- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കറിപ്പൊടികളിലെ മായത്തിൽ തുടർ വിവരാവകാശം കൊടുത്ത വിവരാവകാശ പ്രവർത്തകന് അതാത് ഓഫീസുകളിൽ നേരിട്ട് കൊടുക്കാൻ ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിന്റെ മറുപടി; ഉരുണ്ടുകളി മായം കലർന്ന കറിപ്പൊടികളുടെ പേര് മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ
പത്തനംതിട്ട: സംസ്ഥാനത്ത് വിപണിയിലുള്ള മായം കലർന്ന കറിപ്പൊടി ബ്രാൻഡുകളുടെ പേരുവിവരങ്ങൾ മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ അക്കിടി പറ്റിയ അവസ്ഥയിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയം. ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു കൊണ്ടു വന്ന വിവരാവകാശ പ്രവർത്തകൻ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് നൽകിയ തുടർ വിവരാവകാശ അപേക്ഷയിന്മേൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് ഉരുണ്ടു കളിക്കുന്നു.
നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് മാരക കീടനാശിനികൾ കലർന്ന കറിപ്പൊടികളുടെ വിവരം ലഭിച്ചത്. മുഖ്യധാരാ മാധ്യമങ്ങളോ ചാനലുകളോ ഈ ബ്രാൻഡുകളുടെ പേര് പുറത്തു വിടില്ലെന്ന് അറിയാവുന്നതിനാൽ മനോജ് മറുനാടനെ സമീപിച്ചു. മറുനാടൻ കമ്പനികളുടെ മുഴുവൻ പേര് വിവരങ്ങൾ പുറത്തു വിടുകയും ചെയ്തു. ഇതോടെ ജനങ്ങൾ സ്വന്തമായി കറിപ്പൊടികൾ തയാറാക്കുകയോ കുടുംബശ്രീ പോലെയുള്ള സംവിധാനങ്ങളിൽ നിന്നുള്ള കറിപ്പൊടികളെ ആശ്രയിക്കുകയോ ചെയ്യുകയാണ്.
വിൽപ്പനയിൽ വമ്പൻ ഇടിവാണ് പല കറിപ്പൊടികൾക്കും ഉണ്ടായത്. കരൾ, വൃക്ക, നാഡീവ്യൂഹം, തലച്ചോർ എന്നിവയെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളാണ് കറിപ്പൊടികളിൽ അടങ്ങിയിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ വ്യക്തമായി പറഞ്ഞിരുന്നു. ഈ വിവരങ്ങൾ ലഭ്യമാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിലേക്കാണ് മനോജ് അപേക്ഷ നൽകിയിരിരുന്നത്. അവിടെ നിന്ന് എല്ലാ ജില്ലാ ഓഫീസുകളിലേക്കും റീജണൽ ലബോറട്ടറികളിലേക്കും അപേക്ഷയുടെ പകർപ്പ് ചെല്ലുകയും അവയ്ക്കെല്ലാം കൃത്യമായ മറുപടി ലഭിക്കുകയും ചെയ്തു.
നേരത്തേ ലഭിച്ചത് 2022 മാർച്ച് വരെയുള്ള വിവരങ്ങളായിരുന്നു. അന്ന് അത് എല്ലാ ജില്ലാ ഓഫീസുകളിലേക്കും ഇവിടെ നിന്ന് അയച്ചു കൊടുക്കുകയും അതാത് ജില്ലാ ഓഫീസുകൾ സമയബന്ധിതമായി മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ കഴിഞ്ഞ ഒരു വർഷത്തെ വിവരങ്ങൾ ചോദിച്ചു കൊണ്ട് മനോജ് നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി വിചിത്രമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 17 ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ അഡ്രസും ഫോൺ നമ്പരും നൽകിയിട്ട് ഇവിടേക്ക് ചോദിക്കാനാണ് മറുപടി നൽകിയിരിക്കുന്നത്.
ഇത് വിവരാവകാശ നിയമത്തിന് എതിരാണെന്ന് മനോജ് ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമ പ്രകാരം വന്നിരിക്കുന്ന ചോദ്യം മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ഉള്ളതാണെങ്കിൽ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇങ്ങനെ അയച്ച വിവരം നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമുണ്ട്.
ഇവിടെ നൽകിയിരിക്കുന്ന മറുപടി പ്രകാരം എല്ലാ ഓഫീസുകളിലേക്കും വിവരാവകാശം നൽകണമെങ്കിൽ സ്റ്റാമ്പ് ചാർജ 10 രൂപ, തപാൽ ചാർജ്, അഡീഷണൽ പേപ്പറിനുള്ള ചാർജ് എന്നിവ അടക്കം ഓരോ ഓഫീസിലേക്കും ചെലവ് വരും. വിവരാവകാശ ചോദ്യം ചോദിക്കുന്നയാളുടെ പോക്കറ്റ് കീറുകയും ചെയ്യും. ചോദ്യം ഉന്നയിക്കുന്നയാൾ പിന്തിരിയുക എന്നതാണ് ഇത്തരം മറുപടികളൂടെ ലക്ഷ്യമെന്നും മനോജ് ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമപ്രകാരം മായം കലർന്ന കറിപ്പൊടികളുടെ പേര് വിവരം പുറത്തു വന്നത് ആ കമ്പനികളെ ബാധിച്ചിട്ടുണ്ട്. അവരുടെ സ്വാധീനമാകാം വീണ്ടും വിവരാവകാശത്തിന് മറുപടി നൽകുന്നതിന് തടസമാകുന്നതെന്ന് വേണം കരുതാൻ.