- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക് ഫംഗസ് ഭീതി കേരളത്തിലും പിടിമുറുക്കുന്നു; മ്യൂക്കർമൈക്കോസിസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേർ കൂടി; മരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾ; ബ്ലാക്ക് ഫംഗസ് രോഗം വിനാശകാരിയെന്നും ഇതുവരെ 7000 ജീവൻ കവർന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ
കൊച്ചി: മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി സംസ്ഥാനത്ത് നാല് മരണം കൂടി. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ ഉള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം ടി കോളനി നിവാസിയും. മരണമടഞ്ഞ മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്.
ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്. ഇവരിൽ ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി രോഗം ഗുരുതരമായി മരണമടഞ്ഞു. ആറ് മ്യൂക്കർമൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാളായ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ വ്യക്തമാക്കി. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് ഇതുവരെ 8848 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായാ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ബ്ലാക്ക് ഫംഗസ് കേസുകൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഗുജറാത്തിലാണ് കൂടുതൽ കേസുകൾ(2281), മഹാരാഷ്ട്ര(2000), ആന്ധ്രപ്രദേശ്(910), മധ്യപ്രദേശ്(720), രാജസ്ഥാൻ(700) എന്നിവയാണ് ബ്ലാക്ക് ഫംഗസ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത് അഞ്ച് സംസ്ഥാനങ്ങൾ.
മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്(ബ്ലാക്ക് ഫംഗസ് മ്യൂക്കോമിസൈറ്റുകൾ എന്ന പൂപ്പലുകൾ അന്തരീക്ഷത്തിൽനിന്ന് മൂക്കിലൂടെ സൈനസുകൾ വഴി കണ്ണിൽ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു. മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാൽ രോഗം ഗുരുതരമാകുന്ന ചില കേസുകളിൽ രോഗം ബാധിച്ച ശരീരഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകൾ രാജ്യത്ത് കൂടി വരികയാണ്.
കണ്ണിനു ചുറ്റും അല്ലെങ്കിൽ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലർന്ന ഛർദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങൾ. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലർന്നമുള്ള മൂക്കൊലിപ്പ്, കവിൾ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കിൽ നീർവീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കിൽ അണ്ണാക്കിനു മുകളിൽ കറുത്ത നിറം, പല്ലുകൾക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങൽ അല്ലെങ്കിൽ ഇരട്ടക്കാഴ്ച, ധമനികളിൽ രക്തം കട്ടപിടിക്കൽ, കോശമരണം, തൊലിക്കു കേടുവരൽ, നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ