മലപ്പുറം: കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കൾക്ക് എന്ത് സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി ദമ്മാജിലേക്കും ഇറാഖിലേക്കും പിന്നെ സിറിയയിലേക്കും അവർ പോയ വഴികളെ പിന്തുടരുകയാണ് ദാഇശ് എന്ന നോവൽ. അവർക്കുണ്ടായ ദുരന്താനുഭവങ്ങളും അവർ കണ്ട ഭീകരക്കാഴ്ചകളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവൽ. ഇസ്ലാമിക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവലാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ശംസുദ്ദീൻ മുബാറക്കിന്റെ 'ദാഇശ്' എന്ന നോവൽ.

യുദ്ധവും പ്രണയവും സമ്മിശ്രമായി അനാവരണം ചെയ്യാനാണ് നോവലിൽ ശ്രമിച്ചിരിക്കുന്നത്. കേരളത്തെ മാത്രമല്ല, ലോകത്തെപ്പോലും പിടിച്ചുകുലുക്കിയ ഭീകരവാദത്തിന്റെ അയുക്തിയിലേക്ക് വിരൽചൂണ്ടുന്ന വേറിട്ട രചന.ദുരൂഹതകളുടെ വഴികളിലൂടെയാണ് ദാഇശിന്റെ പിറവിയും വളർച്ചയും സംഭവിച്ചത്. പല കാലങ്ങളിലായി പല രാജ്യങ്ങളിൽ പലരായി വിതറിയിട്ട ഭീകരതയുടെ വിത്തുകൾ മുളപൊട്ടിയാണ് ദാഇശെന്ന മഹാവിഷവൃക്ഷം വളർന്നത്. അതിനു പക്ഷേ, വളക്കൂറുള്ള മണ്ണ് ഒരുക്കിയത് ഇറാഖിലും സിറിയയിലുമാണെന്നു മാത്രം. ഭരണത്തിലും വ്യവസ്ഥാപിത നിയമങ്ങളിലും, സമൂഹത്തിലും കുടുംബബന്ധങ്ങളിലും അസംതൃപ്തരായവർ ഓരോ രാജ്യങ്ങളിലും വിത്തിന് വെള്ളവും വളവും നൽകി. ഭീകരതയുടെ നാമ്പുകൾ മുളപൊട്ടുന്നതും വളരുന്നതും അറിയാതെ ഭരണകൂടങ്ങൾ വയലുകൾ ഉഴുതുമറിച്ചു. ലോകത്തെ ഭയത്തിന്റെ വാൾമുനയിൽ നിർത്തി അങ്ങനെ ദാഇശ് വളർന്നു.

കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ യുവാക്കൾ പോയി എന്ന വാർത്തയാണ് 'ദാഇശ്' എന്ന നോവലിനു കാരണമായത്. ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും മലയാളികൾ പോയ വഴികളിലൂടെയാണ് നോവൽ സഞ്ചരിച്ചത്. അവർ കണ്ട ഭീകരക്കാഴ്ചകളും അവർ അനുഭവിച്ച ദുരന്താനുഭവങ്ങളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് നോവലിലെ അധ്യായങ്ങളായത്.

ദാഇശിന്റെ കശാപ്പുശാലകളായി മാറിയ ഇറാഖിലും സിറിയയിലും ലോകത്തിന്റെ എല്ലാ ക്രൂരതകളും ഒറ്റ വിപണിയിലെന്നപോലെ കണ്ടു ജീവിക്കുമ്പോഴും കഥാനായകനായ മുഹമ്മദ് റഫീഖിന്റെയും സുഹൃത്ത് അഷ്‌ക്കറിന്റെയും ഉള്ളിൽ പ്രണയത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. പുറത്ത് യുദ്ധത്തിന്റെ കെടുതികൾ പെരുമഴ പോലെ പെയ്യുമ്പോൾതന്നെയാണ് റഫീഖിന്റെ മനസ്സിൽ ജന്നയോടുള്ള സ്‌നേഹം കുളിർമഴ പോലെ പെയ്തിറങ്ങിയത്.

ഒടുവിൽ ദാഇശ് ആരാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും പ്രിയപ്പെട്ട പലരും അവർക്കു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അപ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ പ്രണയത്തിനു കഴിയുമെന്നുതന്നെ റഫീഖ് വിശ്വസിച്ചു. ആ അദ്ഭുതമാണ് പിന്നീട് മുഹമ്മദ് റഫീഖിന്റെ തുടർയാത്രകളുടെ വിധി നിർണയിച്ചത്.

ഡിസി ബുക്സ് പുറത്തിറക്കിയ 'മരണപര്യന്തംറൂഹിന്റെ നാൾമൊഴികൾ' എന്ന നോവലിനു ശേഷം ശംസുദ്ദീൻ മുബാറക് എഴുതിയ നോവലാണ് ദാഇശ്. ഒരു തുടക്കാരന്റെ നോവലിന് കിട്ടാവുന്ന മികച്ച പ്രോത്സാഹനമായിരുന്നു മരണപര്യന്തത്തിനു ലഭിച്ചത്. മരണവും മരണാനന്തര ജീവിതവും ലോകവസാനവും നോവലിന് മുഴുവനായി പ്രമേയമാകുന്നുവെന്ന അപൂർവത അവകാശപ്പെടാവുന്ന 'മരണപര്യന്ത'ത്തിന് പല പതിപ്പുകൾ പുറത്തിറങ്ങി.

വിഷയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമയുംകൊണ്ട് 'മരണപര്യന്തം' മലയാള പത്രങ്ങളിലും മാഗസിനുകളിലും സമൂഹമാധ്യമങ്ങളിലും 2018ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നോവലുകളിൽ ഒന്നായി മാറി. 'മരണപര്യന്തം' പോലെ പ്രമേയത്തിന്റെ വ്യത്യസ്ത കൊണ്ടും ഭാഷയുടെയും അവതരണത്തിന്റെയും പുതുമ കൊണ്ടും ദാഇശും മലയാളി വായനക്കാർക്ക് അപരിചിതമായ വായനാലോകം തുറന്നിടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.