ബാരാൻക്വില്ല (കൊളംബിയ): ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച് കൊളംബിയ. മത്സരത്തിൽ ആദ്യ എട്ടു മിനിറ്റിനുള്ളിൽ രണ്ടു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് രണ്ടു ഗോളുകൾ വഴങ്ങി അർജന്റീന സമനിലയിൽ കുരുങ്ങിയത്.

ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ മിഗ്വൽ ബോർഹയാണ് കൊളബിയയുടെ സമനില ഗോൾ കണ്ടെത്തിയത്.

ചിലിക്കെതിരേ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ടീമിൽ നിന്ന് അഞ്ചു മാറ്റങ്ങളോടെയാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ടീമിനെ ഇറക്കിയത്.

മൂന്നാം മിനിറ്റിൽ തന്നെ ക്രിസ്റ്റിയൻ റൊമേറോ ഹെഡറിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചു. താരത്തിന്റെ രണ്ടാമത്തെ മാത്രം രാജ്യാന്തര മത്സരമായിരുന്നു ഇത്.

അഞ്ചു മിനിറ്റിന് ശേഷം മികച്ച ഡ്രിബിളിങ് പുറത്തെടുത്ത ലിയാൻഡ്രോ പരെഡെസ് അർജന്റീനയുടെ ലീഡുയർത്തി. ആദ്യ പകുതിയിലുടനീളം മത്സരത്തിൽ ആധിപത്യം പുലർത്തിയ അർജന്റീനയ്ക്ക് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് തിരിച്ചടിയേറ്റു. ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ തലയ്ക്ക് പരിക്കേറ്റ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ അവർക്ക് നഷ്ടമായി. സ്ട്രെക്ചറിലാണ് താരത്തെ കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

രണ്ടാം പകുതിയിൽ നിക്കോളാസ് ഒട്ടമെൻഡിയുടെ ഫൗളിന് കൊളംബിയക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചു. 51-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ലീയിസ് മുറിയെൽ കൊളംബിയയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

മത്സരം അർജന്റീന സ്വന്തമാക്കിയെന്ന ഘട്ടത്തിൽ ഇൻജുറി ടൈമിൽ മിഗ്വൽ ബോർഹയുടെ ഹെഡർ അവരുടെ പ്രതീക്ഷകൾ ഇല്ലാതാക്കി. മറ്റൊരു യോഗ്യതാ മത്സരത്തിൽ പരാഗ്വയ്‌ക്കെതിരെ ബ്രസീൽ രണ്ട് ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി.

സൂപ്പർ താരം നെയ്മർ തിളങ്ങിയ മത്സരത്തിൽ പാരഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ ഇതോടെ ബ്രസീലിന് ആറു മത്സരങ്ങളിൽ നിന്ന് ആറു ജയങ്ങളായി. 18 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീൽ.

നാലാം മിനിറ്റിൽ ബ്രസീലിനെ മുന്നിലെത്തിച്ച നെയ്മർ ലൂക്കാസ് പക്വേറ്റയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.നാലാം മിറ്റിൽ ഗബ്രിയേൽ ജെസ്യുസിന്റെ പാസിൽ നിന്നായിരുന്നു നെയ്മറിന്റെ ഗോൾ. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് പക്വേറ്റ സ്‌കോർ ചെയ്തത്.

ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ ആറും ജയിച്ച ബ്രസീൽ 18 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ആദ്യ നാലു സ്ഥാനക്കാർക്കാണ് അടുത്ത വർഷം ഖത്തറിൽ നടക്കുന് ലോകകപ്പിലേക്ക് ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ നിന്ന് നേരിട്ട് യോഗ്യത നേടുക.