- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് നട്ടത് കഞ്ചാവ് ചെടികൾ; യുവാക്കളുടെ പ്രകൃതിസ്നേഹത്തിൽ അയൽവാസിക്ക് സംശയം; വിവരം അറിയിച്ചതോടെ കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി നശിപ്പിച്ചു; അന്വേഷണം തുടങ്ങി
കൊല്ലം: പരിസ്ഥിതി ദിനത്തിൽ പൊതുസ്ഥലങ്ങളിൽ കഞ്ചാവ് ചെടി നട്ട് സാമൂഹ്യവിരുദ്ധർ. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി നശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതികളായ കണ്ടച്ചിറ സ്വദേശികളാണ് ചെടി നട്ടതെന്നാണ് സൂചന.മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.
കണ്ടച്ചിറ കുരിശടി മുക്കിൽ നിന്നു കൊല്ലം ബൈപാസിലേക്ക് പോകുന്ന റോഡരികിൽ ശനിയാഴ്ച്ചയാണ് ബൈക്കിലെത്തിയ സംഘം കഞ്ചാവ് ചെടി നട്ടത്. യുവാക്കളുടെ പ്രകൃതി സ്നേഹത്തിൽ സംശയം തോന്നിയ അയൽവാസിയാണ് വിവരം എക്സൈസിനെ അറിയിച്ചത്. ഉദ്യാഗസ്ഥരെത്തി ചെടി നശിപ്പിച്ചു.
എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വളർച്ചയുള്ള രണ്ട് ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ബൈപാസിൽ മങ്ങാട്ട് പാലത്തിന്റെ അടിയിലും ഇതേ ദിവസം കഞ്ചാവ് ചെടി നട്ടു. കരുനാഗപ്പള്ളി ക്ലാപ്പന ഓണംപ്പള്ളി ജങ്ഷന് സമീപം വളർത്തിയിരുന്ന അറുപതു സെന്റീമീറ്റർ ഉയരുമുള്ള കഞ്ചാവ് ചെടിയുമാണ് എക്സൈസ് നശിപ്പിച്ചത്.
ഇവരെ ഉടൻ പിടികൂടുമെന്ന് അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. എക്സൈസ് പ്രീവന്റീവ് ഓഫീസർ എം. മനോജ് ലാൽ, നിർമ്മലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, ശ്രീനാഥ്, അനിൽകുമാർ, ജൂലിയൻ ക്രൂസ്, ഡ്രൈവർ നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ