ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ വിഷയത്തിൽ ഇടപെട്ട് സിപിഎം സംസ്ഥാന നേതൃത്വം. വിഷയം എത്രയും വേഗം തീർക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്ന് പ്രശ്‌നം തീർക്കാൻ അനുനയ ചർച്ചകൾ നടക്കുകയാണ്. ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭർത്താവും യോഗത്തിൽ പങ്കെടുക്കും. വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകയിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചിരിക്കുന്നത്. നേരത്തെ പുറക്കാട് ലോക്കൽ കമ്മിറ്റി ചേർന്ന് പരാതി നൽകിയ ലോക്കൽ കമ്മിറ്റി അംഗവും മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ യുവതിയുടെ ഭർത്താവിൽനിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം നൽകണമെങ്കിൽ തന്റെ ഭാര്യ നൽകിയ പരാതിയുമായി മുന്നോട്ടുപോകാൻ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇന്ന് വിളിക്കുന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ യുവതിയുടെ ഭർത്താവ് വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ സംഘടനാ നടപടികൾ ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ട്. ലോക്കൽ കമ്മിറ്റി അംഗം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി നൽകുന്നത് സിപിഎമ്മിൽ അസാധാരണമായ നടപടിയാണ്. അതിനാൽ ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ജി. സുധാകരൻ മുന്നോട്ടുവെക്കുന്നുണ്ട്.

ഇതിനിടെ, പരാതിയിൽ കേസെടുക്കണമോ എന്ന കാര്യത്തിൽ അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടി. നേരത്തെ അനൗദ്യോഗികമായി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാൻ പര്യാപ്തമായ കുറ്റങ്ങൾ ഈ പരാതിയിൽ പറയുന്നില്ല എന്നാണ് പൊലീസിന് കിട്ടിയ ഉപദേശം. ഇപ്പോൾ പരാതിക്കാരി എസ്‌പിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക നിയമോപദേശം അടക്കമുള്ള നടപടികൾക്ക് വേഗം കൂടിയിരിക്കുന്നത്.

അതിനിടെ താൻ എസ്.ഡി.പി.ഐ ആണെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റർ രാഷ്ട്രീയ ക്രിമിനലിസത്തിന്റെ ഭാഗമാണെന്ന് അമ്പലപ്പുഴ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. അത്തരത്തിൽ ഇറങ്ങിയ നോട്ടീസിൽ പച്ചയായ വർഗീയ പ്രചരണമാണ് നടന്നതെന്നും സലാം വ്യക്തമാക്കി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി മുസ് ലിമും ബിജെപി സ്ഥാനാർത്ഥി ക്രിസ്ത്യനും ആണ്. യു.ഡി.എഫ് സ്ഥാനാർത്ഥി മാത്രമാണ് ഹിന്ദുവെന്നും ഹിന്ദുക്കളുടെ വോട്ടുകൾ ഹിന്ദുവിന് തന്നെ വേണമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ജനാധിപത്യ മര്യാദയില്ലാത്ത പ്രവൃത്തിയാണിതെന്നും എച്ച്. സലാം പറഞ്ഞു. മന്ത്രി ജി. സുധാകരൻ ആരോപിച്ച രാഷ്ട്രീയ ക്രിമിനലിസം ഉണ്ടെന്ന് എച്ച്. സലാം പറഞ്ഞു. ഇക്കാര്യം അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടതാണ്. സിപിഎം പ്രവർത്തിക്കുന്നത് സമൂഹത്തിലാണ്. തെറ്റുകൾ സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ പറയുമെന്നും എച്ച്. സലാം വ്യക്തമാക്കി.