തിരുവല്ല: ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരിൽ നിന്നായി ആറു ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പാലക്കാട് നിന്നും പൊലീസ് പിടികൂടി. മണ്ണാർക്കാട് പൊകശ്ശേരി പൂഞ്ചോല നാമ്പുള്ളിപുരക്കൽ വിപിനെ (27) യാണ് അറസ്റ്റ് ചെയ്തത്.

നെടുമ്പ്രം കല്ലുങ്കൽ വെൺപാല വർഷാലയം വിനീത്, പുതുപ്പറമ്പിൽ മനു പി മോഹൻ, കല്ലുങ്കൽ പാട്ടത്തിൽ പറമ്പിൽ രാകേഷ് ആർ. രാജ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ഒരാളിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 2019 ൽ പല കാലയളവുകളിലായാണ് വിനീതിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടിലൂടെയും മറ്റുമായി ഇയാൾ ഉൾപ്പെടെ മൂന്നു പ്രതികൾ ചേർന്ന് പണം തട്ടിയെടുത്തശേഷം ജോലി വാങ്ങിക്കൊടുക്കാതെ കബളിപ്പിച്ചത്. വിനീതിനും രാകേഷിനും 50,000 രൂപ വീതം തിരികെ കൊടുത്തുവെങ്കിലും, മനുവിന് തുകയൊന്നും മടക്കി നൽകിയില്ല.

തുക മടക്കിനൽകാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ വധഭീഷണി മുഴക്കുകയാണുണ്ടായത് . തുടർന്ന് വിനീതും മറ്റ് രണ്ടുപേരും തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം കേസെടുത്ത പൊലീസ് എട്ടിന് രാത്രി ഏഴിന് പാലക്കാട് മുണ്ടൂർ നിന്നും പ്രതിയെ കണ്ടെത്തി തിരുവല്ലയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ 9 ന് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി.

കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വിപിന്റെ സഹോദരി രണ്ടാം പ്രതിയും ഉറ്റസുഹൃത്ത് മൂന്നാം പ്രതിയുമാണ്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണം തുടരുകയാഞ്.അന്വേഷണ സംഘത്തിൽ എസ് ഐ പി കെ രാജൻ, സി പി ഓ വിഷ്ണു ദേവ് എന്നിവരാണ് ഉണ്ടായിരുന്നത്.