- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടാലി ദീപുവും പാമ്പൻ സുധീഷും കുറ്റം ഏറ്റെടുക്കും; കാറിലുണ്ടായിരുന്നത് 25 ലക്ഷമെന്ന പരാതിയെ വാദിയും പ്രതിയും പിന്തുണയ്ക്കും; നടക്കുന്നത് 25 ലക്ഷം ഒഴികെയുള്ള പണം പാർട്ടിയുടെ കൈകളിൽ തിരിച്ചെത്തിച്ചു ഒത്തുതീർപ്പിനുള്ള നേതാക്കളുടെ നയതന്ത്രം; തെരഞ്ഞെടുപ്പ് ഫണ്ടിലെ കുഴൽപ്പണത്തിൽ ബിജെപിയെ കുടുക്കാൻ പൊലീസിന് കഴിയില്ല
തൃശൂർ: ദേശീയപാർട്ടിയുടെ 3.5 കോടിരൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി പോയ കാർ തട്ടിയെടുത്ത് നേതാക്കളുടെ അറിവോടെ പണം കവർന്ന സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു എങ്കിലും കേസ് ഒത്തു തീർപ്പിലാകാൻ സാധ്യത. ക്വട്ടേഷൻ സംഘത്തിലുള്ള 3 പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘം ഉപയോഗിച്ച കാറുകളിലൊന്നു പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് കോടതിയിൽ ഹാജരാക്കി. എന്നാൽ സംശയങ്ങൾ ബിജെപിയിലേക്ക് നീങ്ങിയതോടെ കേസ് അട്ടിമറി നീക്കവും സജീവമായി.
വടകര സ്വദേശി കോടാലി ദീപു, കണ്ണൂർ പാമ്പൻ സുധീഷ്, കണ്ണൂർ രജ്ഞിത്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെല്ലാം ക്വട്ടേഷൻ ഗുണ്ടകളാണ്. തൃശൂർ, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവർ അടക്കമുള്ള 10 പ്രതികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ കണ്ണൂരിലെയും തൃശൂർ കോടാലിയിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. തട്ടിയെടുത്ത പണം കിട്ടിയിട്ടില്ല. പരാതിക്കാരും പൊലീസുമായി സഹകരിക്കുന്നില്ല. ചാലക്കുടി ഡിവൈഎസ്‌പി ജിജിമോന്റെ നേതൃത്വത്തിൽ 15 അംഗസംഘമാണ് അന്വേഷിക്കുക.
25 ലക്ഷത്തിനു മാത്രമേ കണക്കുള്ളു എന്നതിനാൽ തുക അത്രയേ ഉള്ളു എന്ന നിലപാടിൽ പരാതിക്കാർ ഉറച്ചു നിൽക്കുകയാണ്. ബാക്കി തുകയെക്കുറിച്ചു പറഞ്ഞാൽ എവിടെ നിന്നു കിട്ടി എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടിവരും. അതുകൊണ്ട് തന്നെ ഇതു വെറുമൊരു കുഴൽപ്പണ കേസായി മാറും. പിടിയിലാകുന്നവരും 25 ലക്ഷത്തിന്റെ കണക്കേ പൊലീസിനോട് പറയൂ. ഇതോടെ പാർട്ടിക്ക് വേണ്ടിയുള്ള കള്ളപ്പണം എന്ന ആരോപണവും അവസാനിപ്പിക്കേണ്ടി വരും.
പ്രതികൾ സഞ്ചരിച്ചിരുന്ന 3 കാറുകളിൽ ഒരെണ്ണമാണു കണ്ടെത്തിയത്. പ്രധാന 3 പ്രതികളുടെയും വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും ഇവർ മുങ്ങിയതായാണു വിവരം. മാധ്യമങ്ങൾക്കു വിവരം നൽകാതെ അതീവ രഹസ്യമായാണ് അന്വേഷണം. ഗുണ്ടകളെ മാത്രം പ്രതികളാക്കി കേസ് അവസാനിപ്പിക്കാനും 25 ലക്ഷം ഒഴികെയുള്ള പണം പാർട്ടിയുടെ കൈകളിൽ തിരിച്ചെത്തിച്ചു കേസ് അവസാനിപ്പിക്കാനുമാണ് ശ്രമം. ഏപ്രിൽ മൂന്നിനാണ് ബെംഗളൂരുവിൽ നിന്നെത്തിച്ച പണം തൃശൂരിൽ നിന്ന് എറണാകുളത്തേക്കു കൊണ്ടുപോകുന്നതിനിടെ കൊടകരയിൽ കൃത്രിമവാഹനാപകടമുണ്ടാക്കി കവർന്നത്.
മൂന്നരകോടിയാണ് കവർന്നത് എന്നാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയത്. ഇത് പത്ത് കോടിയാണെന്ന വാദവുമെത്തി. ഇതിനിടെയാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കി ആരോപണം ഉയർന്നത്. ഇതോടെ കേസിന്റെ ഗതി തന്നെ മാറി മറിഞ്ഞു. ഇതിനിടെ
തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ കൊച്ചിയിലേക്കയച്ച മൂന്നരക്കോടി രൂപ ദേശീയപാർട്ടിയുടെ തൃശ്ശൂരിലെ നേതാക്കളുടെ നിർദ്ദേശപ്രകാരം ഗുണ്ടാസംഘം തട്ടിയെന്ന കേസിൽ പത്തുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ അഞ്ചുപേർ തൃശ്ശൂരുകാരാണ്.
കാറിൽ 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന നിലപാടിലാണ് പരാതിക്കാർ. 25 ലക്ഷത്തിന്റെ രേഖ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. ബാക്കി തുകയെപ്പറ്റി പരാതിപ്പെട്ടാൽ ഇതെവിടെനിന്ന് കിട്ടിയെന്നു തെളിയിക്കേണ്ടി വരും. പണം തട്ടിക്കൊണ്ടു പോയതിനെപ്പറ്റിയും പാർട്ടി നേതാക്കളുടെ ഇടപെടലിനെപ്പറ്റിയും രണ്ട് ഭാഗങ്ങളായാണ് അന്വേഷിക്കുന്നത്. ഗുണ്ടകളായ പ്രതികളെ മുൻനിർത്തി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നഷ്ടപ്പെട്ടെന്നു പറയുന്ന 25 ലക്ഷം രൂപ ഹാജരാക്കി തട്ടിപ്പിന്റെ ഉത്തരവാദിത്തം ഗുണ്ടകളുടെ മേലാക്കി മുഖംരക്ഷിക്കാനാണ് നേതാക്കളുടെ ശ്രമം.
പ്രതികളെന്ന് ആരോപണവിധേയരായവർക്കു നേരെ പാർട്ടി ജില്ലാ നേതൃത്വവും നടപടി ആലോചിക്കുന്നുണ്ട്. മൂന്ന് നേതാക്കൾക്ക് പങ്കുണ്ടന്നാണ് പാർട്ടിക്കു കിട്ടിയ വിവരം. സംഭവത്തിൽ കർശന നടപടിക്ക് പാർട്ടി കേന്ദ്രനേതൃത്വം തയ്യാറെടുക്കുന്നുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞാൽ നടപടിയുണ്ടാകുമെന്നാണു സൂചന. എങ്കിലും ഇത് പുറത്തു പറയില്ല.
മറുനാടന് മലയാളി ബ്യൂറോ