ന്യൂഡല്‍ഹി: വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്രയുടെ സ്വതന്ത്ര്യദിന സമ്മാനമായി ഥാറിന്റെ പുതിയ പതിപ്പ് എത്തി. പ്രഖ്യാപനം വന്ന നാള്‍ മുതല്‍ക്കു തന്നെ പുതിയ പതിപ്പിന്റെ സവിശേഷതകള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു വാഹനപ്രേമികള്‍.ഇന്ത്യയുടെ 78 -ാം സ്വതന്ത്ര്യദിനാഘോഷം കളറാക്കിയാണ് ആനന്ദ് മഹീന്ദ്രയും കൂട്ടരും ഥാര്‍ പുതിയ മോഡല്‍ ലോഞ്ച് ചെയ്തത്.റോക്‌സ് എന്നു പേരുനല്‍കിയിരിക്കുന്ന ഥാറിന്റെ 5 ഡോര്‍ പതിപ്പ് ബുധനാഴ്ചയാണ് മഹീന്ദ്ര ഔദ്യോഗികമായി വെളിപ്പെടുത്തിയത്.കുറഞ്ഞ വിലയും, ഉയര്‍ന്ന സവിശേഷതകളും കൊണ്ട് സമ്പന്നമാണ് ഈ പുത്തന്‍ ഥാര്‍.

എസ്യുവിയുടെ എന്‍ട്രി ലെവല്‍ എംഎക്‌സ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 12.99 ലക്ഷം രൂപ മാത്രമാണ് എക്‌സ്‌ഷോറൂം വില. ഇത്തവണ മോഡലിന്റെ ഡീസല്‍ വേരിയന്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.എംഎക്‌സ് ഡീസല്‍ മാനുവല്‍ വേരിയന്റിന് 13.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.റോക്സ് മോഡലിന്റെ പ്രാരംഭ വില, 3 ഡോര്‍ പതിപ്പിനേക്കാള്‍ ഏകദേശം 1.64 ലക്ഷം കൂടുതലാണ്. എന്നാല്‍ 5 ഡോര്‍ പതിപ്പ് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ വില വര്‍ധന ഉപയോക്താക്കളെ നിരാശരാക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.വാഹനത്തിന്റെ ചിത്രങ്ങളും മറ്റും ഇതോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഓട്ടോകാര്‍ റിപ്പോര്‍ട്ട് പ്രകാരം, എല്‍ഇഡി ലൈറ്റുകളും, ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ പോലുള്ള ആവേശകരമായ പുതിയ സവിശേഷതകളാല്‍ റോക്‌സ് ശ്രദ്ധ ആകര്‍ഷിക്കുന്നു.അടിസ്ഥാന മോഡലുകളില്‍ തന്നെ ഇത്തരം മിനുക്ക് പണികള്‍ ഉപയോക്താക്കള്‍ക്കു കാണാന്‍ സാധിക്കും. 18 ഇഞ്ച് സ്റ്റീല്‍ ചക്രങ്ങളാണ് റോക്‌സിന് കമ്പനി നല്‍കിയിട്ടുള്ളത്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, 60:40 സ്പ്ലിറ്റ് ഫോള്‍ഡിംഗ് റിയര്‍ ബെഞ്ച് സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, പിന്‍ യുഎസ്ബി സി പോര്‍ട്ട് എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകള്‍ തന്നെ.

സുരക്ഷയുടെ കാര്യത്തിലും റോക്‌സ് ഒരുപടി മുന്നിലാണ്. എംഎക്‌സ് 1 വേരിയന്റില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, കൂടാതെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഉറപ്പാക്കുന്നു. ഈ ബേസ് വേരിയന്റില്‍ 162 എച്ച്പി പവറും, 330 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗിയര്‍ ബോക്‌സ് മാനുവല്‍ ആണ്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 152 എച്ച്പി പവറും, 330 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഗിയര്‍ ബോകസ് മാനുവല്‍ തന്നെ.

എന്‍ജിന്റെ സവിശേഷതകള്‍

2009 മുതല്‍ മഹീന്ദ്ര വിവിധ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന mHawk എന്‍ജിന്‍ തന്നെയാണ് ഥാര്‍ റോക്‌സിലും.സ്മൂത്തായ ഡ്രൈവിങിനൊപ്പം കാര്യക്ഷമതക്കും കരുത്തിനും പേരുകേട്ട എന്‍ജിനാണിത്. mHawk Gen2 ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സില്‍. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 150 എച്ച്പി മുതല്‍ 172 എച്ച്പി വരെ കരുത്തും 330എന്‍എം മുതല്‍ 380എന്‍എം വരെ പരമാവധി ടോര്‍ക്കും വിവിധ മോഡലുകള്‍ക്കായി പുറത്തെടുക്കും.

സ്‌കോര്‍പിയോ എന്‍, എക്‌സ് യു വി 700 എന്നിവയില്‍ ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു എന്‍ജിന്‍ ഓപ്ഷന്‍.എന്‍ട്രി ലെവല്‍ മോഡലില്‍ 160 എച്ച്പി കരുത്തും 330എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വകഭേദത്തില്‍ ഇതേ എന്‍ജിന്‍ 175എച്ച്പി കരുത്തും 380എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക.

എന്തുകൊണ്ട് ഥാര്‍ റോക്സ്

ഒരോ പുതിയ മോഡല്‍ വരുമ്പോഴും ആദ്യം ഉയരുന്ന ചോദ്യം എന്തുകൊണ്ട് പുതിയ മോഡല്‍ അല്ലെങ്കില്‍ അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയന്നാണ്.ഡോറുകളുടെ എണ്ണം കൂടുന്നതോടെ വാഹനം കൂടുതല്‍ ഫാലിമി ഫ്രണ്ട്‌ലിയാവുമെന്നതാണ് ആദ്യത്തെ പ്രത്യേകത. കൂടുതല്‍ വലിയ വീല്‍ബേസാണ് ഥാര്‍ 5 ന്.

പുതിയ ഥാര്‍ റോക്‌സിന്റെ ഗ്രില്‍ ഡബിള്‍ സ്റ്റാക്ഡ് സിക്‌സ് സ്ലോട്ട് ഡിസൈനിലാണ് വരുന്നത്. 3 ഡോര്‍ ഥാറില്‍ ഇത് സെവന്‍ സ്ലോട്ട് വണ്‍ ഡിസൈനിലായിരുന്നു. ഥാറിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകളിലൊന്നായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ് തുടരുന്നുണ്ട്. എന്നാല്‍ എല്‍ഇഡി പ്രൊജക്ടര്‍ ലാംപും പുതിയ ഇ രൂപത്തിലുള്ള ഡിആര്‍എല്ലുകളുമാണ് 5 ഡോര്‍ ഥാറിലുണ്ടാവുക.

സ്‌കോര്‍പിയോ എന്നിലെ ലാഡര്‍ ഫ്രെയിം ചേസിസിനോടാണ് പുതിയ ഥാറിന് സാമ്യത കൂടുതല്‍. സ്‌കോര്‍പിയോ എന്നിന്റെ സസ്‌പെന്‍ഷനും പുതിയ ഥാറിലേക്കെത്തുന്നതോടെ റോഡിലെ പ്രകടനം മെച്ചപ്പെടും.

സവിശേഷതകള്‍

സവിശേഷതകളുടെ കാര്യത്തിലും ഥാര്‍ റോക്സ് മുന്നിട്ട് നില്‍ക്കും.കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് ആന്റ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്ഹോള്‍സറി, റിയര്‍ എസി വെന്റുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ഇത്രയേറെ ഫീച്ചറുകളും വലിപ്പവും ഡോറുകളുടെ എണ്ണവും കൂടുമെങ്കിലും ഥാര്‍ റോക്‌സ് 5 സീറ്റര്‍ വാഹനം തന്നെയായിരിക്കും. രണ്ടാം നിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. നടുവിലായി ആംറെസ്റ്റുകളും നല്‍കിയിരിക്കുന്നു. വലിപ്പം വര്‍ധിച്ചതിനൊപ്പം വാഹനത്തിന്റെ ബൂട്ട് സ്‌പേസിലും വര്‍ധനവുണ്ടായിട്ടുണ്ട്. 3 ഡോര്‍ ഥാറിന്റെ ഈ പരിമിതിയും പുതിയ 5 ഡോര്‍ ഥാര്‍ റോക്‌സ് മറികടക്കുന്നു.

ഥാറിന്റെ 5 ഡോര്‍ പതിപ്പ് കൂടി എത്തിയതോടെ ഇനി ആരാധകരുടെ കാത്തിരിപ്പ് ഇലക്ട്രിക് പതിപ്പിനായാണ്.കമ്പനിയില്‍ നിന്നു വന്‍ പ്രതീക്ഷകളാണ് ഉപയോക്താക്കള്‍ക്കുള്ളത്.കമ്പനി തന്നെ പുറത്തുവിട്ടിട്ടുള്ള ഡിസൈന്‍ കണ്‍സപ്റ്റുകളാണ് ഇതിന് പ്രധാനകാരണം. ഹോളിവുഡ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടു പരിചയച്ചിട്ടുള്ള രീതിയിലാണ് ഈ മോഡലിന്റെ ചിത്രങ്ങള്‍.