ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ അശാന്തി വിതച്ച ഗാൽവൻ സംഘർഷത്തിൽ വീരമൃത്യു വരിച്ചത് 20 ഇന്ത്യൻ സൈനികരാണ്. രാജ്യം വലിയ വില കൊടുത്ത ആ അതിക്രമത്തിന് പിന്നിൽ വെറുമൊരു യാദൃച്ഛിക സംഭവം മാത്രമായിരുന്നോ? അല്ല എന്നാണ് അമേരിക്കയുടെ ഉന്നത സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ജൂണിൽ നടന്ന ഗാൽവൻ സംഭവം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് യുഎസ്-ചൈന എക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ.

സംഘർഷം ആൾനാശത്തിലേക്ക് വരെ നയിച്ചേക്കാമെന്ന വ്യക്തമായ കണക്കുകൂട്ടലോടെ തന്നെയാണ് ചൈന ഗാൽവനിലെ അതിക്രമത്തിന് മുതിർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ തീരുമാനത്തിൽ പൊലിഞ്ഞതാവട്ടെ, 20 ഇന്ത്യൻ സൈനികരുടെ വിലപ്പെട്ട ജീവനുകൾ. ചൈനയുടെ ഭാഗത്തും ആൾനാശമുണ്ടായെങ്കിലും അതിന്റെ കൃത്യമായ കണക്കുകൾ അവർ പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ടിലെ ഒരുഭാഗം ഇങ്ങനെ: ' 1975 ന് ശേഷം ഇതാദ്യമായാണ് അതിർത്തി സംഘർഷത്തിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും ആൾനാശം സംഭവിക്കുന്നത്. യഥാർത്ഥ നിയന്ത്രണരേഖയുടെ വിവിധ മേഖലകളിലായി മെയിൽ തുടങ്ങിയ ഏറ്റുമുട്ടൽ പരമ്പരയാണ് ലഡാക്കിൽ ഗാൽവനിലെ വൻ സംഘർഷത്തിൽ കലാശിച്ചത്. ജപ്പാൻ മുതൽ ഇന്ത്യ വരെയുള്ള അയൽക്കാർക്കെതിരെയും ദക്ഷിണ കിഴക്കനേഷ്യയിലെ ഭൂരിഭാഗം മേഖലകളിലും അധിനിവേശ പദ്ധതി ശക്തിപ്പെടുത്തുകയായിരുന്നു ചൈന. തങ്ങളുടെ അതിർത്തി പ്രദേശങ്ങൾ സുസ്ഥിരമാക്കാൻ സൈനികശക്തി ഉപയോഗിക്കണമെന്ന ചൈനീസ് പ്രതിരോധ മന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജൂണിൽ, ഗാൽവനിലെ സംഘർഷം.

ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റിയൂഷനിലെ സീനിയർ ഫെലോ തൻവി മദനെ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്്. അധിനിവേശമായിരുന്നു ചൈനീസ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ അത് വിജയമായിരുന്നു എന്നുപറയാം. എന്നാൽ, നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ ഭാഗത്ത് നിർമ്മാണങ്ങൾ നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനോ, അമേരിക്കയുമായി കൂട്ടുകൂടുന്നതിന് എതിരെ മുന്നറിയിപ്പ് നൽകാനോ ആണ് ലക്ഷ്യമിട്ടതെങ്കിൽ, അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല, ദോഷകരമായി തീരുകയും ചെയ്തു, ഡോ.മദൻ പറഞ്ഞു.

ഗാൽവൻ സംഘർഷത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ അതിർത്തികൾ സുസ്ഥിരമാക്കാൻ വേണ്ടി പോരാടാൻ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ആഹ്വാനം ചെയ്തിരുന്നു. ഗാൽവൻ സംഘർഷത്തിന് രണ്ടാഴ്ച മുമ്പുണ്ടായ മറ്റൊരു സംഭവവും റിപ്പോർട്ടിൽ എടുത്തുപറയുന്നു, ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാബ്ലോയിഡായ ഗ്ലോബൽടൈംസിൽ, യുഎസ്-ചൈന പോരിൽ ഇന്ത്യ ഇടപെട്ടാൽ, ചൈനയുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഗാൽവൻ സംഘർഷത്തിന് ഒരാഴ്ച മുമ്പ് മേഖലയിൽ 1000ത്തോളം പിഎൽഎ സൈനികരുടെ സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങളിൽ തെളിഞ്ഞിരുന്നു. ഷി ജിങ് പിങ് 2012 ൽ ചൈനയിൽ അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ അഞ്ചോളം പ്രധാന ഏറ്റുമുട്ടലുകൾ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ വർഷം നിയന്ത്രണ രേഖയിൽ ചൈനയുടെ പ്രകോപനപരമായ പെരുമാറ്റത്തിന്റെ യഥാർത്ഥ കാരണം അവ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഗാൽവന് മുമ്പ്

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം കാലങ്ങളായി തുടരുന്നതാണ്. എന്നാൽ 1962-ലെ യുദ്ധത്തിന് ശേഷം സൈനികർ കൊല്ലപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക നേരത്തെയും പറഞ്ഞിരുന്നു. ഇന്ത്യയോട് മാത്രമല്ല, എല്ലാ അയൽക്കാരോടും കടുത്ത സമീപനമാണ് ചൈന സ്വീകരിക്കുന്നതെന്നും അതാണ് ചൈനയ്ക്കു ചുറ്റും പ്രശ്‌നങ്ങളുണ്ടാകാൻ കാരണമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ നേരത്തെ പറഞ്ഞത്. പസിഫിക് സമുദ്രത്തിൽ ജൂൺ 15-ന് യുഎസ് മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിച്ചിരുന്നു. ഹോങ്കോങ്ങിനും തായ്‌വാനുമെതിരായ ചൈനയുടെ നീക്കങ്ങളെയും അമേരിക്ക എതിർക്കുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിൽ ഇതിന് മുമ്പ് ഏറ്റവും വലിയ തർക്കമുണ്ടായത് ദോക് ലാം സംഭവത്തിലാണ്. ഇന്ത്യ-ഭൂട്ടാൻ-ടിബറ്റ് അതിർത്തിയായ ദോക് ലാമിൽ 2017-ൽ 73 ദിവസമാണ് സംഘർഷാവസ്ഥ നിലനിന്നത്. ചൈനയുടെ റോഡ് നിർമ്മാണമാണ് പ്രശ്‌നത്തിന് കാരണമായത് ഇന്ത്യയുടെ സഖ്യകക്ഷിയായ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്താണ് ചൈനീസ് സൈന്യം 2017 ജൂൺ 16-ന് റോഡ് നിർമ്മാണം തുടങ്ങിയത്. ജൂൺ 18-ന് സിക്കിം അതിർത്തി കടന്ന് ഇന്ത്യൻ സൈന്യമാണ് ചൈനയുടെ റോഡ് നിർമ്മാണം തടഞ്ഞത്. ഓഗസ്റ്റ് 28-ന് ചൈന റോഡ് നിർമ്മാണം നിർത്തുന്നതായി പ്രഖ്യാപിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്. ഭൂട്ടാന്റെ പ്രദേശം കൈക്കലാക്കാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യയുടെ ഇടപെടലിലൂടെ ഇല്ലാതായത്. ഈ പ്രശ്‌നത്തിൽ ഭൂട്ടാനെ ഇന്ത്യക്കെതിരെ തിരിക്കാനും ചൈന ശ്രമം നടത്തിയിരുന്നു.