ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് (63) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിന്റെ നടുക്കത്തിലാണ് രാജ്യം. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. ഊട്ടിക്കു സമീപം കുനൂരിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡൽഹി കന്റോന്മെന്റിലെ ബ്രാർ സ്‌ക്വയറിലെ ക്രിമറ്റോറിയത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക. വ്യാഴാഴ്ച ഇരുവരുടെയും ഭൗതിക ദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും.

ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും വ്യാഴാഴ്ച വൈകീട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. അൽപ്പനേരം ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്‌ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു അപകടം.

വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ  Mi-17V5  എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരിൽനിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പായിരുന്നു അപകടം.

2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. അകാലത്തിൽ വിടപറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്. നിലപാടുകളിൽ കണിശക്കാരനും ആധുനിക യുദ്ധമുറകൾ രൂപപ്പെടുത്തുന്നതിൽ അഗ്രഗണ്യനുമായിരുന്നു ജനറൽ ബിപിൻ റാവത്ത്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധമുള്ള മേധാവിയായിരുന്നു ബിപിൻ റാവത്ത്. രാജ്യത്തെ പ്രതിരോധസേനകളുടെ പ്രവർത്തനരീതിയിൽ ചരിത്രപരമായ മാറ്റത്തിനു വഴിയൊരുക്കുന്ന തിയറ്റർ കമാൻഡ് രൂപവൽക്കരണമെന്ന നിർദ്ദേശം ബിപിൻ റാവത്തിന്റേതായിരുന്നു.

കര, നാവിക, വ്യോമസേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന രീതിക്കുപകരം മൂന്നു സേനകളിലെയും ആയുധ, ആൾ ബലങ്ങൾ ഏകോപിപ്പിച്ചുള്ള സംയുക്ത കമാൻഡ് ആണ് തിയറ്റർ കമാൻഡ്. യുഎസിന്റെയും ചൈനയുടെയും സേനകൾ തിയറ്റർ കമാൻഡായാണ് പ്രവർത്തിക്കുന്നത്. സേനകളുടെ ആധുനികവൽക്കരണത്തിനൊപ്പം ആധുനിക യുദ്ധമുറകൾ രൂപപ്പെടുത്തുന്നതിനും ബിപിൻ റാവത്തിന് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.

എന്നും മുന്നിൽ നിന്നു നയിച്ച പടനായകൻ
മ്യാന്മറിലെ ആക്രണങ്ങളുടെയും നിയന്ത്രണ രേഖയ്ക്കിപ്പുറമുള്ള മിന്നലാക്രമണങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്ന ഏറ്റവും മുതിർന്ന സായുധ സേനാ ഉദ്യോഗസ്ഥനായിരുന്നു ബിപിൻ റാവത്ത്. മിന്നലാക്രമണത്തിന്റെ ആസൂത്രകരിൽ പ്രമുഖനായിരുന്ന റാവത്ത്, സുപ്രധാന കമാൻഡുകളുടെ നായകനായും തിളങ്ങി. എതിരാളിയുടെ വീര്യം തകർത്തെറിയുന്നതും രാജ്യത്തെ ഓരോ പൗരനും ആത്മവിശ്വാസം നൽകുന്നതുമായി വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ആര് വന്നാലും ഇന്ത്യ നേരിടാൻ സജ്ജമാണെന്ന വാക്കുകൾ പലപ്പോഴും എതിരാളികളെ വിറപ്പിച്ചു.

'പാക്കിസ്ഥാൻ നടത്തുന്ന ദുഷ്പ്രവണതകൾ തടയാനും അവരുടെ ദൗത്യം പരാജയപ്പെടുത്താനും ഞങ്ങൾ മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്തെങ്കിലും സാഹസത്തിന് ശ്രമിച്ചാൽ അവർക്ക് കനത്ത നഷ്ടം സംഭവിച്ചേക്കാം'. പാക്കിസ്ഥാനെതിരായി റാവത്ത് നടത്തിയ ഒരു നിർണായക പ്രസ്താവനയായിരുന്നു ഇത്. പാക്കിസ്ഥാനുമായി ചൈനയ്ക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

ബിരുദം നേടിയ മണ്ണിൽ വിയോഗവും
ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16നാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്‌കൂളിലുമായി ആയിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്നു ബിരുദം നേടിയിട്ടുണ്ട്.

യുഎസിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടിയിട്ടുണ്ട്. ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്‌മെന്റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1978ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ േസവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഡിസംബർ 31നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽനിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ലഭിച്ചിട്ടുണ്ട്.