ന്യൂഡൽഹി: പതിനാറ് കൊല്ലമായി രാജ്യം പിന്തുടരുന്ന വിദേശനയത്തിൽ മാറ്റം വരുത്തി ഇന്ത്യ. കോവിഡ് പ്രതിസന്ധി നേരിടാൻ മറ്റു രാജ്യങ്ങൾ നൽകിയ സഹായവാഗ്ദാനങ്ങൾ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലം മുതൽ പിന്തുടർന്നു വരുന്ന നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തുന്നത്.

മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് വിദേശസഹായം സ്വീകരിക്കേണ്ടതില്ല എന്ന നയം പ്രാബല്യത്തിൽ വന്നത്. 2004 ലെ സുനാമി ദുരന്തത്തിന് പിന്നാലെയാണ് രാജ്യത്തിന് വിദേശസഹായം ആവശ്യമില്ലെന്നും ദുരന്തം നേരിടാനും അതിജീവിക്കാനും ഇന്ത്യ പര്യാപ്തമാണെന്നും മന്മോഹൻ സിങ് പ്രഖ്യാപിച്ചത്. അത്യാവശ്യഘട്ടമുണ്ടായാൽ മാത്രം വിദേശസഹായം തേടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നയമാണ് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മാറ്റുന്നത്.

രാജ്യം നേരിടുന്ന ഓക്സിജൻക്ഷാമം, മരുന്നുകളുടേയും അനുബന്ധഉപകരണങ്ങളുടേയും ലഭ്യതക്കുറവ് എന്നിവ അടിയന്തരമായി പരിഹരിക്കാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കാമെന്ന തീരുമാനം സ്വാശ്രയത്വവും സ്വയം പര്യാപ്തതയും അടിസ്ഥാനമാക്കി വിദേശസ്രോതസ്സുകളിൽ നിന്നുള്ള പാരിതോഷികങ്ങൾ, സംഭാവനകൾ, മറ്റ് സഹായങ്ങൾ എന്നിവ സ്വീകരിക്കേണ്ടതില്ല എന്ന കർശനനിലപാടിൽ അയവ് വരുത്തും. ഇന്ത്യൻ എക്സ്പ്രസ്സാണ് നയം മാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.

അടിയന്തര സാഹചര്യമുണ്ടായാൽ ഓക്സിജൻ സംബന്ധിയായ ഉപകരണങ്ങളും ജീവൻരക്ഷാ മരുന്നുകളും ഇന്ത്യ ചൈനയിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. അടിയന്തരസാഹചര്യമുണ്ടായാൽ ഓക്സിജൻ അനുബന്ധഉപകരണങ്ങൾക്കായി ചൈനയെ ഇന്ത്യ സമീപിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 25,000 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇന്ത്യയിലേക്കുള്ള വിതരണത്തിനായി തയ്യാറാകുന്നതായി ഇന്ത്യയിലേക്കുള്ള ചൈനീസ് അംബാസിഡർ സൺ വെയ്ൻദോങ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് സാഹചര്യം നേരിടാൻ പാക്കിസ്ഥാൻ നീട്ടിയ സഹായഹസ്തം സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി സൂചനയുണ്ട്.



കോവിഡ് രൂക്ഷമായ ഇന്ത്യയ്ക്ക് ഇതിനോടകം ഇരുപതോളം രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, യുകെ, ഫ്രൻസ്, ജർമനി, റഷ്യ, അയർലൻഡ്, ബെൽജിയം,റൊമേനിയ, ലക്സംബർഗ്, പോർച്ചുഗൽ, സ്വീഡൻ, ഓസ്ട്രേലിയ, ഭൂട്ടാൻ, സിങ്കപ്പുർ, സൗദി അറേബ്യ, ഹോങ്കോങ്, തായ്ലൻഡ്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ്, നോർവേ, ഇറ്റലി, യുഎഇ എന്നിവയാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം നൽകിയിട്ടുള്ളത്. പിഎം-കെയേഴ്സ് ഫണ്ടിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കാമെന്ന് കഴിഞ്ഞ കൊല്ലം കൈക്കൊണ്ട കേന്ദ്രതീരുമാനം വിദേശസഹായമാവാമെന്ന സൂചന നൽകിയിരുന്നു.

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിലേക്ക് സഹായമെത്തിക്കണമെന്നാണ് വിദേശരാജ്യങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന. കൂടാതെ കോവിഡ് പ്രതിസന്ധി നേരിടാൻ വിദേശസ്രോതസ്സുകളിൽ നിന്നുള്ള സഹായം സ്വീകരിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ മുതൽ വാക്സിൻ വരെയുള്ള കയറ്റുമതിക്ക് പകരമായാണ് വിദേശരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്.

കശ്മീർ ഭൂകമ്പം(2005), കശ്മീർ പ്രളയം(2014) ഉത്തരാഖണ്ഡ് പ്രളയം(2013) എന്നീ അവസരങ്ങളിൽ വിദേശരാജ്യങ്ങൾ മുന്നോട്ടു വെച്ച വിദേശസഹായം ഇന്ത്യ നിരസിച്ചിരുന്നു. 2018 ൽ കേരളത്തിൽ പ്രളയമുണ്ടായസമയത്ത് യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുമതി നിഷേധിച്ചിരുന്നു.