- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കടത്ത് സംഘത്തെ പിന്തുടർന്ന് ഷാഡോ സംഘം; റോഡിൽ ജീപ്പ് കുറുകെയിട്ട് തടഞ്ഞ എസ്ഐയെ വെട്ടിച്ച് പാച്ചിൽ; കാറിൽ കടന്നു പിടിച്ച എസ്ഐയെയും കൊണ്ട് വാഹനം പാഞ്ഞത് 30 മീറ്റർ; തിരുവല്ലയിൽ സിനിമ സ്റൈൽ ചേസിങ്ങിന് ഒടുവിൽ കഞ്ചാവ് മാഫിയ സംഘം പിടിയിൽ
തിരുവല്ല: അർധരാത്രിയിൽ സിനിമ സ്റ്റൈൽ ചേസിങിനൊടുവിൽ കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടി പൊലീസ്. സംഘത്തിന്റെ വാഹനത്തിലേക്ക് ചാടി വീണ എസ്ഐക്ക് പരുക്കേറ്റു. രണ്ടു പ്രതികൾ അറസ്റ്റിൽ. വാഹനവും രണ്ടു കിലോ കഞ്ചാവും പിടികൂടി.
വെള്ളിയാഴ്ച അർധരാത്രിയോടെ ആയിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങൾ നടുറോഡിൽ അരങ്ങേറിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും തിരുവല്ല പൊലീസും കിലോമീറ്ററുകളോളം സാഹസികമായി പിന്തുടർന്നാണ് കഞ്ചാവുവേട്ട നടത്തിയത്. വള്ളംകുളം പുത്തൻപറമ്പിൽ വിനിത് (28), കോഴിമല, തോട്ടപ്പുഴ കോന്നാത്ത് ഗൗതം (26) എന്നിവരാണ് പിടിയിലായത്. രണ്ടു പേർ ഓടിരക്ഷപ്പെട്ടു.
റാന്നി ഭാഗത്തു നിന്നു കഞ്ചാവുമായി തിരുവല്ലയിലേക്കു സംഘം പോകുന്നുവെന്ന് ജില്ലാ പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് എസ്‌പിയുടെ ഡാൻസാഫ് സംഘം രാത്രി 12 മണി മുതൽ റാന്നി മുതൽ കാറിനെ പിന്തുടരുകയായിരുന്നു. ഇരവിപേരൂരിനു സമീപം വെണ്ണിക്കുളം റോഡിലെത്തിയപ്പോൾ തിരുവല്ല എസ്ഐ അനീഷ് ഏബ്രഹാം ജീപ്പ് റോഡിനു കുറുകെയിട്ട് തടഞ്ഞു.
ഇതു കണ്ട് കഞ്ചാവ് സംഘം കാർ പുറകോട്ടെടുത്ത് ഓടിച്ചുപോകാൻ ശ്രമിച്ചു. കാറിൽ കയറിപിടിച്ച എഐ അനീഷ് ഏബ്രഹാം 30 മീറ്ററോളം കാറിനോടൊപ്പം ഓടിയെങ്കിലും വീണുപോയി. കൈക്കു പരുക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. രക്ഷപ്പെട്ട സംഘത്തെ എസ്ഐയും
ഷാഡോ സംഘവും പിന്തുടർന്ന് വള്ളംകുളം പാലത്തിനു സമീപം വച്ച് തടയുകയായിരുന്നു. ഇവിടെവച്ചാണ് രണ്ടു പേർ ഓടിരക്ഷപെട്ടത്.
ഇരവിപേരൂരിലെ വൻ കഞ്ചാവ് റാക്കറ്റ് ആയ വിനീതിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് എത്തിച്ചത്. ഇയാൾ 3 മാസം മുൻപും എസ്‌പിയുടെ ഷാഡോസംഘത്തിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കഞ്ചാവുമായി രക്ഷപെട്ടിരുന്നു. ഏഴു കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയാണ് ഇവർ. എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കഞ്ചാവ് കടത്തിയതിനുമായി രണ്ട് കേസുകൾ ഇവർക്കെതിരേ എടുത്തിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്