കൊച്ചി: സി കാറ്റഗറി ജില്ലകളിലെ തീയറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ചലച്ചിത്ര പ്രവർത്തകർ രംഗത്ത്. ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കുമില്ലാത്ത കോവിഡ് വ്യാപനശേഷി തിയറ്ററുകൾക്ക് ഉണ്ടെന്ന വിദഗ്ധ സമിതി കണ്ടെത്തലിനെ ചോദ്യം ചെയ്ത് ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന ചോദ്യവുമായി ഫെഫ്ക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ചോദ്യം.

''തിരുവനന്തപുരത്തു മാളുകളും ബാറുകളും റസ്റ്ററന്റുകളും തുറന്നു പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചു പൂട്ടേണ്ടി വന്നതു തിയറ്ററുകൾക്കു മാത്രമാണ്. തിയറ്റർ സൂപ്പർ സ്‌പ്രെഡർ ആയി മാറിയ ഒരു സംഭവമെങ്കിലും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ? തിയറ്ററുകൾ മാത്രം അടച്ചുപൂട്ടുന്ന സമീപനം കേരളമല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടോ? തിയറ്ററുകൾ സുരക്ഷിതമാണെന്ന ഉത്തമബോധ്യത്തോടെ സിനിമ കാണാനെത്തുന്ന പ്രേക്ഷക സമൂഹത്തോടെങ്കിലും വിദഗ്ധ സമിതി ഉത്തരം പറഞ്ഞേ തീരൂ''. കത്തിൽ ആവശ്യപ്പെടുന്നു.

നിലവിൽ തീയറ്റുകളിലെ 50 ശതമാനം സീറ്റുകളിൽ മാത്രമാണു പ്രവേശനം. ഒരു ഡോസെങ്കിലും വാക്‌സീനെടുത്തവർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. വിദേശത്തു നടന്ന ചില പഠനങ്ങൾ പ്രകാരം തിയറ്ററുകളിൽ നിന്നു കോവിഡ് വ്യാപിക്കാനുള്ള സാധ്യത 0.5 ശതമാനം മാത്രമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും മാസ്‌കുകൾ ധരിച്ചാണ് തിയറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ വിവരിക്കുന്നു.

സിനിമാതിയേറ്ററുകൾ സുരക്ഷിതമാവുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന പഠന റിപ്പോർട്ടുകളുടെ ലിങ്കുകളും ഫെഫ്ക കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റിയൂറ്റ് പാസ്ചർ നടത്തിയ പഠനത്തിൽ തിയറ്ററുകളിൽ നിന്ന് കോവിഡ് വ്യാപനമുണ്ടാകാനുള്ള അനുപാത സാദ്ധ്യത 0.5 മാത്രമാണെന്ന് പറയുന്നതായി ഫെഫ്ക ചൂണ്ടിക്കാട്ടുന്നു. റസ്റ്ററന്റുകളിലും, ബാറുകളിലും അവ യഥാക്രമം 0.9 ഉം 0.7 ഉം ആണ്. മാളുകളിലെ വ്യാപന സാധ്യത 0.6-0.7 ആണ്. തിയറ്ററുകൾ താരതമ്യേന സുരക്ഷിതമാണെന്നർത്ഥം.

ഫ്രോൺഹോഫെർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിൽഡിങ് ഫിസിക്‌സ് ജർമ്മനിയിൽ നടത്തിയ ഒരു പഠനത്തിൽ സിനിമാ ഹാളുകളെ താരതമ്യേന സുരക്ഷിതമാക്കിത്തീർക്കുന്ന വസ്തുതകൾ അക്കമിട്ട് നിരത്തുന്നുണ്ട്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമാ തീയറ്ററുകള വ്യാപനപ്രഭവമായി കാണാൻ നമ്മുടെ വിദഗ്ധസമിതിയെ പ്രേരിപ്പിക്കുന്ന ശാസ്ത്രിയ വസ്തുതകൾ എന്താണ്? തിരുവനന്തപുരത്ത്, മാളുകളും റെസ്റ്ററന്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടേണ്ടി വന്നത് തിയറ്ററുകൾ മാത്രം. തിയsറ്റർ സൂപ്പർ സ്‌പ്രെഡർ' ആയി മാറിയ ഒരു സംഭവമെങ്കിലും ഇന്ത്യയിൽ ഉണ്ടോ, തിയേറ്ററുകൾ മാത്രം അടച്ചുപൂട്ടുന്ന ഒരു സമീപനം കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം ഇന്ത്യയിൽ സ്വീകരിച്ചിട്ടുണ്ടോ? തിയേറ്ററുകൾ സുരക്ഷിതമാണെന്ന ഉത്തമ ബോധ്യത്തിൽ 'കുറുപ്പും 'മരയ്ക്കാറും- 'സ്‌പൈഡർമാനും' ഇപ്പോൾ 'ഹൃദയവും കാണാൻ ' ഒഴുകിയെത്തുന്ന പ്രേക്ഷക സമൂഹത്തോടെങ്കിലും വിദഗ്ധ സമിതി ഉത്തരം പറഞ്ഞേതീരൂ.

മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവർത്തിക്കരുത് എന്ന് പറയാനല്ല. അവയ്‌ക്കൊപ്പം, തിയേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അവർക്കെല്ലാം ബാധകമായത് ഞങ്ങൾക്കും ബാധകം; അതാണ് യുക്തിസഹമെന്നും കത്തിൽ പറയുന്നു.