- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോൺവിളിയിൽ കുരുങ്ങി ശശീന്ദ്രൻ രാജി വെക്കുമെന്ന് കരുതി; മന്ത്രി അറിയാതെ തോന്നുംപടി വനംവകുപ്പിൽ സ്ഥലംമാറ്റം; ശശീന്ദ്രൻ കസേരയിൽ തുടർന്നപ്പോൾ സ്ഥലം മാറ്റം റദ്ദാക്കൽ; അഴിമതിക്ക് കളമൊരുക്കി പണി വാങ്ങിയത് വനംവകുപ്പ് മേധാവി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഏറ്റവും വിവാദങ്ങളിൽ കുടുങ്ങിയ വകുപ്പായിരുന്നു വനംവകുപ്പ. മുട്ടിൽ മരംമുറി വിവാദത്തിന് പിന്നാലെ വകുപ്പുമന്ത്രി ഫോൺവിളി വിവാദത്തിലും കുരുങ്ങി. ഈ വിവാദങ്ങൾ മാറയാക്കി ചില നീക്കങ്ങളും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തി. വനം മന്ത്രി എകെ ശശീന്ദ്രൻ ഫോൺവിളി വിവാദത്തിൽ രാജി വയ്ക്കുമെന്ന് കരുതി അതിന്റെ മറവിൽ സ്വന്തക്കാരെയും പണം നൽകിയവരെയും ആവശ്യമുള്ള സ്ഥലങ്ങളിലേയ്ക്ക് തലങ്ങുംവിലങ്ങും ട്രാൻസ്ഫർ ചെയ്ത് വനം വകുപ്പ് മേധാവിയാണ് സൂപ്പർ മന്ത്രി ചമഞ്ഞത്.
ഉത്തരവ് ഉടൻ പ്രാബല്യത്തിലെന്ന നിർദ്ദേശത്തോടെയായിരുന്നു റെയ്ഞ്ച് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയത്. വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. അദ്ദേഹം അറിയാതെയുള്ള ഉത്തരവുകൾക്ക് പിന്നിൽ കൃത്യമായ ദുരുദ്ദേശ്യവും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥ ലോബിയുടെ താൻപ്രമാണിത്തം കാണിക്കലായിരുന്നു ഒരു ലക്ഷ്യം. മന്ത്രി രാജി വച്ചില്ലെങ്കിലും ഈ വിവാദം കുറച്ചുദിവസങ്ങൾ കൂടി നീളുമെന്നും, വിവാദത്തിൽ പെട്ടിരിക്കുന്ന മന്ത്രി ഈ സ്ഥലംമാറ്റങ്ങളൊന്നും ശ്രദ്ധിക്കില്ല എന്നായിരുന്നു അവർ കരുതിയിരുന്നത്. അതിന്റെപേരില് 44 പേരെയാണ് ഒറ്റയടിക്ക് ട്രാൻസ്ഫർ ചെയ്തത്. അവർക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ ദൂരെസ്ഥലങ്ങളിലേയ്ക്ക് സ്ഥലംമാറ്റിയതും ഇക്കൂട്ടത്തിൽപ്പെടും.
ഇതുകൂടാതെ മുട്ടിൽ മരംമുറികേസിലെ കുറ്റാരോപിതനായുള്ള ഡിഎഫ്ഒ അടക്കമുള്ള ഡിഎഫ്ഒമാർക്ക് 'മികച്ച' സ്ഥലങ്ങളിലേയ്ക്ക് മാറ്റം നൽകാനുള്ള ഉത്തരവും വനം വകുപ്പ് മേധാവി തയ്യാറാക്കി വച്ചിരുന്നു. ഇതെല്ലാം വകുപ്പിലെ താൻപോരിമയ്ക്കുള്ള തെളിവുകളായി മാറി. അതേസമയം മന്ത്രിയുടെ രാജി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ശശീന്ദന് നൽകിയ ഉറപ്പ് വനംവകുപ്പിൽ തക്കം പാർത്തിരുന്ന ഉദ്യോഗസ്ഥർക്ക് തിരിച്ചി ആകുകയായിരുന്നു.
വിവാദങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ച മന്ത്രി ഇന്ന് ഓഫീസിൽ തിരിച്ചെത്തിയ മന്ത്രി റെയ്ഞ്ച് ഓഫീസർമാരുടെ ട്രാൻസ്ഫർ ഉത്തരവ് റദ്ദ് ചെയ്തു. ഡിഎഫ്ഒമാരുടെ ട്രാൻസ്ഫറും മന്ത്രി വിലക്കിയിട്ടുണ്ട്. ഉത്തരവിറക്കിയ വകുപ്പ് മേധാവി തന്നെ അവ റദ്ദ് ചെയ്തുകൊണ്ടുള്ള പുതിയ ഉത്തരവും പുറത്തിറക്കി. മന്ത്രി അറിയാതെ ഉത്തരവിറക്കി അഴിമതിക്ക് കളമൊരുക്കിയ വനംവകുപ്പ് മേധാവിക്ക് തിരിച്ചടിയായി ഉത്തരവുകൾ റദ്ദ് ചെയ്യാനുള്ള മന്ത്രിയുടെ നിർദ്ദേശം.
വനംവകുപ്പിൽ ഉദ്യോഗസ്ഥഭരണമാണെന്ന പരാതി വളരെക്കാലമായി ഉണ്ടായിരുന്നതാണ്. രാഷ്ട്രീയനേതൃത്വം അറിയാതെ തന്നെ താഴേയ്ക്കിടയിൽ വ്യാപക സ്ഥലംമാറ്റങ്ങൾ നടക്കുന്നു എന്ന് ആരോപിച്ച് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമാണ് ജീവനക്കാരെ സ്ഥലംമാറ്റുന്നതെന്ന പരാതി വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്. 2017 ൽ സർക്കാർ പുതുക്കി നിശ്ചയിച്ച ജീവനക്കാരുടെ സ്ഥലമാറ്റ നിബന്ധനങ്ങൾക്ക് വനംവകുപ്പ് മേധാവി ഒരുവിലയും നൽകുന്നില്ലെന്ന് അവർ പരാതിപ്പെടുന്നു. ഒരുമാസം മുമ്പ് സമാനമായ വിഷയത്തിൽ സ്ഥലംമാറ്റപ്രശ്നത്തിൽ വനംവകുപ്പ് ജീവനക്കാർ ഉന്നതഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയിരുന്നു. അച്ചടക്ക നടപടി നേരിട്ട് സ്ഥലംമാറ്റം ലഭിച്ചവരെ വീണ്ടും പഴയസ്ഥലത്തേക്ക് മാറ്റിയതിനെതിരെയായിരുന്നു അന്ന് ജീവനക്കാർ രംഗത്തെത്തിയത്.
ഈ ഉദ്യോഗസ്ഥഭരണത്തിനെതിരായ താക്കീത് കൂടിയായി വനംവകുപ്പ് മേധാവി മന്ത്രി അറിയാതെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിക്കാനുള്ള തീരുമാനം. വനംവകുപ്പിൽ നടക്കുന്ന വ്യാപക അഴിമതിയുടെ ഒരറ്റം മാത്രമാണ് മന്ത്രി അറിയാതെ പണം വാങ്ങി ട്രാൻസ്ഫർ നൽകാനുള്ള ശ്രമമെന്ന് ഒരുവിഭാഗം ജീവനക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ