- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്.സലാമിന് വോട്ട് കുറഞ്ഞില്ലെന്ന വാദം പാർട്ടി തള്ളി; അമ്പലപ്പുഴ തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ സ്വീകരിച്ചത് നിഷേധ സമീപനം; സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനോ സാമ്പത്തിക പ്രതിസന്ധി മറികടക്കാനോ സഹായിച്ചില്ല; സുധാകരന് പരസ്യ ശാസന; പ്രതികരിക്കാതെ ചാനൽ മൈക്കുകൾ തട്ടിമാറ്റി, ക്ഷോഭത്തോടെ സുധാകരൻ
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ വീഴ്ചയിൽ മുൻ മന്ത്രിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജി സുധാകരന് എതിരെ അച്ചടക്കത്തിന്റെ വാളോങ്ങി സിപിഎം നേതൃത്വം. പരസ്യമായ ശാസനയാണ് പാർട്ടി സംസ്ഥാന കമ്മറ്റി ജി. സുധാകരന് എടുത്തിരിക്കുന്ന നടപടി. ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ സന്ദർഭത്തിലും, തിരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരൻ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരിൽ തെറ്റു തിരുത്തുന്നതിന്റെ ഭാഗമായി ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു എന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി.സുധാകരനെതിരെ ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എച്ച് സലാമിന് വോട്ട് കുറഞ്ഞില്ലെന്ന ജി സുധാകരന്റെ വാദമടക്കം തള്ളിയാണ് നടപടി.
സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജി.സുധാകരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ ഈ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്.
സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം.
മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്.
സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ താഴേത്തലത്തിൽ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയിൽ നിന്ന് നീക്കൽ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ. വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പാർട്ടിയുടെ ലോക്കൽ സമ്മേളനത്തിൽ ജി സുധാകരൻ ആരുടെയും കൈപ്പിടിയിലേക്ക് പാർട്ടിയെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ നടപടിയിൽ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. ഇന്ന് സുധാകരൻ കൂടി യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി യോഗം ചർച്ച ചെയ്തത്. സുധാകരനെ പ്രചാരണത്തിൽ പങ്കെടുപ്പിക്കാൻ അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥിയും എംഎൽഎയുമായ എച്ച് സലാം ശ്രമിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
നിലവിൽ 73കാരനായ പാർട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരൻ. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയിൽ തുടരാനാകൂ.
പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിക്കാതെയാണ് ജി സുധാകരൻ മടങ്ങിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരൻ തന്റെ രോഷം വ്യക്തമാക്കിക്കൊണ്ടാണ് കാറിലേക്ക് കയറിയത്. ജി സുധാകരന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരുടെ പക്കലുള്ള മൈക്ക് തട്ടിമാറ്റിയാണ് സുധാകരൻ കാറിലേക്ക് കയറിയത്. രാവിലെയും ഇദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നെന്ന കുറ്റം കണ്ടെത്തിയതാണ് ജി സുധാകരനെതിരെ നടപടിക്ക് കാരണം.
ഇന്ധന വിലവർദ്ധനവിനെതിരെ കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ നവംബർ 16ന് സംഘടിപ്പിക്കുമെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.
സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് വെച്ച് നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സ്വാഗത സംഘ രൂപീകരണ യോഗം ഡിസംബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് എറണാകുളത്ത് ചേരും.
മറുനാടന് മലയാളി ബ്യൂറോ