- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിന് സ്ഥലംമാറ്റി; ആലപ്പുഴയിലേക്ക് മാറ്റിയത് ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്ക്; വനിതയെന്ന പരിഗണന നൽകിയില്ല; നിയമസഭാ കയ്യാങ്കളി കേസിലെ കോടതി വിധി തന്റെ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് ബീന സതീഷ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി തന്റെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമെന്ന് കേസിലെ മുൻ സർക്കാർ അഭിഭാഷക ബീന സതീഷ്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ തന്റെ കരിയരിൽ നേരിടേണ്ടി വന്നത് കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലുമെന്ന് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന ബീനാ സതീഷ് പറഞ്ഞു.
സിജെഎം കോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ പരാജയം ഏറ്റുവാങ്ങുമ്പോൾ എത്രമൂടിവച്ചാലും സത്യം പുറത്തു വരുമെന്ന് വീണ്ടും തെളിയിക്കുന്നതാണ്.
തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയാങ്കളി കേസ് വിചാരണയ്ക്ക് എത്തിയപ്പോൾ കേസ് പിൻവലിക്കണമെന്ന നിർദേശമാണ് സർക്കാർ പ്രോസിക്യൂട്ടറായിരുന്ന ബീനയ്ക്ക് നൽകിയത്. ഇതിനായി ഹർജി ഫയൽ ചെയ്യാനും ബീനയ്ക്ക് മുകളിൽ നിന്നും നിർദ്ദേശം ലഭിച്ചു. എന്നാൽ ലോകം മുഴുവൻ തത്സമയം കാണുകയും ദേശീയ തലത്തിൽ പോലും വിവാദമാക്കുകയും ചെയ്ത ഈ നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന് ബീന നിലപാട് എടുത്തു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചാലും കോടതിക്ക് മുന്നിൽ വാദിക്കാൻ യാതൊന്നുമില്ലെന്നുള്ള യഥാർത്ഥ്യവും ബീന ഉന്നത ദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
സിജെഎം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായ കടുത്ത നിലപാട് എടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതോടെ ബീനയെ മറികടന്ന് പ്രതികൾക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു. ഹർജിയിൽ നടന്ന വാദത്തിനിടെ ബീനയും പ്രതികൾക്കായി സിപിഎം കൊണ്ടു വന്ന അഭിഭാഷകൻ കെ.രാജഗോപാലൻ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ നടന്നത്. സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിന്റെ വാദം അംഗീകരിച്ച കോടതി രൂക്ഷവിമർശനം നടത്തി കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളി.
സർക്കാരിന്റെ ഭാഗത്തുനിന്നും സിപിഎം അനുകൂലികളായ ചില സഹപ്രവർത്തകരിൽനിന്നും കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലുകളുമാണ് നേരിടേണ്ടി വന്നത്. സമ്മർദ്ദങ്ങളെ തുടർന്നുണ്ടായ മാനസിക സംഘർഷങ്ങളെ തുടർന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും അവർ പറഞ്ഞു.
'സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടർന്ന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലും തരാതെ സ്ഥലം മാറ്റിയത്. 21 വർഷത്തെ സർവീസിനിടെ ഒരു മെമോ പോലും സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കാത്ത ആളായിരുന്നു ഞാൻ. അങ്ങനെയുള്ളപ്പോളാണ് ഒരു കേസിന്റെ ഭാഗമായി സ്ഥലം മാറ്റുന്നത്. അതെന്റെ സർവീസ് ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്.
'എന്റെ നിലപാടുകൾക്ക് നിയമം അറിയുന്നവർ മുഴുവൻ പിന്തുണ നൽകി. വഞ്ചിയൂർ കോടതി മുതൽ സുപ്രീം കോടതി വരെ എന്റെ നിലപാടുകൾ അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട്. എറണാകുളം എ.സി.ജെ.എം. കോടതിയിൽ അവിടുത്തെ പ്രോസിക്യൂട്ടറാണ് കേസ് ഫയൽ ചെയ്തത്. അത് പിന്നീട് വഞ്ചിയൂർ സി.ജെ.എമ്മിലേക്ക് ട്രാൻസ്ഫർ ചെയ്തു. അപ്പോൾ പ്രതിഭാഗം അഭിഭാഷകൻ എന്ന പേരിൽ രാജഗോപാൽ എന്നയാൾ രംഗത്ത് വന്നു. എന്നാൽ, പ്രതിക്ക് കോടതിയിൽ ഈ വിഷയത്തിൽ വാദം പറയാനുള്ള അവകാശമില്ലെന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു.' ബീന സതീഷ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.
നിരവധി വർഷം പ്രോസിക്യൂട്ടറായിരുന്ന രാജഗോപാൽ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. സർക്കാർ നിലപാട് ശരിയല്ലാതിരുന്നതുകൊണ്ടാണ് കൂടെ നിൽക്കാതിരുന്നതെന്നും ബീന വ്യക്തമാക്കി.
കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവർ വിചാരണ നേരിടണമെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചത്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് എം.ആർ. ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം.
സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എംഎൽഎമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു
ന്യൂസ് ഡെസ്ക്