തിരുവനന്തപുരം: ട്രോളർ നിർമ്മാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കും. പദ്ധതിയിൽ നിന്ന് പിന്മാറാൻ അമേരിക്കൻ കമ്പനിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിവാദം ചർച്ചയാക്കിയത്. പ്രതിരോധത്തിന് സാഹചര്യമില്ലാത്ത വിധം തെളിവുകൾ പുറത്തു വന്നപ്പോൾ സർക്കാർ വെട്ടിലായി. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.

യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്‌ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാനാണ് നിർദ്ദേശം. ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലുമുണ്ട്. പിആർഡി തയാറാക്കിയ 'ഇനിയും മുന്നോട്ട്' പരസ്യചിത്ര പരമ്പരയിലാണ് ഇതു നേട്ടമായി അവതരിപ്പിച്ചത്. ഈ പദ്ധതിയെ കുറിച്ചാണ് അറിയില്ലെന്ന് സർക്കാരും മുഖ്യമന്ത്രിയും പറയുന്നത്.

കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി റദ്ദാക്കാനുള്ള ആലോചന. സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. പ്രശാന്തിനെ ബലിയാടാക്കി വിവാദം ഒതുക്കാനാണ് നീക്കം. പ്രശാന്തിനെതിരെ നടപടി എടുക്കണമെന്ന് സിപിഎമ്മിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ ഏത് അന്വേഷണത്തേയും നേരിടാൻ ഒരുക്കമാണെന്ന നിലപാടിലാണ് പ്രശാന്ത്.

ഇഎംസിസി കെഎസ്‌ഐഎൻസി ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദർഷിപ്പുകളുമാണു നിർമ്മിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം 'അസെൻഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമ്മാണം ഏറ്റെടുത്തതെന്നാണ് കെഎസ്‌ഐഎൻസിയുടെ നിലപാട്. കേരളത്തിന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ തെളിവുകളില്ലാതെ താൻ ഒരു ആരോപണവും സർക്കാരിനതിരെ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികൾക്ക് നൽകുന്നത് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ്. കൊച്ചിയിൽ നടന്ന നിക്ഷേപസംഗമത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ഇവർക്ക് ചേർത്തലയിൽ സ്ഥലം അനുവദിച്ചു. 400 യാനങ്ങൾ നിർമ്മിക്കാൻ കേരള ഷിപ്പിങ് ആൻഡ് ഇൻലന്റ് കോർപ്പറേഷനുമായി കരാർ ഉറപ്പിച്ചു. ഇത്രയും കാര്യം മുന്നോട്ടുപോയപ്പോഴാണ് താൻ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.

ആദ്യം മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഞാനൊന്നും അറിഞ്ഞില്ലെന്നാണ്. മന്ത്രിയുമായി കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പുറത്തുവിട്ടപ്പോൾ പിന്നെ പറഞ്ഞത് കമ്പനിയുടെ ആളുകൾ തന്നെ വന്നു കണ്ടുവെന്നാണ്. എന്താ പറഞ്ഞതെന്ന് എനിക്കോർമയില്ലെന്ന്. വൈകുന്നേരം പറഞ്ഞത് മത്സ്യനയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ്. യഥാർഥത്തിൽ അതാണ് പ്രശ്നം. വിദേശ യാനങ്ങൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി നയത്തിൽ അവർ എഴുതിച്ചേർത്തിരിക്കുന്നു. അതനുസരിച്ചാണ് കമ്പനി പദ്ധതിക്ക് അപേക്ഷ കൊടുത്തത്. ആരോപണം ഉന്നയിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവർക്കും ഭ്രാന്താണെന്ന് പറയുക- അദ്ദേഹം പരിഹസിച്ചു.

രേഖകളില്ലാതെ, വസ്തുതകളില്ലാതെ താൻ ഒരു ആരോപണവും സർക്കാരിനെതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിങ്ലർ ആയാലു ഇഎംസിസി ആയാലും തന്റെ പക്കൽ രേഖകളുണ്ട്. അടിയന്തരമായി കരാർ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യം. അല്ലാത്ത പക്ഷം കേരളം കണ്ട് ഏറ്റവും വലിയ സമരങ്ങൾക്ക് സർക്കാർ സാക്ഷിയാവേണ്ടി വരും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൊള്ളയടിക്കാൻ അമേരിക്കൻ കമ്പനിക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ. ഇതാണോ പാവങ്ങൾക്ക് വേണ്ടിയുള്ള ഭരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അമേരിക്കൻ കമ്പനിയുമായി മുന്നോട്ടുപോവാൻ ധൈര്യമുണ്ടോ എന്ന് താൻ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.