- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച അടയ്ക്ക വിറ്റ കടയിൽ നിന്നു തന്നെ കുരുമുളകും കവർന്നു; പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ സംഘത്തിൽ ചേർത്തത് മയക്കുമരുന്ന് നൽകിയും; ഒടുവിൽ നാലംഗ കവർച്ചാ സംഘം പിടിയിൽ
കോഴിക്കോട്: താമരശ്ശേരി, ബാലുശ്ശേരി ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതികളെ താമരശ്ശേരി ഡി വൈ എസ് പി ടി അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി വാവാട് മൊട്ടമ്മൽ ഫസലുദ്ധീൻ തങ്ങൾ(26), ബാലുശ്ശേരി കിനാലൂർ എച്ചിങ്ങാപൊയിൽ ഹർഷാദ് എന്നിവരെയാണ് താമരശ്ശേരി വെച്ചു പിടികൂടിയത്. ഇതേ സംഘത്തിൽപെട്ട താമരശ്ശേരി ചുടലമുക്ക് പൂമംഗലത്തുചാലിൽ ഇജാസിനെ നാലു ദിവസം മുൻപ് വാവാട് നിന്ന് കളവ് നടത്തിയ ബുള്ളറ്റുമായി കൊടുവള്ളിയിൽ വെച്ചും, താമരശ്ശേരി വാടിക്കൽ തൂവ്വക്കുന്നുമ്മൽ ഫായിസ്(22) നെ താമരശ്ശേരി വെച്ചും പൊലീസ് പിടികൂടിയിരുന്നു
താമരശ്ശേരി കോരങ്ങാട് നിന്നും ജൂലൈ മാസത്തിൽ 1,65,000 രൂപയുടെ അടക്കയും, ബാലുശ്ശേരി പറമ്പിന്മുകൾ എസ്.ബി ട്രേഡേഴ്സിൽ നിന്നും 30,000 രൂപയുടെ ഒരു കിന്റെൽ കുരുമുളകും കവർന്നതും കാരാടിയിലെ ചിക്കാൻസ്റ്റാളും മറ്റ് നിരവധി കടകളും കുത്തിതുറന്ന് കവർച്ച നടത്തിയതും ഇവരാണ്. അതിഥിതൊഴിലാളികൾ താമസിക്കുന്ന കോർട്ടേഴ്സുകളിൽ നിന്ന് മൊബൈൽ ഫോണും പണവും മോട്ടോർ സൈക്കിളുകളും കളവ് നടത്തിയിട്ടുണ്ട്.വീടുകളിലും കടകളിലും വില്പനയ്ക്കുള്ള വിലകൂടിയ മൽസ്യങ്ങളെയും പൂച്ചകളെയും ഹൈവേകളിൽ നിർത്തിയിടുന്ന ലോറികളിൽ നിന്നും പണവും മൊബൈൽഫോണും മോഷ്ടിച്ചവയിൽ പെടുന്നു.
പകൽ സമയങ്ങളിൽ ഓട്ടോറിക്ഷയിലും കാറിലും സഞ്ചരിച്ചു കടകൾ കണ്ടു വെച്ചു രാത്രി കളവ് നടത്തുകയാണ് ഇവരുടെ രീതി. കോരങ്ങാട് നിന്നും കളവ് നടത്തിയ അടക്ക കോഴിക്കോട് വലിയങ്ങാടിയിലെ രണ്ട് കടകളിലും , ബാലുശ്ശേരി പറമ്പിന്മുകളിലെ കടയിലുമാണ് വിൽപന നടത്തിയത്. അടക്ക വിൽപന നടത്തിയ അതേ കടയിൽ നിന്നുമാണ് പിന്നീട് കുരുമുളക് നാലംഗ അംഗസംഘം കവർച്ച നടത്തിയത്. പ്രായപൂർത്തിയാവാത്ത നിരവധി പേരെ ഇതേ പ്രതികൾ മയക്കുമരുന്ന് നൽകി പ്രലോഭിപ്പിച്ചു ഇവരെയും കൂട്ടി കളവ് നടത്തിയിട്ടുണ്ട്. ലഹരിക്കടിമയായ പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കളവ് നടത്തുന്നത്.
ഫസലുദ്ധീന്റെ പേരിൽ കൊടുവള്ളിയിലും കാസർഗോഡും കഞ്ചാവ് കടത്തിയതിന് കേസുണ്ട്. മറ്റ് പ്രതികളും ഇതിന് മുൻപ് കളവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.താമരശ്ശേരി ഇൻസ്പെക്ടർ എം പി രാജേഷ് , എസ് ഐ മാരായ സനൽരാജ്, മുരളീധരൻ, ക്രൈം സ്ക്വാഡ് എസ് ഐ മാരായ രാജീവ്ബാബു, സുരേഷ്, എ എസ് ഐ ഷിബിൽ ജോസഫ്, എസ് സി പി ഒ സുരേഷ് ബാബു, സി പി ഒ മാരായ ജിലു , വിജേഷ്, ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.