- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില കുറക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം; സംസ്ഥാന സർക്കാരല്ല അത് ചെയ്യേണ്ടത്: ശശി തരൂർ
ചെന്നൈ: രാജ്യത്ത് ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാന സർക്കാരല്ല അത് ചെയ്യേണ്ടതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തമിഴ്‌നാട് കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയിൽ സംഭവിക്കുന്ന സാധാരണ വിലക്കയറ്റമല്ലിതെന്നും തരൂർ കുറ്റപ്പെടുത്തി.
സമ്മർദ്ദത്തിലായ സമ്പദ്ഘടനയെ പ്രോൽസാഹിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ല. മോദി സർക്കാരിന്റെ ഏഴു വർഷത്തെ ദുർഭരണമാണ് ഇന്ധനവില വർദ്ധനയ്ക്കും സാധാരണക്കാരുടെ ദുരിതങ്ങൾക്കു കാരണം. ഇന്ധന നികുതിയും സെസും കുറച്ച് അതിന്റെ പ്രധാന പങ്ക് സംസ്ഥാനങ്ങളുടെ നല്ല നടത്തിപ്പിനായി വിനിയോഗിക്കണം.
ഇന്ധനവിലയ്ക്കൊപ്പം കേന്ദ്രസർക്കാർ സെസ് ചുമത്തുന്നുണ്ടെന്നും സെസിന്റെ 96 ശതമാനവും കേന്ദ്ര സർക്കാരിനാണെന്നും തമിഴ്‌നാട് ധനകാര്യമന്ത്രി പി.ടി.ആർ ത്യാഗരാജൻ പറഞ്ഞകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
'സെസ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നില്ല. സെസിന്റെ 96 ശതമാനവും കൈയാളുന്ന കേന്ദ്രത്തിനാണ് നികുതി ഇളവു കൊണ്ടുവന്ന് ഇന്ധന വില കുറക്കാനുള്ള ഉത്തരവാദിത്വം. സംസ്ഥാന സർക്കാരുകൾക്കല്ല. മെയ് 2 മുതൽ ഇതുവരെ 40 തവണയാണ് കേന്ദ്രസർക്കാർ ഇന്ധന വില കൂട്ടിയത്. പെട്രോളിനും ഡീസലിനും വില കൂടുന്നതിനൊപ്പം പച്ചക്കറി, പയർ, പഴങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്കും വിലകൂടുകയാണ്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്‌നാടിനെ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ചും തരൂർ പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമേ കേന്ദ്രസർക്കാരിന് വിഭജന നടപടികളിലേക്ക് നീങ്ങാൻ സാധിക്കൂ. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇന്ധന വിലവർദ്ധന, വിലക്കയറ്റം, കോവിഡ് പ്രതിരോധത്തിൽ സംഭവിച്ച പാളിച്ചകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുമെന്നും തരൂർ ഉറപ്പുനൽകി.
മറുനാടന് മലയാളി ബ്യൂറോ