പന്തളം: മെഡിക്കൽ മിഷൻ ജങ്ഷനിലെ ഫലക്ക് മജിലീസ് റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. മൂന്നുപേർക്ക് പരുക്കേറ്റു. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു അപകടം.

അടുക്കളയിൽ ജോലിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി കലാമുദ്ദീൻ (27), ബീഹാർ സ്വദേശി സിറാജുദ്ദീൻ (27), കടയ്ക്കു മുന്നിൽ നിൽക്കുകയായിരുന്ന പന്തളം, പൂഴിക്കാട് പാലമുരുവേൽ കണ്ണൻ (31) ,എന്നിവരെ പരുക്കുകളോടെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ നിരവധി പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്ക് പറ്റിയവർ അടുക്കളയിൽ ഗ്യാസ് പൊട്ടിയതോടെ പുറത്തേക്ക് ഓടുന്നതിനിടയിലായിരുന്നു അപകടം. മെഡിക്കൽ മിഷന് സമീപം താമസിക്കുന്ന ഷെഫിൻ, ഹാഷിം എന്നിവരാണ് റെസ്റ്റോറന്റ് നടത്തുന്നത്.

ആറ് എൽപിജി സിലിണ്ടറുകൾ നീക്കം ചെയ്ത് വൻ തുടർ അപകട സാധ്യത ഒഴിവാക്കി. അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, ഫിറ്റിങ്സുകൾ, ഗ്ലാസ് ഡോറുകൾ, ജനൽ, കതകുകൾ എന്നിവ പൂർണ്ണമായും തകർന്നു.

അടൂർ അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ, ടി.എസ്.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അജി കുമാർ, സന്തോഷ്, അമൃതാജി. , മനോജ് കുമാർ ,രാജേഷ് കുമാർ, അഭിഷേക്, ഭാർഗ്ഗവൻ, വേണു ഗോപാൽ എന്നിവരാണ് അഗ്നിശമന രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. പന്തളം പൊലീസ്, കെഎസ്ഇബി ധികൃതരുംസ്ഥലത്തെത്തിയിരുന്നു.