യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനു വേണ്ടി അമേരിക്ക കോടിക്കണക്കിന് പണം ഒഴുക്കിയപ്പോൾ ലൈബ്രറി സ്ഥാപിച്ചു നൽകിയെന്ന വാദവുമായി മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അഫ്ഗാന്റെ സുരക്ഷ ഏറ്റെടുക്കണം; സംഭാവനകളുടെ വലുപ്പം പറയുന്ന ലോക നേതാക്കൾക്കും ട്രംപ് ഉറ്റ സുഹൃത്തെന്ന മോദിയുടെ വാദത്തിനും കനത്ത തിരിച്ചടി
- Share
- Tweet
- Telegram
- LinkedIniiiii
വാഷിങ്ടൻ : അഫ്ഗാനിൽ യുദ്ധം സർവ്വവും തകർത്തെറിഞ്ഞിരിക്കവേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പണം മുടക്കുന്നതിന് അനുസരിച്ച് ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നതിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പേരെടുത്ത് വിമർശിച്ചതാണ് ഇപ്പോൾ ആഗോള തലത്തിൽ ചർച്ചയാകുന്നത്. 2019ലെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മോദിക്കെതിരെ ട്രംപ് വിമർശന ശരം തൊടുത്തത്. ഇന്ത്യയും മോദിയുമായി നല്ല അടുപ്പത്തിലാണെന്നു പറഞ്ഞ അദ്ദേഹം, അഫ്ഗാനിൽ ലൈബ്രറി സ്ഥാപിച്ചെന്നു മോദി പതിവായി തന്നോട് പറയാറുണ്ടെന്നു വ്യക്തമാക്കി.
നാം അഫ്ഗാനിൽ 5 മണിക്കൂർ ചെലവാക്കുന്ന തുകയേ ഇതിനാകൂ. ലൈബ്രറിക്ക് വളരെ നന്ദി എന്നു നാം അപ്പോൾ പറയുമെന്നാണ് വിചാരം. ആരാണ് അവിടെ ലൈബ്രറി ഉപയോഗിക്കുക എന്നറിയില്ല. ഇങ്ങനെ മുതലെടുക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വളരെ മാന്യനാണെന്നും വലിയ മനുഷ്യനാണെന്നും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും രാജ്യത്തെ ഒന്നിപ്പിച്ചെന്നും ട്രംപ് വിശേഷിപ്പിച്ചു.
ഇന്ത്യ, റഷ്യ, പാക്കിസ്ഥാൻ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ കൂടി അഫ്ഗാന്റെ സുരക്ഷാച്ചുമതല ഏറ്റെടുക്കണം. അമേരിക്ക ചെലവാക്കുന്ന കോടാനുകോടി ഡോളറിന്റെ അടുത്തെങ്ങുമെത്താഞ്ഞിട്ടും തങ്ങളുടെ സംഭാവനകളുടെ വലുപ്പം പറയുന്ന ലോക നേതാക്കൾക്ക് ഉദാഹരണമായാണ് മോദിയുടെ പേര് ട്രംപ് പറഞ്ഞത്.