- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നു മാസത്തിനുള്ളിൽ ഓൺലൈൻ ലേലത്തിൽ വിൽക്കും; മീറ്റിങ്ങുകൾ എല്ലാം ഓൺലൈനിൽ; ചെലവ് കുറയ്ക്കാൻ ഉപദേശം നൽകിയാൽ സമ്മാനവും; ജീവനക്കാർക്കും നഷ്ടങ്ങൾ ഏറെ; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചെലവു ചുരുക്കൽ വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമായതിനാൽ കേരളസർക്കാർ ചെലവുചുരുക്കും. വരുമാനമുണ്ടാക്കാൻ സർക്കാർ ഓഫീസിലെ പാഴ് വസ്തുക്കളും തുക്കി വിൽക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങളും കുറച്ചു. എന്നാൽ മന്ത്രിമാരും മറ്റും ചെലവ് ചുരുക്കുമോ എന്ന ആശങ്കയും ശക്തമാണ്. പിൻവാതിൽ നിയമനങ്ങളും തകൃതിയായി നടക്കുന്നു.
ഈ സാമ്പത്തികവർഷം ശേഷിക്കുന്ന മാസങ്ങളിൽ ചെലവുകുറയ്ക്കുന്നതിന് പ്രായോഗികനിർദേശങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. നിർദേശങ്ങൾ ആസൂത്രണബോർഡുവഴിയും ധനവകുപ്പിന് നേരിട്ടും നൽകാം. നടപ്പാക്കുന്ന നിർദേശങ്ങൾ നൽകുന്നവർക്കാണ് സമ്മാനം. ഇതും സംസഥാനത്ത് ആദ്യമായാണ് നടപ്പാക്കാൻ പോകുന്നത്. കഴിയുന്നത്ര ചെലവ് കുറയ്ക്കുന്നതിന്റെ ആവശ്യകത സർക്കാർ ജീവനക്കാരിൽ എത്തിക്കാനാണ് നീക്കം.
പ്രതിസന്ധിയെ മറികടക്കാൻ വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതുമുതൽ ഓഫീസുകളിലെ പാഴ്വസ്തുക്കൾ ലേലം ചെയ്യുന്നതുവരെയുള്ള നടപടികൾ ഇതിന്റെ ഭാഗമാണ്. അതിവേഗം ഇതെല്ലാം നടപ്പാക്കും. ഇതിനൊപ്പമാണ് ജീവനക്കാരുടെ ആനുകുല്യങ്ങളിൽ കൈ വയ്ക്കുന്നത്. സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതും പുതിയ ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരുവർഷത്തേക്ക് തടഞ്ഞു. ഇനി മീറ്റിങ്ങുകൾ ഓൺലൈനിലുമാക്കും.
കോവിഡുകാലത്ത് വാർഷികപദ്ധതിപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ അതും വെട്ടിക്കുറയ്ക്കും. ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വർഷത്തിൽനിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചുവർഷത്തിനുശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധകമല്ല. അവസാനിപ്പിച്ച കേന്ദ്രാവിഷ്കൃതപദ്ധതികളിൽ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടൻ മറ്റുവകുപ്പുകളിലേക്ക് മാറ്റണം.
തദ്ദേശസ്ഥാപനങ്ങളിലെ കരാറുകൾക്ക് ഉൾപ്പെടെ ട്രഷറിയിൽനിന്ന് പണം ലഭിക്കില്ല. നവംബർ ഒന്നുമുതൽ ബില്ലുകൾ ബാങ്കുകൾവഴി ബിൽ ഡിസ്കൗണ്ട് രീതിയിലേ ലഭിക്കൂ. പലിശയുടെ ഒരു പങ്ക് കരാറുകാർ വഹിക്കണം. ഔദ്യോഗികചർച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം ഓൺലൈനിലൂടെ നടത്തും. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളിൽ ഓൺലൈൻ ലേലത്തിൽ വിൽക്കണം.
എയ്ഡഡ് സ്കൂൾ-കോളേജ് നിയമനങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തും. ചെലവുചുരുക്കൽ നിർദേശങ്ങളുടെ ഭാഗമാണിത്. മാനേജ്മെന്റുകൾ എതിർത്ത തീരുമാനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനായി നിയമത്തിലും ചട്ടത്തിലും ഒരുമാസത്തിനകം മാറ്റംവരുത്താൻ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ