- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയിൽ നിന്നും ചൈനയിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ യോഗ്യത നേടാൻ വേണ്ടത് എഫ് എം ജി ഇ ടെസ്റ്റ്; അമ്പതു ലക്ഷത്തോളം മുടക്കി എംബിബിഎസ് നേടിയിട്ടും വഴിമുട്ടി വിദ്യാർത്ഥികളുടെ ജീവിതം; തോൽപ്പിക്കപ്പെടുകയല്ല തോൽക്കുകയാണ് ചെയ്യുന്നത് എന്ന് അക്കാദമിക വിദഗ്ദർ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനെ ചൊല്ലി വിവാദം പുകയുമ്പോൾ
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ എംബിബിഎസ് നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) അടുത്ത മാസം നടക്കാനിരിക്കെ രക്ഷിതാക്കളിൽ പലർക്കും ചങ്കിടിക്കുന്നു. കൊറോണ കാരണം നീട്ടിയ മുൻപത്തെ പരീക്ഷ കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. ഇപ്പോൾ അടുത്ത മാസം വീണ്ടും പരീക്ഷ എത്തുകയാണ്. മെഡിക്കൽ കൗൺസിൽ നടത്തുന്ന ഈ തുല്യതാ പരീക്ഷ പാസായാൽ മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് നടത്താനോ എംഡിക്ക് പോകാനോ കഴിയുകയുള്ളൂ. ആറു മാസം കൂടുമ്പോൾ പരീക്ഷ നടക്കും.
അൻപത് ശതമാനം മാത്രം മാർക്ക് മതിയെങ്കിലും ഈ പാസ് മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് പലർക്കും കഴിയുന്നുമില്ല. 17000 ത്തോളം കുട്ടികളാണ് ഓൾ ഇന്ത്യാ ലെവലിൽ ഓരോ തവണയും പരീക്ഷ എഴുതുന്നത്. ഇരുപത് തവണ വരെ എഴുതിയ വിദ്യാർത്ഥികളുണ്ട്. പലപ്പോഴും വിജയം ഒരു ശതമാനം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പരീക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളി. എഫ്.എം.ജി.ഇ ടെസ്റ്റിലെ തോൽവിയിൽ പല വിദ്യാർത്ഥികളുടെ ജീവിതവും വഴിമുട്ടുകയാണ്. നാല്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ വരുന്നത്. ഇവിടെ എത്തുമ്പോൾ എഫ്.എം.ജി.ഇ എന്ന കടമ്പയിൽ തട്ടി മുക്കാൽ പങ്കു വിദ്യാർത്ഥികളും കടപുഴകുകയാണ്.
2002 മാർച്ച് മുതലാണ് ഈ ടെസ്റ്റ് മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തുന്നത്. അതിനു ശേഷമുള്ള അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്.
ഇരുപത് തവണ വരെ എഴുതിയിട്ടും വിജയം കാണാതെ വിദ്യാർത്ഥികൾ
ഇരുപത് തവണ വരെ എഴുതി പരാജയം രുചിച്ചവർ ഒരുപാടുണ്ട്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിലെ തിരുവനന്തപുരവും കൊച്ചിയിലും കോഴിക്കോടും സെന്ററുകൾ ഉണ്ട്.
എംബിബിഎസ് ലെവലിന് അതീതമായ ചോദ്യങ്ങൾ വരുന്നു. ഔട്ട് ഓഫ് സിലബസ് ആയി ചോദ്യങ്ങൾ വരുന്നു എന്നതൊക്കെയാണ് തോറ്റ വിദ്യാർത്ഥികൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. അൻപത് ലക്ഷം രൂപവരെ മുടക്കിയാണ് വിദേശ സർവകലാശാലകളിൽ നിന്നും എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ എത്തുന്നത്. പക്ഷെ തുല്യതാ പരീക്ഷ എന്ന കടമ്പയിൽ പലരും മൂക്കുകുത്തി വീഴുകയാണ്. അൻപത് ലക്ഷം രൂപവരെ ചെലവാക്കി എംബിബിഎസുമായി വരുന്ന വിദ്യാർത്ഥികളെ രക്ഷിതാക്കൾ വീണ്ടും തുല്യതാ പരീക്ഷ എന്ന കടമ്പയ്ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുകയാണ്.
വിദ്യാർത്ഥികളെ പിഴിയാൻ ഡൽഹി ഗൗതം നഗറിലെ കേന്ദ്രങ്ങൾ
പല രക്ഷിതാക്കളും വിദ്യാർത്ഥികളെ അയക്കുന്നത് ഡൽഹിയിലെ സ്ഥാപനങ്ങളിലേക്ക് ആണ്. ഡൽഹി ഗൗതം നഗർ ആണ് ഇതിന്റെ കേന്ദ്രം. ഒരു ലക്ഷം രൂപവരെയാണ് ഫീസ്. രണ്ടു മൂന്നു മാസത്തെ കോഴ്സിനു ഹോസ്റ്റൽ ഫീസ്, ചെലവ് തുടങ്ങി ഒന്ന് രണ്ടു ലക്ഷം രൂപ വേറെയും കണ്ടെത്തണം. എന്നിട്ട് പോലും പലർക്കും ഈ കടമ്പ കടന്നു കയറാൻ കഴിയുന്നില്ല. ഇതുകൊണ്ടോക്കെയാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ ഭീതിയോടെ വീക്ഷിക്കപ്പെടുന്നത്.
തോറ്റാൽ വീണ്ടും കുട്ടികൾക്ക് ഇൻസ്റ്റിട്ട്യുട്ടിൽ ചേരേണ്ടി വരും. അപ്പോൾ വീണ്ടും ലക്ഷങ്ങൾ തന്നെ കണ്ടെത്തേണ്ടിയും വരും. രഹസ്യാത്മകയുള്ള പരീക്ഷയാണിത്. ചോദ്യപേപ്പർ, ആൻസർ കീ ഒന്നും പുറത്ത് വരില്ല. ഓൺലൈൻ എക്സാം ആയി പരീക്ഷ നടത്തുമ്പോൾ ലാപ്ടോപ്പ് അടക്കം പ്രൊവൈഡ് ചെയ്യുന്നത് പരീക്ഷ നടത്തിപ്പുകാർ തന്നെയാണ്. മുന്നൂറിലാണ് മാർക്ക്- 150 മാർക്ക് വാങ്ങിയാൽ പാസാകാം. അഞ്ച് മണിക്കൂർ പരീക്ഷയാണ് രാവിലെയും വൈകീട്ടുമായി നടക്കുന്നത്.
പക്ഷെ ജയിക്കാൻ വേണ്ട പകുതി മാർക്ക് പോലും സ്കോർ ചെയ്യാൻ കഴിയുന്നില്ല. അഞ്ച് വർഷം എംബിബിഎസ് കഴിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്കുള്ള ചോദ്യങ്ങൾ ആണ് എന്നാണ് മെഡിക്കൽ കൗൺസിൽ പറയുന്നത്. പക്ഷെ വിദ്യാർത്ഥികൾക്ക് പ്രയാസകരമായ ചോദ്യങ്ങളാണ് നൽകുന്നത് എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
റിസൽട്ടുകൾ വിത്ത് ഹെൽഡ് ചെയ്യുന്ന പ്രവണതയും വ്യാപകം
പരീക്ഷ കഴിഞ്ഞാൽ ചില റിസൽട്ടുകൾ വിത്ത് ഹെൽഡ് ചെയ്യുന്ന പ്രവണതയുണ്ട്. ഇവരിൽ ചിലരെ ജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ വരെ പല വിദ്യാർത്ഥികൾക്കും കടന്നുകൂടാൻ കഴിയുന്നില്ല. ഇതാണ് പരീക്ഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തലവേദനയായി മാറുന്നത്. എന്റെ മകൻ 2015 ഡിസംബറിൽ ആണ് ആദ്യം പരീക്ഷ എഴുതുന്നത്. ഇതുവരെ ടെസ്റ്റ് എന്ന കടമ്പ കടക്കാൻ അവനു കഴിഞ്ഞില്ല-ചൈനയിലെ വുഹാനിൽ നിന്ന് എംബിബിഎസ് പാസായി വന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് മറുനാടനോട് പറഞ്ഞു. ഞങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കും എന്നും രക്ഷിതാവ് പറയുന്നു.
വിദ്യാർത്ഥികൾ തോൽപ്പിക്കപ്പെടുകയാണ് എന്ന വാദം തള്ളി അക്കാദമിക വിദഗ്ദർ
എന്നാൽ വിദ്യാർത്ഥികൾ തോൽപ്പിക്കപ്പെടുകയാണ് എന്ന രക്ഷിതാക്കളുടെ വാദം മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ടവർ തള്ളിക്കളയുന്നു. തോൽപ്പിക്കപ്പെടില്ല. വിദ്യാർത്ഥികൾ തോൽക്കുകയാണ് ചെയ്യുന്നത്-കേരള മെഡിക്കൽ കൗൺസിൽ അംഗം ഡോക്ടർ കെ.വി.മുകുന്ദൻ മറുനാടനോട് പറഞ്ഞു. വിദ്യാർത്ഥികളുടെ കോച്ചിങ് നിലവാരം കുറഞ്ഞു എന്നതാണ് തോൽവി കാണിക്കുന്നത്. ഇവിടെ എൻട്രൻസ് എഴുതി പരാജയം രുചിച്ചവരാണ് വിദേശത്ത് എംബിബിഎസ് ചെയ്യാൻ പോകുന്നത്. ഇവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ നിലവാരം എന്താണ് എന്ന് പറയാൻ കഴിയില്ല. ഇവർ പഠനവേളയിൽ രോഗികളെ കാണുന്നുണ്ടോ പരിശോധിക്കുന്നുണ്ടോ എന്നൊക്കെ പരിഗണിക്കെണ്ടതുണ്ട്.
വിദ്യാർത്ഥികളെ മനഃപൂർവം തോൽപ്പിക്കുന്നു എന്ന ആരോപണം തള്ളിക്കളയുകയാണ്. ഇങ്ങനെ വരുന്ന വിദ്യാർത്ഥികളെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനു മുൻപ് പ്രമുഖ മെഡിക്കൽ കോളേജുകളിൽ ഒരു വർഷം ട്രെയിനിംഗിന് അയക്കണം എന്നൊരു ശുപാർശ കേരള മെഡിക്കൽ കൗൺസിൽ നൽകിയിരുന്നു. പക്ഷെ ശുപാർശ പരിഗണിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ മെഡിക്കൽ കോളേജുകളിലെ വിവിധ വിഭാഗങ്ങളിൽ ട്രെയിനിങ് കഴിഞ്ഞാൽ ഇവർക്ക് ഒരു പക്ഷെ എൻട്രൻസ് എക്സാം എളുപ്പമായി മാറിയേക്കും-ഡോക്ടർ മുകുന്ദൻ പറയുന്നു.
ഈ രീതിയിലുള്ള അഭിപ്രായം തന്നെയാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ ആർ. എസ് ശശികുമാറും മറുനാടനോട് പറഞ്ഞത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനിൽ മനഃപൂർവം തോൽപ്പിക്കുകയാണ് എന്ന് പറയാൻ കഴിയില്ല. അങ്ങിനെ പറഞ്ഞാൽ ആരോഗ്യമേഖലയിൽ അപകടം നമ്മൾ തന്നെ സൃഷ്ടിക്കുകയാണ് എന്ന് വരും. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഒരു പാട് കുട്ടികൾ എംബിബിഎസ് കഴിഞ്ഞു വരുന്നുണ്ട്. അവർ പഠിക്കാൻ പോകുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ല. നമ്മുടെ കുട്ടികൾ ആണ്. പക്ഷെ നമ്മൾ ഒരു ടെസ്റ്റ് നടത്താതെ ഇങ്ങനെ ഈ കുട്ടികളെ വിശ്വസിച്ച് ഡോക്ടർ ആക്കും? അല്ലെങ്കിൽ അതിന്റെ ദുരന്തം അനുഭവിക്കാൻ പോകുന്നത് നമ്മുടെ ആരോഗ്യ മേഖലയാകും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന ടെസ്റ്റിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്താൽ അത് അപകടമാകും. ടെസ്റ്റ് ഡയല്യൂട്ടഡ് ആകാൻ പാടില്ല. മുന്നൂറു മാർക്കിന്റെ പരീക്ഷയിൽ 150 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവർ എന്തിന് ഡോക്ടർമാർ ആകണം എന്ന ചോദ്യം നമുക്ക് മുൻപാകെയുണ്ട്-ശശികുമാർ പറയുന്നു.
എഫ്എംജിഇ ടെസ്റ്റ് ഇങ്ങനെ:
വിദേശത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് അടിസ്ഥാന മെഡിക്കൽ യോഗ്യത നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയാണിത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ നടത്തുന്നത് മെഡിക്കൽ കൗൺസിൽ നിർദ്ദേശ പ്രകാരമാണ്. പരീക്ഷ നടത്തിപ്പ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസുംയ
വിദേശത്തു നിന്ന് എം.ബി.ബി.എസ് എടുത്തവർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ താത്കാലിക/ സ്ഥിരം രജിസ്ട്രേഷൻ നേടാൻ ഈ യോഗ്യതാ പരീക്ഷ ജയിക്കണം. അപേക്ഷകർ, ഭാരതീയരോ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാരോ ആയിരിക്കണം. അപേക്ഷാർഥി കരസ്ഥമാക്കിയ വിദേശ യോഗ്യത ആ രാജ്യത്ത് മെഡിക്കൽ പ്രാക്ടീഷണറാകാൻ വേണ്ട അംഗീകൃത മെഡിക്കൽ യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി ഉറപ്പാക്കണം.
യോഗ്യതാ പരീക്ഷ, എത്ര തവണ വേണമെങ്കിലും ഒരാൾക്ക് അഭിമുഖീകരിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, ഒരു പേപ്പർ ഉണ്ടാകും. രണ്ടു ഭാഗങ്ങളിലായി 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (150 വീതം). പരമാവധി മാർക്ക് 300. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല. മൊത്തത്തിൽ 150 (50 ശതമാനം) മാർക്ക് കിട്ടിയാൽ യോഗ്യത നേടും. കോഴിക്കോടും തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.