പ്രവീണ്‍ രവി

കേരളം നിരവധി അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ സംസ്ഥാനമാണ്. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അന്ധവിശ്വാസങ്ങളെ ഇവിടെ പൊതുവില്‍ എതിര്‍ക്കുകയോ വിമര്‍ശനാത്മകമായി ചര്‍ച്ചചെയ്യുകയോ ചെയ്യാറില്ല. എന്നാല്‍ മത അന്ധവിശ്വാസങ്ങളെപ്പോലെ മതേതര അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്ത സംഘടനയായ എസന്‍സ് ഗ്ലോബല്‍ ഒക്ടോബര്‍ 12ന് കോഴിക്കോട് നടത്താന്‍ പോകുന്ന വാര്‍ഷിക സമ്മേളനം ലിറ്റ്മസ്'24 ല്‍ സാമ്പത്തിക അന്ധവിശ്വാസങ്ങളും ചര്‍ച്ചയാകും. സാമ്പത്തിക വളര്‍ച്ച ഇന്ത്യയും കേരളവും എന്ന വിഷയത്തില്‍ കെ ജെ ജേക്കബ്, മിഥുന്‍ വി പി എന്നിവര്‍ക്കൊപ്പം ഞാനും പങ്കെടുക്കുന്നുണ്ട്.

കേരളത്തിന്റെ നേട്ടങ്ങളുടെ കുത്തക കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനല്ല

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വികസന സൂചികകളില്‍ മെച്ചപ്പെട്ട ഇടം പിടിക്കാറുണ്ട്. ഇത് സ്ഥായിയായി തുടരുകയും ചെയ്യുന്നു. എന്നാല്‍ ഇത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളം ഭരിച്ചതു കൊണ്ടാണ് എന്ന രീതിയില്‍ ഈ നേട്ടത്തിന്റെ കുത്തക അവകാശം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുപക്ഷ പാളയത്തിലുള്ളവരും ഇടതുപക്ഷ സാമൂഹിക പ്രവര്‍ത്തകരും സൈദ്ധാന്തികരും. എന്നാല്‍ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രമാണ് കേരളത്തെ മികച്ചത് ആക്കിയത് എങ്കില്‍, ബംഗാളും ത്രിപുരയും ഒക്കെ കേരളത്തെപ്പോലെ മെച്ചപ്പെട്ടേനെ വികസന സൂചികകളില്‍ ഇടം പിടിച്ചേനെ. അടിസ്ഥാനപരമായി ഇവിടെ മനസ്സിലാക്കേണ്ടത് കേരളം എന്ന സംസ്ഥാനം ക്രിസ്ത്യന്‍ മിഷനറിമാരുടെ കാലഘട്ടം മുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസത്തിലും ഇന്ത്യയിലെ ഏതു സംസ്ഥാനത്തേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. മിഷനറിമാര്‍ മതം പ്രചരിപ്പിക്കാന്‍ ആണെങ്കിലും ഇവിടെ ആരംഭിച്ച സ്‌കൂളുകള്‍, കോളേജുകള്‍ ഒക്കെ വലിയ രീതിയില്‍ കേരള സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്.

1970കളിലൊക്കെ കേരളം ഒരുദരിദ്ര സംസ്ഥാനം തന്നെയായിരുന്നു എന്നാല്‍, അഭ്യസ്തവിദ്യരായ കേരളത്തിലെ ആളുകളെ തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും തൊഴില്‍ സാധ്യതകള്‍ എത്താന്‍ തുടങ്ങി. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് തന്നെ തിരു-കൊച്ചി പ്രദേശങ്ങളില്‍ സാക്ഷരതാ നിലവാരം വളരെ കൂടുതലും മലബാര്‍ പ്രദേശങ്ങളിലേക്ക് ചെല്ലുമ്പോള്‍ സാക്ഷരത നന്നേ കുറവായിരുന്നു എന്നും നമുക്ക് കാണാന്‍ സാധിക്കും. ഗള്‍ഫ് കുടിയേറ്റങ്ങള്‍ വഴി പണം ഉണ്ടാക്കിയത് കൊണ്ട് തന്നെ പലപ്പോഴും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മണി ഓര്‍ഡര്‍ സമ്പദ് വ്യവസ്ഥ എന്നുപോലും പറയാറുണ്ട്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് വിദേശ രാഷ്ട്രങ്ങളില്‍ നിന്നും പണം ലഭിക്കാന്‍ തുടങ്ങിയതോടുകൂടി ആശുപത്രികളും മറ്റു സ്ഥാപനങ്ങളും രൂപീകരിക്കപ്പെട്ടു.

ഇത്തരത്തില്‍ വിവിധ ശ്രോതസ്സുകളില്‍ നിന്നും കേരളത്തിലേക്ക് പണം ഒഴുകുകയും ഇത് കേരളത്തിന്റെ ജി.ഡി.പിയില്‍ സ്വാധീനം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ മേഖലകളില്‍ നിന്നുള്ള ഒഴുക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിച്ചതോടെ, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് നിക്ഷേപം നടത്താനായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാര്‍വത്രികമായ ലഭ്യതയാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അന്നും ഇന്നും വ്യത്യസ്തമാക്കുന്നത്. ഈ സ്വാഭാവികമായ നേട്ടങ്ങളെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മാത്രം കുത്തകയാക്കുന്നത് നീതികേടാണ്. ഇടത് സര്‍ക്കാര്‍ മാത്രം ഭരിച്ചിരുന്നെങ്കില്‍, കൂലിപ്പണി തിരഞ്ഞ് ബംഗാളികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയതുപോലെനമ്മള്‍ പോകേണ്ടി വന്നേനെ. ഇടത് വലത് സര്‍ക്കാരുകള്‍ മാറി ഭരിച്ചതിനാല്‍ അത്തരത്തില്‍ ഒരു ദുര്യോഗം മലയാളികള്‍ക്ക് ഉണ്ടായില്ല.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ച ട്രേഡ് യൂണിയനുകള്‍

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായാണ് ട്രേഡ് യൂണിയനുകള്‍ സ്ഥാപിക്കപ്പെടുന്നത്. ഒരു സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ട്രേഡ് യൂണിയനുകള്‍ ഗുണപ്രദം ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കേരളത്തില്‍ അവസ്ഥ വിഭിന്നമാണ്. അധികാരികള്‍ക്ക് അധികാരം കയ്യാളാനുള്ള ആയുധമാണ് ഇവിടുത്തെ ട്രേഡ് യൂണിയനുകള്‍. കേരളത്തില്‍ വന്നിട്ടുള്ള വികസനാത്മകമായ പല സംരംഭങ്ങളും, തങ്ങളുടെ പാര്‍ട്ടിക്ക് ഇഷ്ടമല്ല എങ്കില്‍ വലിയ രീതിയില്‍ എതിര്‍ക്കുക, ആ പദ്ധതിയെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന പ്രവര്‍ത്തന സംസ്‌കാരമാണ് ഇവിടെയുള്ള ട്രേഡ് യൂണിയനുകള്‍ പുലര്‍ത്തുന്നത്.






ഭരണകക്ഷി - പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ ട്രേഡ് യൂണിയനിസം കേരളത്തില്‍ വരുന്ന സംരംഭങ്ങളെ എതിര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് തന്നെ നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇത്തരം മാഫിയ രീതികളെ അതിജീവിക്കുന്നത് ആളുകള്‍ രാഷ്ട്രീയമായി വലിയ രീതിയില്‍ സ്വാധീനശേഷിയുള്ള വ്യവസായികള്‍ക്ക് മാത്രമാണ്. ട്രേഡ് യൂണിയന്‍ ഗുണ്ടായിസം ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് ഇടത്തരം വ്യവസായികളെ തന്നെയാണ്. വലിയ സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കേരളം വിട്ടു പോകുന്ന സ്ഥിതിവിശേഷം മലയാളികള്‍ക്ക് പുതിയതല്ല. വി ഗാര്‍ഡ്, കിറ്റക്‌സ് പോലെയുള്ളവ ഇതിന് ഉദാഹരണങ്ങളാണ്.

അതേപോലെ ഒരുകാലത്ത് കയര്‍, കശുവണ്ടി വ്യവസായത്തിലും, അതിന്റെ കയറ്റുമതിയിലൊക്കെ വന്‍ മുന്നേറ്റം നടത്തിയിരുന്ന ആലപ്പുഴ ജില്ലയൊക്കെ ഇന്ന് ഏറെ പിറകോട്ട് പോയി. ട്രേഡ് യൂണിയന്‍ ഗുണ്ടായിസത്തിലൂടെ ഈ പ്രദേശങ്ങളിലൊക്കെ സാമ്പത്തിക മൂല്യ ശോഷണം സംഭവിച്ചു. ഇത് തിരുത്താതെ നമുക്കിനി അതിജീവിക്കാന്‍ ആവില്ല. നിലവില്‍ കേരളത്തിന്റെ ആകെ സാമ്പത്തിക മേന്മ ഉപഭോക്താവിന്റെ വാങ്ങല്‍ ശേഷി കൊണ്ടുള്ള മെച്ചമാണ്. സാമൂഹിക - മാനവ വിഭവ ശേഷി ഉണ്ടായിട്ടും, വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം കാലില്‍ വളരാന്‍ കേരളത്തിന് ഇതുവരെ സാധിക്കാത്തത് സോഷ്യലിസത്തോടുള്ള അതീവ ചായ്വും, ട്രേഡ് യൂണിയന്‍ ഗുണ്ടായിസവും കാരണമാണ്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി

കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒരുദിവസം കൊണ്ട് സംഭവിച്ചതല്ല. മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ ഉപേക്ഷയും നിരുത്തരവാദിത്തവുമാണ് കാരണം. ഈ വിഷയങ്ങളെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ എന്നേ പരാജയപ്പെട്ടു. കിട്ടാനുള്ള നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നില്ല എന്നത് വളരെ വലിയ വീഴ്ചയാണ്. അതേസമയം അധ്വാനം ഒന്നുമില്ലാതെ നികുതി പണം ലഭിക്കാന്‍ സാധ്യതയുള്ള മദ്യം, ലോട്ടറി,പെട്രോള്‍ എന്നിവിടങ്ങളില്‍ നിന്നായി അമിതമായി നികുതികള്‍ പിരിക്കുന്നുമുണ്ട്.

കൃത്യമായി ഓരോ വര്‍ഷവും പിരിച്ചെടുക്കാത്ത നികുതികള്‍ കേരളത്തിന് നഷ്ടപ്പെടുകയാണ്. അതേസമയം ചെലവ് അനിയന്ത്രിതമാണ്. ഒന്നു നോക്കിയാല്‍ കേരളത്തിന്റെ പ്രധാന വരുമാനമേഖല എന്നു പറയുന്നത് ഉപഭോക്തൃ (രീിൗൊലൃ) മേഖലയാണ്. അതേസമയം കേരളത്തില്‍ ഉല്‍പാദനമേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സേവന മേഖലകള്‍, അവയില്‍നിന്ന് രൂപീകരിക്കപ്പെടേണ്ട നികുതികള്‍ എന്നിവ കേരളത്തില്‍ ഇല്ല എന്ന് തന്നെ പറയാം. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒക്കെ സംസ്ഥാന ജി.എസ്.ടിയില്‍ മുഖ്യദാതാവ് സേവന മേഖലയില്‍ നിന്നുള്ള നികുതികളാണ്.

ഇതിനൊക്കെപ്പുറമെ നമ്മുടെ ഇന്‍ഫോപാര്‍ക്ക്, ടെക്‌നോപാര്‍ക്കും പോലെയുള്ള സ്ഥലങ്ങളൊക്കെ പ്രത്യേക സാമ്പത്തിക മേഖലയിലാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള വരുമാനത്തിന് ജി.എസ്.ടി വരുമാനമുണ്ടാവാനുള്ള സാധ്യതയില്ല. ടൂറിസം മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉള്ള സംസ്ഥാനമായിട്ടുപോലും, അവയില്‍ നിന്നും വേണ്ടത്ര വരുമാനം ഉണ്ടാക്കാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. നിരവധി നിയന്ത്രണങ്ങളും, സാമൂഹിക കപട സദാചാരവുമൊക്കെ ടൂറിസം വളരുന്നതിലെ വിലങ്ങുതടിയാണ്.




മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളെ വിട്ട് ഇവിടെയുള്ള യുവജനങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നത് നിലവിലെ സാമൂഹിക ക്രമമായി മാറിയിരിക്കുകയാണ്. ഗള്‍ഫ് മണി നാട്ടിലെത്തുമായിരുന്നു എങ്കില്‍, യൂറോപ്യന്‍ രാജ്യത്തിലെ കുടിയേറ്റങ്ങള്‍ ചെറുപ്പക്കാര്‍ തിരികെ വരാത്ത കുടിയേറ്റങ്ങളാണ്. പണമൊഴുകില്ല എന്ന് സാരം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇനിയുള്ള നിയമനിര്‍മ്മാണത്തിലും നയരൂപീകരണത്തിലും കൃത്യമായ ആസൂത്രണം നടത്താതെ കേരളത്തിന്റെ നിലവിലെ ദരിദ്ര സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ല.