കോഴിക്കോട്: സിപിഎം പാർട്ടി കോൺഗ്രസിന് എത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച കാർ താൻ വാടകയ്ക്ക് നൽകിയതാണെന്ന് ഉടമ സിദ്ദീഖ് പുത്തൻപുരയിൽ. താൻ എസ്.ഡി.പി.ഐക്കാരൻ അല്ലെന്നും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേയുള്ളത് രാഷ്ട്രീയ കേസുകളാണെന്നും നിലവിൽ കേസുകളൊന്നുമില്ലെന്നും സിദ്ദീഖ് പ്രതികരിച്ചു. ഇത് പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.

കാർ വാടകക്ക് കൊടുക്കാനുള്ള അനുമതി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സ്വകാര്യ വാഹനം രജിസ്റ്റർചെയ്യുന്ന രീതിയിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ലെന്നതാണ് ചട്ടം. ഇതിനൊപ്പം സിദ്ദിഖിന്റെ വിഷയത്തിൽ മുസ്ലിം ലീഗിന്റെ പ്രതികരണവും നിർണ്ണായകമാകും.

യെച്ചൂരി സഞ്ചരിച്ചിരുന്ന കെ.എൽ എ.ബി - 5000 നമ്പറിലുള്ള ഫോർച്യൂണർ കാർ എസ്.ഡി.പി.ഐക്കാരന്റെ കാറാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. കാർ ഉടമ സിദ്ദീഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സിദ്ദീഖ് സഹായിച്ചതിന് സിപിഎം തിരിച്ച് സഹായം നൽകിക്കാണുമെന്നും ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ഹരിദാസ് പറഞ്ഞിരുന്നു.

താൻ എസ്.ഡി.പി.ഐക്കാരൻ അല്ലെന്നും കാർ വാടകയ്ക്ക് നൽകിയതാണെന്നുമാണ് വാഹന ഉടമയുടെ പ്രതികരണം. ട്രാവൽസ് ഉടമ എന്ന നിലയിൽ നേരത്തെയും വാഹനം വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നും ഏത് രാഷ്ട്രീയ പാർട്ടിക്കാരാണ് വാഹനം ആവശ്യപ്പെടുന്നതെന്ന് നോക്കാറില്ലെന്നും സിദ്ദീഖ് പുത്തൻപുരയിൽ പറഞ്ഞു.

നേരത്തെ രാഷ്ട്രീയ കേസുകളിൽ പ്രതിയായിട്ടുണ്ടെങ്കിലും നിലവിൽ തന്റെ പേരിൽ കേസുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവിത്രൻ എന്ന സുഹൃത്താണ് കാർ വാടകയ്ക്ക് എടുത്തത്. അയാൾ ഏത് പാർട്ടിയാണ് എന്നകാര്യം അറിയില്ല. നേരത്തെയും ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2010 ഒക്ടോബർ മാസം 21ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചിരുന്നു

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് വാഹനമെത്തിച്ചത്. സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ ലീഗും രാത്രികാലങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകനുമാണ്. അതോടൊപ്പംതന്നെ ഇയാൾ സിപിഎമ്മുമായും സജീവബന്ധം നിലനിർത്തുന്നു. സിദ്ദീഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു.

അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്.ഡി.പി.ഐക്കാൻ നൽകേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധമാണെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കാറുടമ എത്തുന്നത്. വാടകയ്ക്ക് ഓടുന്ന കാറിന് കൂടുതൽ നികുതി അടയ്‌ക്കേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് കുറവും. അതുകൊണ്ട് തന്നെ യെച്ചൂരിക്ക് കാർ വാടകയ്ക്ക് നൽകിയതാണെന്ന് പറയുമ്പോൾ അത് പുതിയ വിവാദങ്ങൾക്കും ഇട നൽകും.