കൊച്ചി: മോഹൻലാൽ ചിത്രമായ ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിംചേംബർ.തീയേറ്ററിൽ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബർ തീരുമാനമെന്നും പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. മോഹൻലാൽ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യിൽ റിലീസ് ചെയ്താൽ പിന്നീട് തീയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്നും വിജയകുമാർ വ്യക്തമാക്കി.

അതേസമയം, ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന ഫിലിം ചേംബർ നിലപാട് തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്തെത്തി. സിനിമ വിലക്കിയ ഫിലിം ചേംബർ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബർട്ടി ബഷീർ ഒ ടി.ടിക്ക് ശേഷവും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും വ്യക്തമാക്കി.മരക്കാർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുർന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്.

ഈമാസം 19നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹൻലാലിന് പുറമേ മീന, അൻസിബ, എസ്തർ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.