ന തീ പിടുത്തത്തില്‍ 146 തൊഴിലാളികള്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ഫെഡറല്‍ ഭരണസംവിധാനം രൂപീകരിക്കാന്‍ പ്രേരിപ്പിച്ചു.

1887 ല്‍ ഇന്റര്‍ സ്റ്റേറ്റ് കൊമേഴ്‌സ് കമ്മീഷന്‍ രൂപീകരിച്ച ശേഷം ആദ്യ കമ്മീഷന്‍ കൈക്കൊണ്ട തീരുമാനം അമേരിക്കയിലെ വിവിധ റെയില്‍വെ കമ്പനികളോട് നിരക്കുകള്‍ ഏകീകരിക്കുകയും എല്ലാ യാത്രക്കാര്‍ക്കും തുല്ല്യ നിരക്ക് എന്ന നിര്‍ദേശം നല്‍കുകയുമായിരുന്നു. ഈ തീരുമാനത്തോടെയാണ് ഫെഡറല്‍ നിയന്ത്രണങ്ങള്‍ എന്ന ആശയം അമേരിക്കയില്‍ പ്രബല്യമായത്.

എന്നാല്‍ അന്നത്തെ സുപ്രീം കോടതിയുടെ നിലപാടുകള്‍ ഭരണകൂടത്തിന്റെ തൊഴിലാളി നയത്തിന് എതിരായിരുന്നു. 1895 ല്‍ ന്യൂയോര്‍ക്ക് പ്രാദേശിക ഭരണകൂടം നടപ്പാക്കിയ തൊഴിലാളികളുടെ ജോലിസമയം നിജപ്പെടുത്തിയ നിയമം (ഒരു ദിവസം തൊഴിലാളിയെ പത്ത് മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാക്കിയ)(ബേക്ക്ഷോപ് ആക്റ്റ്) സുപ്രീം കോടതി 1905 ല്‍ റദ്ദ് ചെയ്തു.

സുപ്രീം കോടതിയുടെ ഈ തീരുമാനം അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ടെഡി റൂസ്വെല്‍റ്റിനെ പ്രകോപിപ്പിക്കുകയും ഈ നിയമം ജനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റം ആണെന്ന് പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം ചൂഷണ സമാനമായ സാഹചര്യം ഏറെക്കുറെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ പതനം നടന്ന ഗ്രേറ്റ് ഡിപ്രഷന്‍ കാലഘട്ടമായ 1929 വരെ തുടര്‍ന്നു.

1932 ല്‍ ഏകദേശം അറുപത് വര്‍ഷം അമേരിക്കന്‍ സാമൂഹിക തൊഴില്‍ മേഖലകളില്‍ നീണ്ടു നിന്ന കോര്‍പ്പറേറ്റ് ആധിപത്യത്തിന് തിരിച്ചടി നല്‍കിയാണ് ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് അധികാരത്തില്‍ എത്തിയത്. അമേരിക്കന്‍ ഐക്യനാടുകള്‍ അതിന്റെ യഥാര്‍ഥ അവകാശികള്‍ ആയ അമേരിക്കന്‍ ജനതക്ക് തിരികെ നല്‍കുക എന്ന് പ്രഖ്യാപിച്ച റൂസ്വെല്‍റ്റ് 'ന്യൂ ഡീല്‍ ' പദ്ധതിയിലൂടെ ജനകീയ പങ്കാളിത്തം ഭരണപ്രക്രിയയില്‍ തിരികെ കൊണ്ടുവരികയും സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ വേണ്ടി മികവില്‍ അടിസ്ഥാനപ്പെടുത്തിയ അമേരിക്കന്‍ സിവില്‍ സര്‍വീസ് നയിക്കുന്ന ഭരണനിര്‍വ്വഹണ സംവിധാനത്തിന്റെ പുനഃസ്ഥാപനം നടത്തുകയും ചെയ്തു.

എന്നാല്‍ മറ്റേത് സംവിധാനവും പോലെ അമേരിക്കന്‍ ഉദ്യോഗസ്ഥ ഭരണത്തിലും അതിന്റേതായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. 1984 ലെ സുപ്രധാനമായ 'ഷെവ്രോണ്‍ ഡെഫറന്‍സ് ' എന്ന പേരില്‍ അറിയപ്പെടുന്ന കോടതിവിധി, അമേരിക്കന്‍ കോണ്‍ഗ്രസ്സ് പാസാക്കുന്ന കൃത്യത കുറഞ്ഞ നിയമങ്ങളുടെ മേല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അഥവാ വിവിധ വകുപ്പുകള്‍ നടത്തുന്ന യുക്തമായ വ്യാഖ്യാനം തങ്ങളുടെ നിയമപരമായ തീര്‍പ്പുകള്‍ക്ക് അടിസ്ഥാനമാക്കാം എന്ന വിധി അമേരിക്കന്‍ ബ്യൂറോക്രസിക്ക് അസാധാരണമായ അമിതാധികാരം നല്‍കി.

2024 ജൂണില്‍ അമേരിക്കന്‍ സുപ്രീം കോടതി ലോപ്പര്‍ ബ്രൈറ്റ് എന്റര്‍പ്രൈസസ് വേര്‍സസ് റൈമോണ്ടോ കേസില്‍ നടത്തിയ വിധി പ്രസ്താവത്തില്‍ക്കൂടി 40 വര്‍ഷത്തോളം നിലനിന്ന ' ഷെവ്രോണ്‍ ഡെഫറന്‍സ് ' എന്ന നിയമം റദ്ദാക്കി. ഇതുവഴി കോടതികള്‍ക്ക് ദുര്‍ഗ്രഹമായ സര്‍ക്കാര്‍ നിയമങ്ങളുടെ വ്യാഖ്യാനത്തിന് ഗവണ്‍മെന്റ് ഏജന്‍സികളെ ആശ്രയിക്കേണ്ടതില്ല എന്നും നയരൂപീകരണത്തിലും , നയനിര്‍മാണത്തിലും ബ്യൂറോക്രസിയുടെ സ്വാധീനം ഗണ്യമായി പരിമിതപ്പെടുത്താനും കഴിയുന്നു.

അമേരിക്കന്‍ വികസന മുരടിപ്പും അമിതാധികാര ബ്യൂറോക്രസിയും

1860 മുതല്‍ 1970 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു, പക്ഷേ കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളില്‍ ഈ നിരക്ക് 2.7 ശതമാനം മാത്രമായി ചുരുങ്ങി. മുന്‍കാല വളര്‍ച്ചാനിരക്ക് തുടര്‍ന്നിരുന്നെങ്കില്‍ നിലവിലെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ നിന്നും 65 ശതമാനം വളര്‍ച്ചയും നിലവിലെ ജിഡിപിയില്‍ 15 ട്രില്യണ്‍ ഡോളറിന്റെ അധിക നേട്ടം കൈവരിക്കുമായിരുന്നു എന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ അമേരിക്കയുടെ സാമ്പത്തിക മുരടിപ്പിന് കാരണമായി പറയുന്നത് ഉന്നത സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി മുന്നേറുന്ന രാജ്യത്തിന് വളര്‍ച്ചയുടെ വിലങ്ങുതടിയായി നില്‍ക്കുന്നത് അമിതാധികാരവും അമിതച്ചെലവും അമിതമായ നിയമങ്ങളുടെ പ്രയോഗവും കൈമുതലായുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥ ബ്യൂറോക്രസിയുടെ അമിത സ്വാധീനവും സ്വാഭാവിക സാമ്പത്തിക പ്രക്രിയയുടെ മേലുള്ള ഗവണ്‍മെന്റിന്റെ അതിനിയന്ത്രണവും ആണ് .

അതിനിയന്ത്രണവും, പൊതുചെലവുകളും ബ്യൂറോക്രസിയുടെ സ്വാധീനം അമിതമാക്കിയപ്പോള്‍ നിയമങ്ങളുടെ ബാഹുല്യവും വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും തടസ്സമായി. ഫെഡറല്‍ കോഡ് ഓഫ് റെഗുലേഷന്‍സ് എന്ന അമേരിക്കന്‍ ബ്യൂറോക്രസിയുടെ നിയമങ്ങളുടെ സംഹിത ഇതേ കാലയളവില്‍ ഒരുപത്തിനായിരം നിയമങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തിലധികമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തരം അനവധി സങ്കീര്‍ണ്ണതകളുടെ ഫലമായി വന്‍കിട കുത്തകകള്‍ അമേരിക്കന്‍ വ്യാവസായിക മേഖലയില്‍ ഇത് വ്യവസായത്തിന്റെയും 80 ശതമാനം ഈ മേഖലയിലെ പ്രമുഖ നാല് കമ്പനികള്‍ നിയന്ത്രിക്കുന്ന സാഹചര്യം സംജാതമായി. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ട വസ്തുത, ഇത്രയധികം ബ്യൂറോക്രാറ്റിക് നിയന്ത്രണങ്ങളും, ബാഹുല്യവും ഉണ്ടാകുമോ അത്രയധികം സാമ്പത്തിക മുരടിപ്പും, വ്യാവസായിക മേഖലയിലെ കുത്തകകളും വളരും എന്നതാണ്.

ബ്യൂറോക്രാറ്റിക് അധികാരം എന്ന ഗവണ്‍മെന്റ് കുത്തകകള്‍ മൊത്തം വ്യാവസായിക മേഖലയിലും നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഏകതാന സംവിധാനങ്ങളെ സൃഷ്ടിക്കുന്നു, അതുവഴി പൊതു സമൂഹത്തിലെ ആകെയുള്ള വ്യാവസായിക , ഉല്‍പാദക, സംരഭക ചോദനകള്‍ മങ്ങുകയും ചെയ്യുന്നു.

ചൈനീസ് തത്ത്വ ചിന്തകനായ ലാവോ ത്സു 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാഷ്ട്രത്തെ ബ്യൂറോക്രാറ്റിക് അമിത നിയന്ത്രണത്തെപ്പറ്റി പ്രതിപാദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് 'ഏത് രാജ്യത്താണ് അമിതമായ ദുസ്സഹമായ നിയമങ്ങള്‍ വര്‍ദ്ധിക്കുന്നത് അവിടെ ദരിദ്രര്‍ വര്‍ദ്ധിക്കുകയും, അമിതനിയമങ്ങളുടെ പ്രദര്‍ശനം നടക്കുന്ന രാജ്യങ്ങളില്‍ കള്ളന്മാരും കൊള്ളക്കാരും വര്‍ദ്ധിക്കും ' എന്നാണ്.

ഏലോണ്‍ മസ്‌കിന്റെ ഡോജ് വകുപ്പ് വിഭാവനം ചെയ്യുന്നത് അമേരിക്കന്‍ ബ്യൂറോക്രസിയുടെ പാഴ്‌ചെലവുകളും, ഉദ്യോഗസ്ഥ ബാഹുല്യവും നിയന്ത്രിച്ചുകൊണ്ട് അത്തരത്തില്‍ വകമാറി ചെലവാക്കുന്ന തുക പൊതുവായ വികസനത്തിന് വേണ്ടി വിനിയോഗിക്കുക എന്ന അതിപ്രധാനമായ നയം നടപ്പാക്കലാണ്.

ന്യൂയോര്‍ക്ക് പോസ്റ്റില്‍, പ്രസിദ്ധീകരിച്ച പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത് അതീവ ഗുരുതരമായ ഗവണ്‍മെന്റ് ധൂര്‍ത്തിന്റെയും പൊതു ഖജനാവിലെ പണം പാഴാക്കുന്നതിന്റെയും കണക്കുകളാണ്

മരണപ്പെട്ട വ്യക്തികള്‍ക്ക് അനുവദിച്ചു കൊടുത്ത തുക 1.3 ബില്യണ്‍ ഡോളര്‍

തടവുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ആയി അനുവദിച്ച തുക 171 മില്യണ്‍ ഡോളര്‍

കൃത്യമല്ലാത്ത മെഡികെയര്‍ ക്ലെയിമുകള്‍ക്കായി അനുവദിച്ചത് 101 ബില്യണ്‍ ഡോളര്‍

2026 ലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണം ചെയ്യുന്ന തുക 70 ബില്യണ്‍ ഡോളര്‍

അധികവും കാലിയായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് വര്‍ഷം തോറും അനുവദിക്കുന്ന തുക 7 ബില്യണ്‍ ഡോളര്‍

എന്നിങ്ങനെ അനവധി വിചിത്രമായ വഴികളില്‍ കൂടിയാണ് പൊതുപണം ധൂര്‍ത്തടിക്കുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം എകദേശം 7 ട്രില്യണ്‍ ഡോളറിന്റെ ധൂര്‍ത്താണ് ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ മാത്രം അമേരിക്കയില്‍ നടക്കുന്നത്.

ഇത്തരത്തില്‍ കാലങ്ങളായി നടന്നു പോരുന്ന അനിയന്ത്രിതമായ ധൂര്‍ത്തും, ജനങ്ങള്‍ക്ക് മേലെ ബൃഹത്തായ ഒരു സര്‍ക്കാര്‍ അധികാര സംവിധാനം അടിച്ചേല്‍പിച്ചുകൊണ്ട്, നിയമങ്ങളുടെ ബാഹുല്യം കൊണ്ട്, അനവധി സര്‍ക്കാര്‍വകുപ്പുകളുടെ ആധിക്യം കൊണ്ട് പൊതു ഖജനാവ് ശോഷിപ്പിക്കുന്ന ചുവപ്പുനാടയുടെ കുരുക്കിനെ, പഴയകാലത്ത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി 'ഗോര്‍ഡിയന്‍ കുരു

ക്കിനെ ' തന്റെ വാളുപയോഗിച്ച് ഒരേയൊരു വെട്ടു കൊണ്ട് മുറിച്ച് മാറ്റിയ അതേ റാഡിക്കല്‍ രീതിയാണ് ഡോജ് എന്ന പുതിയ പരീക്ഷണം വഴി ട്രമ്പ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്. ഒരുപക്ഷേ കാലഹരണപ്പെട്ട ഭരണ ബ്യൂറോക്രസിയുടെ ആധിക്യം കൊണ്ട് വിഭവ സമാഹരണം ദുഷ്‌കരമായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പോലും ഡോജ് അനുകരണീയ മാതൃക ആയേക്കും എന്ന് തന്നെ കരുതാം.

ഒരു വലിയ റോക്കറ്റ് നിര്‍മ്മിക്കുന്നത് സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ ഒരു മേശയില്‍ നിന്ന് മറ്റൊരു മേശയിലേക്ക് ഒരു പേപ്പര്‍ അനുമതിക്കായി നീക്കുന്നതിലും ദുഷ്‌കരമാവില്ല എന്ന് ഒരു ഘട്ടത്തില്‍ ഈലോണ്‍ മസ്‌ക് തന്നെ പറഞ്ഞ വാക്കുകള്‍ ഡോജ് പദ്ധതി വിഭാവനം ചെയ്യുന്ന വെല്ലുവിളിയുടെ ആധിക്യം എടുത്തുകാട്ടുന്നു.

ആധുനിക പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന വൈജ്ഞാനീയ മേഖലയുടെ പിതാവായി കരുതുന്ന വൂഡ്രോ വില്‍സണ്‍ വിഭാവനം ചെയ്ത ആധുനിക പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ തത്വങ്ങള്‍ക്ക് ശേഷം അക്കാദമിക സമൂഹം അക്കാദമിക കൗതുകത്തോടെ ഉറ്റുനോക്കുന്ന പുതിയ അക്കാദമിക വഴിത്തിരിവ് ആയേക്കും ഡോജ് എന്ന് തന്നെ കരുതട്ടെ.

ഡോ അഭിലാഷ് ജി രമേഷ്

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പൊളിറ്റിക്കല്‍ സയന്‍സ്

9899746798