- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ആദ്യത്തെ ഓമിക്രോൺ മരണം സ്ഥിരീകരിച്ചു; ജീവൻ നഷ്ടമായത് നൈജീരിയയിൽ നിന്നെത്തിയ 52കാരന്; രോഗബാധ സ്ഥിരീകരിച്ചത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ; 13 വർഷമായി പ്രമേഹത്തിന് ചികിത്സ തേടുന്നയാൾ; ഡൽഹിയിലും മുംബൈയിലുമടക്കം കോവിഡ് കേസുകളിൽ ഇരട്ടി വർധന; മരണ നിരക്കും ഉയരുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഓമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഓമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഓമിക്രോൺ ബാധിച്ച 52കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ 13 വർഷമായി പ്രമേഹത്തിന് ചികിത്സ തേടുന്നയാളാണ് ഇദ്ദേഹം. ലോകത്തിലെ തന്നെ നാലാമത്തെ ഓമിക്രോൺ മരണമെന്നാണ് ഇത് കരുതപ്പെടുന്നത്. മരണത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ അതീവ ജാഗ്രത നിർദ്ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 198 പേർക്കാണ് വ്യാഴാഴ്ച ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഓമിക്രോൺ കോസുകളുടെ എണ്ണം 450 ആയി. രാജ്യത്തെ ആകെ ഓമിക്രോൺ കേസുകൾ 961 ആയി ഉയർന്നു. ഇതിൽ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 5,368 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ വ്യാഴാഴ്ച 3,671 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാൾ 46% കൂടുതലാണ് ഇത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 20 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ കോവിഡ് കേസുകളിലെ കുതിപ്പ് ഓമിക്രോൺ മൂലമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓമിക്രോൺ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഡൽഹിക്കും ഏഴ് സംസ്ഥാനങ്ങൾക്കും കേന്ദ്രം വീണ്ടും ജാഗ്രത നിർദ്ദേശം നൽകി. ഡൽഹിയിൽ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ഓമിക്രോൺ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 96 ശതമാനവും ഒമിക്രോണാണ്. വ്യാപന തീവ്രത കൂടിയ വകഭേദം ഇന്ത്യയിലും കൂടുൽ സ്ഥിരീകരിക്കുന്നതോടെ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിമൂവായിരത്തി ഒരുനൂറ്റി അൻപത്തിനാലിൽ എത്തിയിരിക്കുന്നത് ഇതിന്റെ സൂചനയാണ്.
ഓമിക്രോണിനൊപ്പം ഡൽറ്റയും ഭീഷണിയാകുമ്പോൾ 8 ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലും, പതിനാല് ജില്ലകളിൽ അഞ്ചിനും പത്തിനും ഇടയ്ക്കുമാണ്. തിങ്കളാഴ്ച രാജ്യത്ത് അഞ്ഞൂറ് കടന്ന ഓമിക്രോൺ ബാധിതരുടെ എണ്ണം രണ്ട് ദിവസം കൊണ്ടാണ് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നത്.
263 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ച ഡൽഹിയാണ് പട്ടികയിൽ ഒന്നാമത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 46 ശതമാനവും ഓമിക്രോൺ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവർക്കും ഓമിക്രോൺ ബാധിക്കുന്ന സാഹചര്യത്തിലാണ് സമൂഹവ്യാപന സാധ്യതയെ സർക്കാരും ശരിവയ്ക്കുന്നത്.ഡൽഹിക്കൊപ്പം മഹാരാഷട്ര, പശ്ചിമബംഗാള്, തമിഴ്‌നാട്, ഗുജറാത്ത്, കർണ്ണാടക, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി വീണ്ടും കത്തയച്ചിരിക്കുന്നത്.
ആശുപത്രികളിലെ സൗകര്യം കൂട്ടണമെന്നും, ഓക്‌സിജൻ ലഭ്യതയടക്കം ഉറപ്പ് വരുത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണമെന്ന് നിർദ്ദേശിച്ച ആരോഗ്യമന്ത്രാലയം ഓമിക്രോൺ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രിയുടേതടക്കമുള്ള തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ