- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ ജനിച്ചു; റാന്നിയിൽ സേവനം അനുഷ്ടിച്ചു; വികാരി ജനറൽ വരെയായി ഉയർന്നു; ക്നാനായ കത്തോലിക്കരുടെ ഏക രൂപതയായ കോട്ടയത്തിന്റെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ സഭയിലെ ജനകീയ നേതാവ്; പുതിയ നിയമനം ആർച്ച് ബിഷപ്പ് മാർ മാത്യൂ മൂലേക്കാട്ടിൽ റിട്ടയർ ചെയ്യുമ്പോൾ നിയമിതനാകുന്ന മാർ പണ്ടാരശ്ശേരിയുടെ പിൻഗാമിയായി
കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ ക്നാനായ സഭയുടെ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ്. സാധാരണക്കാരുടെ ഇടയിൽ നിന്നും വളർന്ന് വികാരി ജനറൽ വരെയായി ഉയർന്ന ഫാ. ജോർജ്ജ് കുരിശും മൂട്ടിലിനെ കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ കേരളത്തിലെ ക്നാനായ കത്തോലിക്കരുടെ ഏക രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് വത്തിക്കാനിൽ പ്രഖ്യാപനമുണ്ടായ അതേസമയം തന്നെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് സെന്റ് തോമസ് മൗണ്ടിലും നടത്തി. ഇന്നലെ കോട്ടയം അതിരൂപതാ ദിനാചരണത്തിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് പ്രഖ്യാപനം അറിയിച്ചു. നിയമന ഉത്തരവ് അതിരൂപതാ ചാൻസലർ ഡോ. ജോൺ ചേന്നാകുഴി വായിച്ചു. ഗീവർഗീസ് മാർ അപ്രേം എന്നായിരിക്കും ഇനിമുതൽ ഫാദർ ജോർജ്ജ് കുരിശുംമൂട്ടിൽ അറിയപ്പെടുക. നിയുക്ത സഹായ മെത്രാന്റെ അഭിഷേകത്തീയതി പിന്നീട് തീരുമാനിക്കും.
നിലവിലെ ആർച്ച് ബിഷപ്പ് റിട്ടയർ ചെയ്യുമ്പോൾ ആ സ്ഥാനത്തേക്ക് നിയമിതനാകുന്ന നിലവിലെ സഹായമെത്രാൻ മാർ പണ്ടാരശ്ശേരിയുടെ പിൻഗാമിയായാണ് ഫാ. ജോർജ്ജ് കുരിശും മൂട്ടിൽ എത്തുന്നത്. 2019 മുതൽ കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറലായി ശുശ്രുഷ ചെയ്തുവരികയാണ് ഫാ. ജോർജ് കുരിശുംമൂട്ടിൽ.
കറ്റോട് സെൻറ് മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവകയിലെ കുരിശുംമൂട്ടിൽ പരേതരായ അലക്സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ഫാ. ജോർജ് കുരിശുംമൂട്ടിൽ. റോയി (യുകെ) റെജിജോസ് തേക്കുംകാട്ടിൽ, ബ്ലെസി ജോണി എലക്കാട്ട്, ടോമി (ദോഹ) ഡോ. എബി, റെനി അനി മാളിയേക്കൽ എന്നിവർ സഹോദരങ്ങളാണ്. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുൻ വികാരി ജനറൽ പരേതനായ ഫാ. തോമസ് കുരിശുംമൂട്ടിൽ അദ്ദേഹത്തിന്റെ പിതൃസഹോദരനാണ്.
1961 ഓഗസ്റ്റ് ഒമ്പതിന് ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം തിരുവല്ല എസ്സിഎസ് ഹൈസ്കൂളിലും മൈനർ സെമിനാരി പരിശീലനം എസ്എച്ച് മൗണ്ട് സെൻറ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും തത്വശാസ്ത്രവും ദൈവശാസ്ത്രവും മംഗലാപുരം സെൻറ് ജോസഫ്സ് സെമിനാരിയിലും പൂർത്തിയാക്കി. 1987 ഡിസംബർ 28ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് മാർ കുന്നശേരിൽ പിതാവിന്റെ കൈവയ്പ് വഴി പുരോഹിതനായി അഭിഷിക്തനായി.
തുടർന്ന് അതിരൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ, ബംഗളൂരു ഗുരുകുലം വൈസ് റെക്ടർ എന്നീ ചുമതലകളിലും തുരുത്തിക്കാട്, ഇരവിപേരൂർ, ചിങ്ങവനം, കുറ്റൂർ, ഓതറ, തെങ്ങേലി, റാന്നി എന്നീ പള്ളികളിൽ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. ലെബനോനിലെ (കാസ്ലിക്) മാറോണൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഐക്കണോഗ്രാഫിയിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഫാ. ജോർജ് കുരിശുംമൂട്ടിൽ കാക്കനാട് മൗണ്ട് സെൻറ് തോമസ്, വടവാതൂർ സെമിനാരി, തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രൽ ഉൾപ്പെടെയുള്ള വിവിധ ദേവാലയങ്ങൾ തുടങ്ങിയവയിൽ വരച്ചിട്ടുള്ള ഐക്കണുകൾ പ്രശസ്തമാണ്.
മറുനാടന് ഡെസ്ക്