- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബറിൽ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വർധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറിൽ വീണ്ടും വിലകൂട്ടിയാൽ ഇളവിന്റെ ദയ ലഭിക്കാതെ പോകും; സമ്മർദ്ദത്തിലാകുന്നത് സംസ്ഥാനങ്ങൾ തന്നെ; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോൽവിയും കേന്ദ്രത്തിന്റെ മനസ്സു തുറപ്പിച്ചു
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നുപ്പോൾ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഹിമാചൽ പ്രദേശിൽ അടക്കം കോൺഗ്രസ് തിരിച്ചു വരുന്ന കാഴ്ച്ചയും കണ്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയ്ക്കാൻ തീരുമാനിച്ചത്. ഇങ്ങെനെ വില കുറയ്ക്കുമ്പോഴും കേന്ദ്രത്തിന് ത്ന്നെയാണ് ലാഭം. കാരണം വിലവർദ്ധനവിന്റെ ആനുപാതികമായല്ല, ഇപ്പോൾ കുറവു വരുത്തുന്നത്. ഒക്ടോബർ മാസം മാത്രം പെട്രോളിന് 7.82 രൂപ വർധിപ്പിച്ചപ്പോൾ ഇപ്പോൾ കുറച്ചിരിക്കുന്നത് വെറും അഞ്ചു രൂപയും. 33 രൂപയോളം അടുത്തകാലത്തായി പെട്രോൾ വില വർധിപ്പിച്ചിരുന്നു. എന്നിട്ടും അഞ്ച് രൂപ മാത്രമാണ് കുറച്ചത് എന്നു വ്യക്തമാകുമ്പോൾ കേന്ദ്രം കണ്ണിൽ പൊടിയിട്ടു എന്ന് വ്യക്തമാകും.
നവംബർ മാസത്തിൽ വില കൂട്ടിയാൽ ഇപ്പോഴത്തെ ഇളവുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥയുമുണ്ടാകും. കേന്ദ്രത്തിന് ലഭിക്കുന്ന സ്പെഷ്യൽ നികുതിൽ നിന്നാണ് ഇപ്പോൾ ഇളവു വരുത്തിയിരിക്കുന്നത്. അതുകൊണ്ട്, കേന്ദ്രം വില കുറച്ചതോടെ സംസ്ഥാനങ്ങളും സമ്മർദ്ദത്തിലേക്ക് നീങ്ങുകയാണ്. കേരള സർക്കാറും വില കുറയ്ക്കാൻ തീരുമാനം കൈക്കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്.
സംസ്ഥാനത്തെ ഇന്ധന വിലയിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്നും ഇതോടെ ജനങ്ങൾക്കു കൂടുതൽ മെച്ചം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'കഴിഞ്ഞ 6 മാസമായി സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ഇനത്തിലും സെസ് ഇനത്തിലും ഓരോ ലീറ്ററിനും 30 രൂപയ്ക്ക് അടുത്താണ് കേന്ദ്ര സർക്കാർ അധികമായി വാങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിലകുറച്ചിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി വില കുറയ്ക്കാവുന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തിലും ആനുപാതികമായ വിലക്കുറവ് ഉണ്ടാകും. തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.' മന്ത്രി പറഞ്ഞു.
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വിലയിൽ കുറവ് വന്നത്. ഇതോടെ പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധവില കുറച്ചതിന് പിന്നാലെ 'കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്നു കാണാം' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കേന്ദ്രം സംസ്ഥാനങ്ങളോട് വാറ്റ് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്ച വൈകീട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഇതോടെ കർണാടകയിൽ പെട്രോൾ 95.50 രൂപക്കും ഡീസൽ 81.50 രൂപക്കും ലഭിക്കും.
പത്ത് മാസത്തിനിടെ പെട്രോളിന് കൂടിയത് 26.06 രൂപയും ഡീസലിന് 25.91 ഉം
ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തേത് ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള കുറവല്ല. 20 രൂപയെങ്കിലും വില കുറച്ചിരുന്നെങ്കിൽ അത് ജനങ്ങൾക്ക് ഉപകരിക്കപ്പെടുമായിരുന്നു.
ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.
സെപ്റ്റംബറിൽ ഡീസൽ ലീറ്ററിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്.
ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിന്റെ കാര്യത്തിൽ 31.80 രൂപ. ഈ കനത്ത നികുതിയിൽനിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറക്കുന്നത്. അതേസമയം, തീരുവ ഏറ്റവുമൊടുവിൽ ഉയർത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോൾ ലിറ്ററിന് 40 രൂപയോളമാണ് ഉയർന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സർക്കാർ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാൻ ഇടയാക്കിയത്.
ദിനേനയെന്നോണമാണ് പെട്രോൾ, ഡീസൽ വില ഉയർന്നു കൊണ്ടിരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സർക്കാർ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്പനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാൻ സർക്കാർ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ദീപാവലി സമ്മാനമെന്ന നിലയിൽ ഇപ്പോൾ വിലകുറച്ചത്.
അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായ കുറവിനൊത്ത് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നില്ല. എണ്ണ വില കുറയുന്നതിനൊത്ത് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് വികസനത്തിനെന്ന പേരിൽ ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് ചെയ്തുവന്നത്.
പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയിൽ കഴിഞ്ഞ ആറു മാസം കൊണ്ട് ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പ് ഈയിനത്തിൽ കിട്ടിയ നികുതി വരുമാനത്തിന്റെ 79 ശതമാനം വർധനവാണ് ഉണ്ടായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പിരിച്ചത് 1.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഈടാക്കിയ എക്സൈസ് ഡ്യൂട്ടി 1.28 ലക്ഷം കോടിയാണ്.
എന്നിട്ടും കേരളത്തിൽ ഇന്ധന വില സെഞ്ച്വറിയിൽ!
ആളിപ്പടർന്ന ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ പെട്രോളിനും ഡീസലിനും കേന്ദ്രം എക്സൈസ് നികുതി കുറക്കുമ്പോഴും കേരളത്തിൽ പെട്രോൾ വില സെഞ്ച്വറിയിൽ തന്നെയാണ്. കേരളത്തിൽ പെട്രോൾ വില ശരാശരി 105.41 രൂപയിൽ എത്തും. ഡീസൽ 93.95 രൂപയെന്ന നിരക്കിലും ലഭിക്കും.
അതേസമയം, ഇപ്പോഴത്തെ എക്സൈസ് നികുതിയിൽ വരുത്തിയ കുറവ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കൂട്ടിയതിന്റെ പകുതി പോലുമാകുന്നില്ല. 2014ൽ പെട്രോളിന് എക്സൈസ് നികുതി 9.48 രൂപയായിരുന്നത് ഇന്ന് 32.90 രൂപയാണ്. ഡീസലിന് അന്ന് എക്സൈസ് നികുതി 3.56 രൂപ ചുമത്തിയിരുന്നത് നിലവിൽ 31.80 രൂപയുമായി. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ ഒമ്പതുതവണയാണ് എക്സൈസ് നികുതി കൂട്ടിയത്. അതിലൂടെ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും 15 മാസം കൊണ്ട് വർധിപ്പിച്ചു.
പാചകവാതക വിലയിൽ ഇളവില്ല
ഇന്ധന വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ പാചക വാതകത്തിനും മണ്ണെണ്ണക്കും കുത്തനെ വില കൂട്ടിയിരുന്നു. തിങ്കളാഴ്ച വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് 266 രൂപ വർധിപ്പിച്ചു. കഴിഞ്ഞ മാസം ആറിന് ഇരുവിഭാഗം സിലിണ്ടറുകൾക്കും വർധിപ്പിച്ചത് 15 രൂപ വീതം. ഈ വർഷം ഇതുവരെ 721.50 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് ഈ വർഷം 205 രൂപയും കൂട്ടി. റേഷൻ മണ്ണെണ്ണയുടെ വില ചൊവ്വാഴ്ച ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ, ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. മണ്ണെണ്ണ വിതരണത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എട്ടു രൂപ കൂട്ടുന്നത്.
മറുനാടന് ഡെസ്ക്