- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുളയിലെ ബധിരമൂക കുടുംബത്തിലെ തീപിടുത്തം; മകൾക്ക് പിന്നാലെ പൊള്ളലേറ്റ അമ്മയും മരിച്ചു; കാരണം കണ്ടെത്താൻ കഴിയാതെ പൊലീസും
ആറന്മുള: ബധിരമൂക കുടുംബത്തിന്റെ വീട്ടിലുണ്ടായ തീ പിടുത്തത്തിൽ മകൾക്ക് പിന്നാലെ പൊള്ളലേറ്റ മാതാവും മരിച്ചു. ഇടയാറന്മുള പടിഞ്ഞാറെ മേലേടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28)യാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 75 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ശ്യാമ വെന്റിലേറ്ററിലായിരുന്നു. ഇവരുടെ മകൾ ആദിശ്രീ വെള്ളിയാഴ്ചയാണ് മരിച്ചത്.
ശ്യാമയുടെ സംസ്‌കാരം ഞായറാഴ്ച തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടുവളപ്പിൽ നടക്കും. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ഉച്ചയോടെ മൃതദേഹം വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച മരിച്ച ആദിശ്രീയുടെ സംസ്‌കാരം ശനിയാഴ്ച തിരുവനന്തപുരത്ത് അമ്മ ശ്യാമയുടെ വീട്ടുവളപ്പിൽ നടത്തി.
കഴിഞ്ഞ ആറാം തീയതി പുലർച്ചെയാണ് ശ്യാമയെയും ആദിശ്രീയെയും ആറന്മുളയിലെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചവുട്ടിത്തുറന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരുണിനും പൊള്ളലേറ്റിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമയുടെ പിതാവ് മോഹനൻ നായർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഡിവൈ.എസ്‌പി കെ. സജീവിന്റെയും ആറന്മുള എസ്.എച്ച്ഓ സികെ മനോജിന്റെയും നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മകളും അമ്മയും ഒരു ദിവസത്തെ വ്യത്യാസത്തിൽ മരിച്ചത്.
തീപിടുത്തമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അരുണും ശ്യാമയും തമ്മിൽ വഴക്കുണ്ടായിരുന്നു. ആദിശ്രീ മൊബൈൽ ഫോണിൽ കളിക്കുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്. തുടർന്ന് വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് അമ്മയും മകളും കിടന്നത്. മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മണ്ണെണ്ണയുടെ സാന്നിധ്യം മുറിക്കുള്ളിലുണ്ടായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്