കൊച്ചി: ജിസിഡിഎ ചെയർമാന്റെ ഔദ്യോഗിക വസതിയിൽ നിന്ന് എ.സി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കാണാതായ കേസിൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. വേണുഗോപാലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിട്ടുണ്ട്. ഇവർ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. നേരത്തെ വേണുഗോപാലിന്റെ മുണ്ടൻവേലിയിലെ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഏതാനും സാമഗ്രികൾ കണ്ടെത്തിയിരുന്നു. മുഴുവൻ സാധനങ്ങളും കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ കൊച്ചു കടവന്ത്രയിലെ വീട്ടിൽ ആദ്യം നടത്തിയ റെയ്ഡിൽ കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ അന്ന് റെയ്ഡിനല്ല തന്റെ മൊഴിയെടുക്കാനാണ് പൊലീസ് എത്തിയത് എന്നായിരുന്നു വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞത്. തുടർന്ന് ഇയാളുടെ ഫാം ഹൗസിലേയ്ക്ക് സാധനങ്ങൾ മാറ്റിയെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അറസ്റ്റിനു സാധ്യതയുണ്ടെന്നു മനസിലാക്കിയാണ് മുൻകൂർ ജാമ്യം നേടിയത്.

കടവന്ത്രയിലുള്ള ജിസിഡിഎ ചെയർമാന്റെ ഔദ്യോഗിക വസതിയിൽ നിന്ന് അടുക്കളപ്പാത്രങ്ങൾ മുതൽ എയർ കണ്ടിഷൻ വരെ നഷ്ടപ്പെട്ടതായി 2017 ജനുവരിയിലാണ് കണ്ടെത്തിയത്. മുൻ ചെയർമാൻ എൻ. വേണുഗോപാൽ വീടൊഴിഞ്ഞ ശേഷമായിരുന്നു വീട്ടുസാധനങ്ങൾ നഷ്ടമായത്. ഇതുസംബന്ധിച്ച് കെട്ടിടത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പടെയുള്ളവരിൽ നിന്ന് തൃപ്തികരമായ വിശദീകരണം കിട്ടാതെ വന്നതോടെയാണ് മുൻ സെക്രട്ടറി ഉൾപ്പടെയുള്ളവരെ പ്രതിയാക്കി ജിസിഡിഎയുടെ പുതിയ ഭരണ സമിതി അന്ന് പൊലീസിൽ പരാതി നൽകിയത്.