- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് വഴിയേ പോയ വയ്യാവേലി തലയിൽ വയ്ക്കുക എന്ന് പറയുന്നത്; റോഡിലൂടെ പോയവരെ കളിയാക്കി; അവർ വീട്ടിൽ കയറി ജനാലയും രണ്ടു കാറുകളും അടിച്ചു തകർത്തു; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂർ പൊലീസ്
മല്ലപ്പള്ളി: വഴിയേ പോയ വയ്യാവേലി പത്തിന് രണ്ട് പലിശയ്ക്ക് എടുത്തുവെന്നത് ഒരു പഴഞ്ചൊല്ലാണ്. ഇതേ പോയ വഴിയേ പോയ ശത്രുക്കളെ ഒന്നു കളിയാക്കി നോക്കിയതേ ഓർമയുള്ളൂ. കൈയിൽ എപ്പോഴും ആയുധവുമായി നടക്കുന്ന അവന്മാർ നേരെ ചെന്ന് കളിയാക്കിയവന്റെ വീടും മുറത്ത് കിടന്ന കാറും അടിച്ചു തകർത്തു. എന്നിട്ടും അരിശം തീരാഞ്ഞ് അയൽപക്കത്തെ വീടും കാറും കൂടി തരിപ്പണമാക്കി. തുടർന്ന് ഒളിവിൽ പോയ പത്തംഗ സംഘത്തിൽ അഞ്ചു പേരെ പൊലീസ് പിടികൂടി.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച അതിക്രമം നടത്തിയവരെയാണ് പിടികൂടിയത്. ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മുല്ലപ്പള്ളിൽ വീട്ടിൽ മജു മനോജ് (22), പാലക്കുഴി വീട്ടിൽ റോബി ജെ. പോൾ (27), മാമണത്ത് വീട്ടിൽ സോനുഎം. സോമരാജൻ (22), സുനീഷ് (22), പാമല കിഴക്കിനേത്ത് വീട്ടിൽ ബ്ലസൻ തോമസ് (18) എന്നിവരെയാണ് കീഴ്വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാമണത്ത് വീട്ടിൽ കുട്ടപ്പൻ, സാജന്റെ ഭാര്യ സുധ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ 15 നായിരുന്നു സംഭവം. പ്രതികളെ സുധയുടെ ഭർത്താവ് സാജൻ വീട്ടിൽ കയറി ചീത്ത വിളിച്ച സംഭവം നേരത്തേ ഉണ്ടായിരുന്നു. പിന്നീട് കോളനിയിലൂടെ വന്ന പ്രതികളെ സാജന്റെ വീട്ടുകാർ കളിയാക്കിയത്രേ. പ്രകോപിതരായ പ്രതികൾ കൈയിലിരുന്ന കമ്പി വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് സുധയുടെ വീടും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും അടിച്ച് തകർക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കുട്ടപ്പന്റെ വീടും വാഹനവും ഇവർ അടിച്ചു തകർത്തു.
ഒളിവിൽ പോയ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അഞ്ചു പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് ഇൻസ്പെക്ടർ സഞ്ജയ് പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തറുടെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ എസ്ഐമാരായ എംകെ ഷിബു, മധു, സായി സേനൻ, എഎസ്ഐ സദാശിവൻ, സിപിഒ അജു കെ. അലി, ഉണ്ണികൃഷ്ണൻ, എസ്പിയുടെ ഷാഡോ ടീം അംഗങ്ങളായ കെഎൻ അനിൽ, മനോജ്, ഹരികുമാർ, പ്യാരിലാൽ എന്നിവർ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്