- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതി, പ്രണയം, മൂന്നാര്‍: ഒരു യാത്രാ അനുഭവം
പ്രകൃതി, പ്രണയം, മൂന്നാര്‍: ഒരു യാത്രാ അനുഭവം
ബിജു വി ചാണ്ടി
മുതിര പുഴയാറിന്റെ ഓരത്തെ ബ്രിട്ടീഷ് ബംഗ്ലാവിനു പിന്നിലെ കുന്നിന്‍ മുകളിലേയ്ക്കുള്ള, തേയില ചെടികള്‍ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞുള്ള ചെമ്മണ്‍ പാതയില്‍ ആ പ്രഭാതത്തില്‍ ഒരു കുതിരക്കുളമ്പടിശബ്ദം കേട്ടു തേയില നുള്ളുന്ന തമിഴ് തൊഴിലാളി സ്ത്രീകളും അവരുടെ കാണിക്കാരന്‍ മാരിയപ്പനും ആകാംഷയോടെ വഴിലേയ്ക്ക് നോക്കി. വെള്ള നിറമുള്ള ഷര്‍ട്ടും, മുട്ടോളമെത്തുന്ന പാന്റും ധരിച്ച് ഒരു കയ്യില്‍ തന്റെ കുതിരയുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ച് നടന്നാണ് ഹെന്‍ട്രി സായിപ്പ് കയറി വരുന്നത്
വിക്ടോറിയന്‍ കാലത്ത് സാധാരണമായിരുന്ന കാല്‍പ്പാദം വരെ നീളുന്ന വെളുത്ത ഗൗണും പഫ് ബ്ലൗസും റോസ് നിറമുള്ള അലങ്കാര പൂക്കള്‍ തുന്നിച്ചേര്‍ത്ത വെള്ള നിറമുള്ള തൊങ്ങല്‍ തൊപ്പിയും വെളുത്ത കയ്യുറകളും ധരിച്ച കുലീനയും സുന്ദരിയുമായ ഒരു ബിലാത്തി യുവതി കുതിരപ്പുറത്ത് ഉണ്ട് .
സര്‍ ഹെന്റി മാന്‍സ്ഫീല്‍ഡ് നൈറ്റ് എന്ന പ്ലാന്റേഷന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ നവവധു
എലേനര്‍ ഇസബെല്‍ മെയ്യുമാണ് അത് .
കൗതുകത്തോടെയും ആകാഷയോടെയും നോക്കി നില്‍ക്കുന്ന തൊഴിലാളി സ്ത്രീകളെ തെല്ലൊരു അപരിചിതത്വം പോലുമില്ലാതെ കൈവീശി പുഞ്ചിരിച്ചു കൊണ്ട് ഉന്മേഷവതിയായി ആയാണ്
എലേനര്‍ ആകുതിരപ്പുറത്തിരുന്നത്.
''നമ്മ ഹെന്‍ട്രി സായിപ്പ് തിരുമണം പണ്ണറതക്ക് താ ഊരുക്ക് പോനത്.
പുതു പൊന്നേ പാക്കരുത്തുക്ക് എന്ന അളകാറുക്ക് ?
സെവപ്പാ രത്തം തൊട്ട് എടുക്കരമാതിരി മുഖം.
പാത്താ അപ്പടിയെ രാസാത്തി മാതിരി ഇറുക്ക്. ' '
മലഞ്ചെരുവില്‍ തേയില നുള്ളിക്കൊണ്ടിരുന്ന രാച്ചിയമ്മ അടുത്തു നിന്ന മല്ലികയോട് അടക്കം പറഞ്ഞു.
' റാസാത്തിയില്ലേനാക്കൂടെ ബ്രിട്ടണിലെ പെരിയ പ്രഭു കുടുംബത്തിലെ പുറന്ത പൊന്നു,
മാനേജരു സായിപ്പിനെ പാത്തു പുടിച്ചു വീട്ടിലെ ഗലാടെ പണ്ണി തിരുമണം പന്നത് '
അതുകേട്ട് കാണിക്കാരന്‍ മാരിയപ്പന്‍ തിരുത്തി .
'അപ്പടിയാ , പെരിയ വീട്ട് പെണ്ണ് എന്ന് നിനക്കമേ ന്മക്കിട്ടെല്ലാം റോംബ പാസമ പേശത്തുക്കം പഴകരുതൂക്കും അവള്‍ക്ക് നല്ലാ തെരിയും'
മല്ലികയും സംഭാഷാണത്തില്‍ പങ്കാളിയായി.
മൂന്നാര്‍ CSI ചര്‍ച്ചിലെ കപ്യാര്‍ സെല്‍വം
എലേനര്‍ എലിസബത്ത് മെയ് ടെ കഥ പറഞ്ഞു തരുമ്പോള്‍ ഞാന്‍ മനസ്സില്‍ ഇങ്ങനെ ഓരോന്നു പൂരിപ്പിച്ചു കൊണ്ടിരുന്നു .
സഹോദരനും സഹയാത്രികനുമായ Mathaichen Manalipparampil നൊപ്പം ഇടുക്കിയിലെ വശ്യ ഭംഗി നുകരാനിങ്ങുമ്പോള്‍ മൂന്നാറിലേയ്ക്ക് പോകണം എന്ന പദ്ധതി ഉണ്ടായിരുന്നില്ല.
'മൂന്നാറില്‍ എന്നാ കാണാനാ '
എന്നു പറഞ്ഞ് പലരും പിന്തിരിപ്പിച്ചിട്ടുള്ളതിനാല്‍ പലപ്പോഴും ആ കാഴ്ച മാറ്റിവെയ്ക്കപ്പെട്ട ഒന്നായിരുന്നു .
മത്തായിച്ചന്റെ ബൈക്കില്‍ പുറപ്പെട്ട് പൂപ്പാറയില്‍ സ്റ്റേ ചെയ്ത് അതിരാവിലെ മൂന്നാറിലേയ്ക്ക് ഞങ്ങള്‍ പുറപ്പെട്ടു
പ്രഭാതത്തില്‍ പൂപ്പാറയില്‍ നിന്ന് ഗ്യാപ്പ് റോഡ് വഴി മൂന്നാറിലേയ്ക്ക് സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അത് മനം നിറയ്ക്കുന്ന കാഴ്ചകള്‍ക്കൊണ്ട് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും .
ഇരുവശവും പച്ച വിതാനിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും സൂര്യരശ്മികള്‍ തട്ടുമ്പോള്‍ കോടമഞ്ഞിന്റെ ഇടയിലൂടെ തല ഉയര്‍ത്തി നമ്മളെ നോക്കി നില്‍ക്കുന്ന സഹ്യ ശൈലങ്ങളും താഴ്വരകളും ആനയിറങ്കലിലെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചാനുഭവും സമ്മാനിച്ച് സഞ്ചാരികളെ പ്രകൃതി വിസ്മയിപ്പിക്കും '
ഇത്രയും സുന്ദരമായ സ്ഥലത്തെയാണ് സന്ദര്‍ശിക്കാതെ അവഗണിച്ചെതെന്നോര്‍ത്തപ്പൊള്‍ തെല്ലൊരു മനസ്താപം തോന്നാതിരുന്നില്ല
പകര്‍ത്തി വെയ്ക്കുന്ന ചിത്രങ്ങങ്ങള്‍ കൊണ്ടോ, വാക്കുകള്‍കൊണ്ടോ വിശദീകരിക്കാന്‍ സാധിക്കാത്ത അനിര്‍വ്വചനീയമായ അനുഭൂതികള്‍ യാത്രകളില്‍ നമുക്കുണ്ടാവും .
ഗ്യാപ്പ് റോഡിലൂടെയുള്ള ബൈക്ക് യാത്രയില്‍ നനുനനുത്ത മഞ്ഞിന്റെ സ്പര്‍ശനമേറ്റുവാങ്ങി, തണുത്ത കാറ്റും പ്രഭാതവും നല്‍കിയ ഉന്മേഷത്തോടെ ഓള്‍ഡ് മൂന്നാറില ഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട ദേവാലയിത്തിലേയ്ക്കാണ് ആദ്യമെത്തിയത് .
സ്‌കോട്ടിഷ് ഗോഥിക്ക് ശൈലില്‍ നിര്‍മ്മിച്ചിട്ടുള്ള CSI പള്ളി ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും വാസ്തുശൈലിയുടെ മികവുകൊണ്ട് ആരേയും ആകര്‍ഷിക്കുന്നതാണ്
പള്ളിയും പരിസരവും ഞങ്ങള്‍ ചുറ്റി നടന്നു കണ്ട ശേഷം മുകളിലെ ബ്രിട്ടീഷ് സിമിത്തേരിയിലേയ്ക്കുള്ള വഴിയില്‍ എത്തി .
സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല എന്ന ബോഡ് കണ്ടു എങ്കിലും അച്ചനോട് പെര്‍മിഷന്‍ വാങ്ങി പോകാം എന്നു കരുതി .
ഞായറാഴ്ച ആയിരുന്നതു കൊണ്ട് അച്ചന്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇടവകക്കാരായ ചിലരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അച്ചന്റെ അരികിലെത്തി ഞങ്ങള്‍ അനുവാദം ചോദിച്ചു .
'സോറി അങ്ങോട്ടു പോകാന്‍ അനുവാദം തരാന്‍ കഴിയില്ല ഫോറസ്റ്റു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലക്കുണ്ട് '
എന്നു പറഞ്ഞ് അച്ചന്‍ ഞങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചു .
ഇവിടെ വരെ വന്നിട്ട് ഒരു പാടു കേട്ടിട്ടുള്ള ഇംഗ്ലീഷ് സിമിത്തേരി കാണാതെ മടങ്ങാന്‍ എനിക്ക് മനസ്സു വന്നില്ല .
അച്ചന്‍ ഫ്രീയായിട്ട് ഒന്നുകൂടി ചോദിക്കാം എന്നു കരുതി വീണ്ടും ഞങ്ങള്‍ ' അവിടെ കറങ്ങി നടന്നു .
ഒന്നേകാല്‍ നൂറ്റാണ്ട് നിരവധി മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും , സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ദേവാലയം ഒരു പ്രണയസ്മാരകം കൂടിയാണ് എന്നറിയുമ്പോളാണ് സഞ്ചാരികളെ കൂടുതല്‍ ആകാംഷഭരിതരാക്കുന്നത്
AD 1600 ലാണ് ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള പൗരസത്യദേശങ്ങളുമായി കച്ചവടം ചെയ്യാന്‍ അന്നത്തെ എലിസബത്ത് രാജ്ഞി അനുവാദം നല്‍കിയത് '
AD 1608 ഗുജറാത്തില സൂറത്തിലാണ് ആദ്യത്തെ കമ്പനി കപ്പല്‍ തീരമണഞ്ഞത് '
പട്ടും, പരുത്തിയും .വെടിയുപ്പും നീലയമരിയും , തേയിലയുമൊക്കെ
കച്ചവടം ചെയ്യാനെത്തിയ ബ്രട്ടീഷുകാര്‍ മുഗള്‍രാജക്കന്മാരുമായി കരാറിലേര്‍പ്പെട്ട് വ്യാപാരത്തിന് അനുവാദം വാങ്ങുകയും രാജ്യത്തിന്റെ പല കോണിലും പാണ്ടികശാലകള്‍ നിര്‍മ്മിക്കുകയും ചെയ്തു .
തെക്കെ ഇന്ത്യയില്‍ തമിഴ്‌നാട്ടിലായിരുന്നു പ്രധാനമായും അവരുടെ താവളം . പക്ഷേ യൂറോപ്പിലേ തണുപ്പുള്ള കാലവസ്ഥയില്‍ ജീവിച്ചിരുന്നവര്‍ക്ക്
തമിഴ്‌നാട്ടിലെ ചൂട് സഹിക്കാന്‍ പ്രയാസമായിരുന്നതിനാല്‍ സ്വോഭാവികമായും തണുപ്പുള്ള ഇടങ്ങള്‍ കണ്ടെത്തി വേനല്‍ക്കാല വസതികള്‍ നിര്‍മ്മിച്ച് തമ്പടിക്കാന്‍ ശ്രമിച്ചു .
അങ്ങനെയാണ് കൊടൈക്കനാലും മൂന്നാറും കുട്ടിക്കാനവും ഒക്കെ ബ്രിട്ടിഷ് സെറ്റില്‍മെന്റുകള്‍ ആകുന്നത്
മുതുവാന്‍ എന്ന ആദിവാസി വിഭാഗക്കാര്‍ മാത്രം പാര്‍ത്തിരുന്ന മൂന്നാര്‍ പൂഞ്ഞാര്‍ രാജവംശത്തിന്റെ കയ്യിലായിരുന്നത്രേ
തിരുവതാകൂറ് അക്രമിക്കാന്‍ ടിപ്പു സുല്‍ത്താന്‍ പദ്ധതിയിട്ട കാലത്ത് മൂന്നാറിലേയ്ക്കും സുല്‍ത്താന്റെ ശ്രദ്ധ പതിഞ്ഞു .
ടിപ്പുവിനെ പ്രതിരോധിക്കാനാണ് ബ്രട്ടീഷു പട്ടാളം ആദ്യമായി മൂന്നാറിലെത്തിയത്
ടിപ്പുവിനെ മൂന്നാറില്‍ നിന്ന് തുരത്തിയെങ്കിലും ബ്രട്ടീഷുകാര്‍ പൂഞ്ഞാര്‍ രാജാവുമായി കരാറിലേര്‍പ്പെടുകയും മൂന്നാറില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുകയും . ചെയ്തു .
തുടര്‍ന്ന് മൂന്നാറിന്റെ കാലാവസ്ഥയ്ക്കനുയോജ്യമെന്ന് മനസ്സിലാക്കി തേയിലയും ഇംഗ്ലീഷ് വെജിറ്റബിള്‍സും കൃഷി ചെയ്യുകയും എസ്റ്റേറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.
.
ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പള്ളിയുടെ പരുപരുത്ത കരിങ്കല്‍ ഭിത്തിയില്‍ വിരലോടിച്ച് ഇംഗ്ലീഷ് ചരിത്രത്തിന്റ നാള്‍ വഴികള്‍ ആലോചിച്ച് കുറേ സമയം അവിടെ ചിലവഴിച്ചു .
അച്ചന്റെ തിരക്കൊഴിഞ്ഞപ്പോള്‍ അടുത്ത ശ്രമത്തിനായി വീണ്ടും ഞാന്‍ സമീപിച്ചു .
'അച്ചാ വളരെ ദൂരെ നിന്നാണ് ദയവായി സിമിത്തേരിയില്‍ പോകാന്‍ അനുവദിക്കണം എന്നു പറഞ്ഞു. '
'ലണ്ടനില്‍ നിന്നു വന്നവരെ പോലും ഞാന്‍ അങ്ങോട്ട് കയറ്റി വിടാറില്ല നിങ്ങള്‍ക്കു വേണ്ടി നിയമം മാറ്റാനൊന്നും സാധിക്കില്ല'
അല്പം പരുഷമായിത്തനെ അച്ചന്‍ പറഞ്ഞു .
ഞങ്ങളുടെ മുഖത്തെ നിരാശയും നീരസവും കണ്ടിട്ടാവണം അച്ചന്‍ മടങ്ങിയ ശേഷം വര്‍ഷങ്ങളായി മൂന്നാര്‍ പള്ളിയുടെ കപ്യാരായി സേവനം ചെയ്യുന്ന സെല്‍വം ഞങ്ങളുടെ അരികിലേയ്ക്ക് വന്നത് .
'എവിടുന്നാ വന്നത് 'എന്നും മറ്റും ചോദിച്ച് പരിജയപ്പെട്ട ശേഷം സെല്‍വം സെമിത്തേരിയിലെ വന്യമൃഗ ശല്യത്തേപ്പറ്റിയും അങ്ങോട്ട് കയറി പോയാലുണ്ടാകുന്ന ഭവിഷ്യത്വകളേക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു
പള്ളികളില്‍ കപ്യാര്‍മാരായി ശിശ്രൂഷ ചെയ്യുന്ന മനുഷ്യര്‍ സ്വതവെ ലാളിത്യമുള്ള നല്ല മനുഷ്യരായിരിക്കും .
സെല്‍വവും അങ്ങനെ തന്നെ. ആകര്‍ഷകമായി സംസാരിക്കുന്ന സ്‌നേഹമുള്ള മനുഷ്യന്‍ .
തമിഴ്‌നാട്ടില്‍ ബ്രട്ടീഷ്‌കാര്‍ തോട്ടത്തിലെ പണിക്കുവേണ്ടി കൊണ്ടു വന്ന തമിഴ് കുടിയേറ്റക്കാരുടെ അഞ്ചാം തലമുറയിലുള്ളതാണ് താന്‍ എന്നദ്ദേഹം സൂചിപ്പിച്ചു
തമിഴ് ചുവയുള്ള മലയാളത്തില്‍ പള്ളിയേക്കുറിച്ചും അതിന്റെ ചരിത്രത്തേക്കുറിച്ചും പറഞ്ഞു തന്നു .
മൂന്നാറിലെ ആ മനോഹരമായ ദേവാലയത്തെക്കുറിച്ച് വിവരിക്കുമ്പോഴാണ് ചെമ്മണ്‍ പാത വഴി നൂറ്റി മുപ്പത് വര്‍ഷം മുന്‍പ് ഈ കുന്നു കയറിപോയ സര്‍ ഹെന്‍ട്രി മാന്‍ഫീല്‍ഡ് നൈറ്റും അദ്ദേഹത്തിന്റെ പ്രിയതമയായിരുന്ന മെയ് എന്നു വിളിപ്പേരുള്ള എലേനര്‍ ഇസബെല്ലും കടന്നുവന്നത് .
ഹെന്‍ട്രിയുടെയും എലേനറിന്റെയും കഥ മൂന്നാറിന്റെ പൈതൃകത്തോടും അതിന്റെ പ്രകൃതിയോടും , അവിടുത്തെ മഞ്ഞുകണങ്ങളോടും , നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയില ചെടികളോടും , ശാന്തമായി ഒഴുക്കുന്ന മുതിര പുഴയാറിനോടും ഒപ്പം ചേര്‍ത്തുവെച്ച് കേള്‍ക്കുമ്പോള്‍ മൂന്നാര്‍ യാത്രയുടെ ലാവണ്യവും അനുഭൂതിയും അനുഭവിക്കുകയും ഹൃദയം കാല്പനികത കൊണ്ട് സമ്പന്നമാവുകയും ചെയ്യും
ഇംഗ്ലണ്ടിലെ ഒരു പ്രഭുകുടുബത്തിലെ ഇളയ മകളായിരുന്നു സുന്ദരിയായ എലേനര്‍
അവര്‍ മൂന്നാറിലെ പ്ലാന്ററായ ഹെന്‍ട്രി നെറ്റുമായി അടുപ്പത്തിലായി
പ്രഭു കുടുംബത്തിന് ഇഷ്ടപ്പെടാത്ത ബന്ധമായിരുന്നത്രേ അത്
തന്റെ മകള്‍ കോളനിയില്‍ പോയി ജീവിക്കേണ്ടി വരുന്നത് കുലീനരായ കുടുംബത്തിന് അചിന്തവ്യമായിരുന്നു .
പക്ഷേ ഹെന്‍ട്രിയുമായി ഉള്ള വിവാഹത്തിന് എലേനര്‍ വാശി പിടിച്ചു .
വിവാഹ ശേഷം മെഡിറ്ററേനിയന്‍ കടലും അറബികടലും കടന്ന് ഹെന്റിക്കൊപ്പം ശ്രീലങ്ക വഴി ഇന്ത്യയിലെത്തി '
തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂരില്‍ ഏതാനും ദിവസം താമസിച്ച ശേഷം മൂന്നാറിലേയ്ക്ക് ഒരു കുതിരവണ്ടിയില്‍ തിരിച്ചു
എലേനറിന് അപ്പോള്‍ 24 വയസ്സ് മാത്രമായിരുന്നു പ്രായം .
സ്വര്‍ണ്ണ മുടികളും വെള്ളാരം കണ്ണുകളുമുള്ള എലേനറുടെ പുഞ്ചിരി മൂന്നാറിന്റെ പ്രഭാതം പോലെ സുന്ദരമായിരുന്നു .
ദീര്‍ഘമായ കടല്‍ യാത്രയുടെ ക്ഷീണമെല്ലാം മൂന്നാറിലെ കുളിര്‍ കാറ്റിലും പ്രശാന്തമായ പ്രകൃതിയിലും അലിഞ്ഞു പോയി .
സായാഹ്നങ്ങളില്‍ ബംഗ്ലാവിന്റെ മുറ്റത്ത് ചെറിയ ആഴി കൂട്ടി അതിനു ചുറ്റും വാള്‍ട്ട്‌സ് (Waltz ) നൃത്തചുവടുകള്‍ വെച്ച് അവര്‍ പ്രണയര്‍ദ്രമാക്കി .
പ്രഭാതത്തില്‍ എലേനര്‍ മുതിര പുഴയാറ്റിലെ തെളിനീര്‍ തെപ്പി മഴവില്ലുണ്ടാക്കി ഉല്ലസിച്ചു.
നീരൊഴുക്കില്‍ തേഞ്ഞ് മിനുസമുള്ള വെള്ളാരം കല്ലുകള്‍ തന്റെ മുഖത്തോട് ചേര്‍ത്തുവെച്ച് ഹെന്‍ട്രിയേ നോക്കി ചിരിച്ചു,
തേയിലത്തോട്ടത്തിന്റെ ഹരിതാഭയും സൗന്ദര്യവും നോക്കി നിന്ന് ഹൃദയത്തിലാവാഹിച്ചു .
12 വര്‍ഷം കൂടുമ്പോള്‍
പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെക്കുറിച്ച് കേട്ട് അദ്ഭുതപെട്ടു.
കുണ്ടലയും ,നല്ലതണ്ണിയും , മുതിരപ്പുഴയാറും , സംഗമിക്കുന്നിടം ആയതു കൊണ്ടാണ് മൂന്നാര്‍ എന്ന പേരുണ്ടായത് എന്നു ഹെന്‍ട്രി അവളോട് വിശദീകരിച്ചു
ചിന്നകനാലും കൊളുക്കുമലയും
മറയൂരും കാന്തല്ലൂരും
വട്ടവടയും ടോപ് സ്റ്റേഷനും , പാമ്പാടും ചോലയും യെല്ലപെട്ടിയും
ഒക്കെ പോയാലെ മൂന്നാറിനെ മുഴുവന്‍ കണ്ടു എന്നു പറയാന്‍ പറ്റു എന്ന് നൈറ്റ് അവളോട് പറഞ്ഞു.
തന്റെ എസ്റ്റേറ്റിലെ തൊഴിലാളികളെക്കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം കഥ പറയും പോലെ അവന്‍ അവളോട് പറഞ്ഞു '
ആസ്വാദ്യമായ ഓരോ നിമിഷവും സമ്മാനിക്കുന്നതിന് ഹെന്‍ട്രിയെ ആലിംഗനം ചെയ്തു നന്ദി പറഞ്ഞു .
'1896 . ഡിസംബര്‍ 20 പ്രഭാതത്തിലാണ് ഈ മലയുടെ മുകള്‍പ്പരപ്പിലേയ് ഹെന്‍ട്രി സായിപ്പും , ഇസബെല്ലും കയറിപോയത് . '
സെല്‍വം പറഞ്ഞു നിര്‍ത്തി .
നന്നായി കഥകള്‍ പറഞ്ഞു തരാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടല്ലോ എന്നു ഞാനോര്‍ത്തു .
ഹെന്‍ട്രിയുടെയും ഇസബെല്ലിന്റെയും ബംഗ്ലാവിരുന്ന സ്ഥലവും . ബ്രട്ടീഷ് കാലത്തെ ഇപ്പഴും നിലനില്‍ക്കുന്ന നിര്‍മ്മിതികളും ഞങ്ങള്‍ക്ക് ചൂണ്ടികാണിച്ചുതന്നു .
ഞങ്ങള്‍ നില്‍ക്കുന്ന മലമുകളിലേയ്ക്ക് കയറി പോയ യുവദമ്പദികളേക്കുറിച്ചായി എന്റെ മുഴുവന്‍ ആകാംഷയും .
കൊളുന്തു നുള്ളുന്ന തൊഴിലാളികളെ കൈവീശിയും പുഞ്ചിരിച്ചും കയറി പോയ എലേനറും ഹെന്‍ട്രിയും മലയുടെ മെത്തായത്തിലെത്തി .
അവിടെ നിന്നവള്‍ വശ്യമായ മൂന്നാറിന്റെ സൗന്ദര്യം കണ്ട് മതിമറന്നു .
എലേനര്‍ ആകശത്തേയ്ക്ക് ഇരുകയ്യും വിരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.
'In this moment,
Surrounded by nature,
Where green is all around,
And noswflakes gently fall,
Birds chirp in sweet harmony,
Above the clouds,
Where flowers bloom,
Oh Divine One,
I stand in
Earth's paradise.
എന്നിട്ട് ഹെര്‍ട്രിയെ ആലിംഗനം ചെയ്തു കൊണ്ട് അവള്‍ പറഞ്ഞു .
'ഞാന്‍ മരിച്ചാല്‍ എന്നെ ഈ സ്വര്‍ഗ്ഗത്തില്‍ തന്നെ വിട്ടേക്കണം .
ഇവിടുന്നിനി എങ്ങോട്ടു പോകാനും ഞാനൊരുക്കമല്ല . '
'നിന്റെ ഒരു തമാശ മരണത്തിനു വിട്ടുകൊടുക്കാനല്ല മെയ് നിന്നെ ഞാനിടെ കൊണ്ടുവന്നത് നിന്നോടൊപ്പം ജീവിക്കാനാണ് '
.ഹെന്‍ട്രി മറുപടി പറഞ്ഞു കൊണ്ട് അവളെ ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ ചുംബിച്ചു .
ആ മനോഹര നിമിഷത്തിന് പകരമായി വിധി ആ പ്രണയിതാക്കള്‍ക്ക് ഒരുക്കി വെച്ചിരുന്നത് തലമുറകള്‍ തോറും ' മൂന്നാറിന് നീറ്റലായ് മാറിയ ദുരന്തമായിരുന്നു .
പിറ്റേന്നു രാവിലെ കമ്പനി ഡോക്ടര്‍ എലേനര്‍ ഇസബെല്‍ മെയ്ക്ക് കോളറായാണ് എന്നു സ്ഥിതീകരിച്ചു .
രണ്ടു ദിവസം കൂടി മഹാരോഗത്തോട് പൊരുതി 1896 ഡിസംബര്‍ 23 ന് ക്രിസ്മസിന് കാത്തുനില്‍ക്കാതെ എലേനര്‍ ഇസബെല്‍ മെയ് നിത്യനിദ്രയിലാണ്ടു .
തന്റെ പ്രിയതയുടെ ചലനമറ്റ ശരീരത്തിനു മുന്നില്‍ നിസ്സഹായനായി മരവിച്ച് ഹെന്‍ട്രി നിന്നു .
പൂര്‍ത്തികരിക്കാത്ത പ്രണയ സ്വപ്നങ്ങളോര്‍ത്ത് അയാളുടെ ഹൃദയം തേങ്ങി.
സുഹൃത്തുക്കളും , കുടുംബവും എംബാം ചെയ്ത് എലേനറിന്റെ ഭൗതികദേഹം ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടു പോകണം എന്നയാളെ നിര്‍ബന്ധിച്ചു .
ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ തനിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് പാതി തമാശയായി പറഞ്ഞ എലേനറിന്റെ സംസ്‌കാരം അതേ കുന്നില്‍ മുകളിലാവണം എന്ന ഉറച്ച തീരുമാനം ആ സന്നിഗ്ദഘട്ടത്തിലും അയാള്‍ എടുത്തു .
അന്ത്യകര്‍മ്മങ്ങള്‍ക്ക് പള്ളിയോ പട്ടക്കാരോ ഇല്ലാതിരുന്നിട്ടും മൂന്നാറിന്റെ മണ്ണില്‍ എലേനര്‍ക്ക് കല്ലറ ഒരുക്കി .
ശവസംസ്‌കാരത്തിനെത്തിയ ഹെന്റ്രിയുടെ സുഹൃത്തുക്കള്‍ക്കും , തോട്ടം തൊഴിലാളികള്‍ക്കു മൊപ്പം പ്രകൃതിയും മഞ്ഞുകണങ്ങള്‍ പെയ്യിച്ച് കണ്ണീരൊഴുക്കി .
എലേനര്‍ തന്റെ മുഖത്തോട് ചേര്‍ത്തുവെച്ച് പുഞ്ചിരിച്ച മുതിരപുഴയാറ്റിലെ മിനുസമുള്ള വെള്ളാരം കല്ലുകള്‍ ശേഖരിച്ച് അവളുടെ കുഴിമാടത്തിനു മുകളില്‍ ഹെന്‍ട്രി കണ്ണീരോടെ അടുക്കി വെച്ചു .
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത തൂവെള്ള മര്‍ബിള്‍ ഫലകത്തില്‍ അവളേക്കുറിച്ചുള്ള വിവരങ്ങള്‍ ആലേഖനം ചെയ്തു.
പിന്നീട് തന്റെ ഇംഗ്ലണ്ടിലെ തന്റെ സ്വത്തുവകകള്‍ വിറ്റ് തന്റ പ്രിയതമയുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണ് കമ്പനിയില്‍ നിന്ന് വിലയ്ക്കു വാങ്ങി .
സുഹൃത്തുക്കളുടേയും കമ്പനിയുടെയും സഹായത്താടെ മൂന്നാറിലെ പരുക്കന്‍ കരിങ്കല്ലുകള്‍ കീറി
ഗോഥിക്ക് വാസ്തുശൈലില്‍ മനോഹരമായ ദേവാലയം പണിതു.
കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിന്റെ ജനറല്‍ മനേജര്‍ വരെ ആയ സര്‍ ഹെന്‍ട്രി നൈറ്റ് വാര്‍ദ്ധക്യത്തില്‍ തന്റെ പ്രിയതമയുടെ കുടീരവും പള്ളിയും മൂന്നാറിന് സമര്‍പ്പിച്ച് വിശ്രമ ജീവിതത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങി
എലേനര്‍ ഇസബെല്‍ മെയ്
കേവലം ദിവസങ്ങള്‍ മാത്രമാണ് മൂന്നാറില്‍ ചെലവഴിച്ചത് .
പക്ഷേ മൂന്നാറിന്റെ പൈതൃകത്തോടൊപ്പം അവളും കൂട്ടി വായിക്കപ്പെട്ടു. '
മൂന്നാറിലെ മനുഷ്യരുടെയും സഞ്ചാരികളുടേയും ഹൃദയങ്ങളില്‍ എലേനറും ഹെന്‍ട്രിയും അവരുടെ പ്രണയവും നൊമ്പരപ്പെടുത്തുന്ന സ്മരണയായി നൂറ്റിമുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും മരണമില്ലാതെ തുടരുന്നു .
മൂന്നാറിനെ ആവരണം ചെയ്യ്യുന്ന കോടമഞ്ഞിന്റെ വെണ്മയില്‍ , തണുത്ത കുളിര്‍ക്കാറ്റില്‍,നനുത്ത മഴയില്‍. വിരിയുന്ന കാട്ടു പൂക്കളില്‍ , വശ്യമായ പ്രകൃതില്‍,വിശുദ്ധമായ പ്രാര്‍ത്ഥനക്കളില്‍ എലേനറുടെ സ്മരണകള്‍ കൂടി സ്പുരിക്കുന്നു .
പ്രണയിതാക്കള്‍ അവളുടെ കല്ലറയിലേയ്ക്ക് തീര്‍ത്ഥയാത്ര ചെയ്ത് ചുവന്ന റോസാപുഷ്പങ്ങള്‍ വിതറുന്നു .
'തൊണ്ണൂറ്റൊന്‍പതിലെ ( 1924 ) വെള്ളപ്പൊക്കത്തില്‍ മൂന്നാറിനെല്ലാം നഷ്ടമായി 'റോഡ്, പാലങ്ങള്‍ റയില്‍വേ നിരവധി ജീവനുകള്‍ എല്ലാം
അന്നും മൂന്നാറിലെ ജനങ്ങള്‍ക്ക് അത്താണിയായത് എലേനറിന്റെ സ്മാരകമായ ഈ പള്ളിയും പരിസരവുമാണ് , അതിന്റെ പടങ്ങള്‍ ഇപ്പോഴും ടീ മ്യൂസിയത്തിലുണ്ട് '
കപ്യാര്‍ സെല്‍വം കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടെ കണ്ണുകളില്‍ സംതൃപ്തിയുടെ തിളക്കം കണ്ടു
ഒരു ജനതയുടെ സ്മൃതികളില്‍ ജീവിക്കുന്ന എലേനറുടെ ആത്മശാന്തി ആഗ്രഹിച്ച് ഞങ്ങള്‍ യാത്ര തുടരാനിറങ്ങി .
'ഇനിയും വരുമ്പോള്‍ കണ്ടിട്ടേ പോകൂ ഞാന്‍ സെല്‍വത്തോട് പറഞ്ഞു. '
മറുപടി ഒരു പുഞ്ചിരിലൊതുക്കി കൈയ്യുയര്‍ത്തി ഞങ്ങളെ യാത്രയാക്കി
എലേനറുടെ കല്ലറ കാണാന്‍ പറ്റാത്തതിലുള്ള ഇച്ഛാഭംഗവുമായി ഞങ്ങള്‍ പള്ളിയില്‍ നിന്നിറങ്ങി .
ഒരു നാടിനെ കാണുമ്പോള്‍ അവിടുത്തെ സംസ്‌കാരം , കഥകള്‍ മിത്തുകള്‍ ചരിത്രം ഒക്കെ മനസ്സിലാക്കിയാലെ ആ യാത്ര യഥാര്‍ത്ഥത്തിലുള്ള അനുഭൂതി നല്‍കുകയുള്ളൂ.
വിദേശത്തോക്കെ നോവലിലെയും അപസര്‍പ്പക കഥകളിലേയും മിത്തുകളിലേയും കഥാപാത്രങ്ങളുടെ ' പേരില്‍ പല നിര്‍മ്മിതികളുമുണ്ടാക്കി അവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു
ആഗ്രഹിക്കുന്നവര്‍ക്ക് ആ കല്ലറ കൂടി സന്ദര്‍ശിക്കാന്‍ അധികാരികള്‍ സൗകര്യം ഒരുക്കേണ്ടതല്ലേ .?
മൂന്നാര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത് മനോഹരമായ പ്രകൃതിഭംഗിയാണ് . ടൂറിസം സാധ്യതകളില്‍ ഭാവി കാണാന്‍ ശ്രമിക്കുമ്പോഴും മൂന്നാറിന്റെ പ്രകൃതിക്കിണങ്ങാത്ത നിര്‍മ്മാണങ്ങള്‍ക്കൊണ്ട് മൂന്നാറിനെ നശിപ്പിക്കുകയല്ലേ
എന്നൊക്കെ ഞാന്‍ മടക്കയാത്രയില്‍ ആലോചിച്ചു.
ടോപ്പ് സ്റ്റേഷനും വട്ടവടയും മാത്രം സന്ദര്‍ശിക്കാനെ ആ ഹ്രസ്വ യാത്ര കൊണ്ടു സാധിച്ചുള്ളു
'കേവലം ഒരു ദിവസം കൊണ്ട് കാണാനാവുന്ന ഇടമല്ല മൂന്നാര്‍
അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങള്‍ മൂന്നാറിനെ ചുവപ്പിച്ചു. സൂര്യന്‍ താഴെ മല അടിവാരത്താണ് ഞങ്ങളുടെ യാത്ര സൂര്യനും മേഖങ്ങള്‍ക്കും മീതെയാണ്
വെള്ളാരം കല്ലുകള്‍ അടുക്കി വെച്ച കാട്ടുപൂക്കളാല്‍ അലംകൃതമായ കല്ലറയില്‍ നിത്യ നിദ്രയിലാണ്ട എലേനറുടെ കഥ എല്ലാ കാല്പനിക സൗന്ദര്യത്തോടെയും ഹൃദത്തിലേറ്റി മടങ്ങുമ്പോള്‍ അവളുടെ
വാക്കുകള്‍ ഞാനോര്‍ത്തു
ഈ നിമിഷം
ഈ പ്രകൃതിയില്‍
ഈ പച്ചപ്പിന്‍ നടുവില്‍
മഞ്ഞുകണങ്ങള്‍ തൊട്ട്
മേഘങ്ങള്‍ക്കു മുകളില്‍
കിളികള്‍ പാടുന്നിടത്ത്
പൂക്കള്‍ വിരിയുന്നിടത്ത്
ഓ ദൈവമേ
ഞാന്‍ നില്‍ക്കുന്നത്
സ്വര്‍ഗ്ഗത്തിലാണ്
ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ .
('In this moment,
Surrounded by nature,
Where green is all around,
And noswflakes gently fall,
Birds chirp in sweet harmony,
Above the clouds,
Where flowers bloom,
Oh Divine One,
I stand in
Earth's paradise.)