- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉയർന്ന വിദ്യാഭ്യാസം നേടിയ ഡോക്ടർ; സൈനിക സേവനത്തിനുള്ള അംഗീകാരം ലഭിച്ച വനിതാ ലെഫ്റ്റനന്റ് ജനറൽ; ബുർക്ക ധരിക്കില്ലെന്ന വാശി താലിബാനെ കൊണ്ട് അംഗീകരിപ്പിച്ച ധീര വനിത; ജനാധിപത്യ സമൂഹത്തിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചു; പുരുഷാധിപത്യ സമൂഹത്തിൽ സ്വന്തം ഇടം നേടിയ ജനറൽ സുഹൈല ഓർമ്മയാകുമ്പോൾ
കാബൂൾ: മരുന്നു കുറിപ്പിൽ പേരെഴുതിക്കണ്ടാൽ പോലും ഭാര്യമാരെ കൊല്ലുന്നത്ര പുർഷാധിപത്യം നിലനിൽക്കുന്ന സമൂഹമാണ് അഫ്ഗാനിസ്ഥാനിലേത്. ശരീരമാസകലം മറച്ച് മാത്രം പുറത്തിറങ്ങാൻ വിധിക്കപ്പെട്ട ഹതഭാഗ്യകളുടെ സമൂഹം. അവിടെയാണ് എല്ലാ മാമൂലുകളേയും ലംഘിച്ച് ഒരു വനിത വൈദ്യശാസ്ത്രത്തിൽ ബിരുദമെടുക്കുന്നതും, അറിയപ്പെടുന്ന ഒരു സർജൻ ആകുന്നതും, സൈനിക സേവനത്തിനുള്ള ആദരവായി ലഫ്റ്റന്റ് ജനറൽ പദവി നേടിയതുമൊക്കെ. അഫ്ഗാനിസ്ഥാനിലെ ഒരേയൊരു വനിത ലഫ്റ്റന്റ് ജനറൽ ആയ ഡോ. സുഹൈല സിദിഖ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തന്റെ സംഭവ ബഹുലമായ ജീവിതത്തിൽ നിന്നും വിടവാങ്ങിയിരിക്കുന്നു.
കഴിഞ്ഞ ആറ് വർഷമായി അൽഷമേഴ്സ് രോഗം ബാധിച്ച ഈ 72 കാരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്തെ പ്രമുഖ നേതാക്കളും, വൈദ്യശാസ്ത്ര വിദ്ഗ്ദരുമെല്ലാം അവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മെഡിക്കൽ രംഗത്ത് സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച സുഹൈൽ, പിന്നീട് സൈന്യത്തിൽ അനേകം തലമുറകൾക്ക് മാർഗ്ഗദീപമായി മാറി എന്നാണ് ഇവരെക്കുറിച്ചുള്ള അനുസ്മരണകളിൽ എല്ലാവരും എടുത്തു പറഞ്ഞത്. ആ ജീവിതം മുഴുവൻ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഒന്നാണെന്നും പലരും പറഞ്ഞു.
അവകാശങ്ങളുടേ സംരക്ഷക
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു ധനിക കുടുംബത്തിലായിരുന്നു 1948 ൽ സുഹൈല ജനിച്ചത്. നഗരത്തിലെ പ്രശസ്തമായ മെഡിക്കൽ കോളേജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം ഉപരിപഠനത്തിനായി അവർ മോസ്കോയിലേക്ക് പോയി. അതിനുശേഷമാണ് അഫ്ഗാൻ സൈന്യത്തിൽ ഒരു ഡോക്ടറായി അവർ ചേരുന്നത്. സോവിയറ്റ് അധിനിവേശകാലത്ത് അന്നത്തെ സോവിയറ്റ് അനുകൂല സർക്കാരാണ് സുഹൈലയ്ക്ക് ലെഫ്റ്റന്റ് ജനറൽ പദവി നൽകുന്നത്. അന്നുമുതൽ അവർ ജനറൽ സുഹൈല എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച സർജൻ കൂടി ആയിരുന്നു സുഹൈല.
കാബൂളിലെ 400 കിടക്കകളുള്ള മിലിറ്ററി ആശുപത്രിയിൽ പതിറ്റാണ്ടുകളോളം ജോലി ചെയ്ത ഇവർ, തന്റെ ശസ്ത്രക്രിയയിലുള്ള വൈഭവം കൊണ്ട് നൂറുകണക്കിന് ജീവനുകളേയാണ് രക്ഷിച്ചിട്ടുള്ളത്. 1990 കളിൽ റോക്കറ്റ് ആക്രമണം നടന്നപ്പോഴും ഈ ആശുപത്രി നടത്തിക്കൊണ്ടുപോകുന്നതിൽ അവർ നിർണ്ണായക പങ്കു വഹിച്ചു. അന്ന്, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പലർക്കും സുഹൈല തന്റെ ശമ്പളം വീതിച്ചു നൽകുമായിരുന്നെന്ന് അവരോടൊപ്പം ജോലിചെയ്ത ഒരു ഡോക്ടർ ഓർമ്മിക്കുന്നു. മാത്രമല്ല, സഹപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു മുൻനിര പോരാളിയായിരുന്നു അവരെന്നും ഡോക്ടർ അനുസ്മരിച്ചു.
താലിബാനെ മുട്ടുകുത്തിച്ച ധീര വനിത
1996-ൽ താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ എല്ലാം ഇല്ലാതെയായി. വിദ്യാഭ്യാസവും ജോലിയും സ്ത്രീകൾക്ക് വിലക്കിക്കൊണ്ട് അവരുടേതായ മതനിയമങ്ങളുമായിട്ടായിരുന്നു താലിബാന്റെ ഭരണം. അന്ന്, സുഹൈലയ്ക്കും തന്റെ ജോലി ഉപേക്ഷിക്കെണ്ടതായി വന്നു. എന്നാൽ അവരെ പിരിച്ചുവിട്ട് മാസങ്ങൾക്കകം അവരുടെ വില താലിബാൻ തിരിച്ചറിഞ്ഞു. അവരുടെ ശസ്ത്രക്രിയാ വൈഭവം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ താലിബാൻ അവരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു.
ശരീരം മൊത്തം മൂടുന്ന ബുർക്ക ഉപയോഗിക്കില്ലെന്നായിരുന്നു തിരിച്ചു വരവിനുള്ള ഉപാധിയായി സുലൈഹ പറഞ്ഞത്. വേറെ ഒരു വഴിയുമില്ലാതെ താലിബാൻ നേതൃത്വം ആ ആവശ്യത്തിനു വഴങ്ങി. തന്റെ സ്വന്തം നാടായ ഖാണ്ഡഹാറിൽ പോകുമ്പോൾ പോലും താൻ ശരീരം മൂടുന്ന ബുർക്ക ധരിക്കാറില്ലായിരുന്നു എന്ന് അവർ പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖഥ്റ്റിൽ പറഞ്ഞിരുന്നു. അതേസമയം ബുർഖ നിരോധനത്തേക്കാൾ പ്രാധാന്യം അർഹിക്കുന്നത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണെന്ന പക്ഷക്കാരിയായിരുന്നു അവർ.
മന്ത്രിയായും കഴിവു തെളിയിച്ച വ്യക്തിത്വം
താലിബാന്റെ പതനത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിലവിൽ വന്ന മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാരുണ്ടായിരുന്നതിലൊന്ന് സുഹൈല സിദ്ദിഖായിരുന്നു. ഇവർ മന്ത്രിയായിരുന്ന സമയത്താണ് അഫ്ഗാനിസ്ഥാനിൽ വ്യാപകമായി പോളിയോ വാക്സിൻ നൽകുന്ന പദ്ധതി നടപ്പിലാക്കിയത്. എച്ച് ഐ വി പ്രതിരോധത്തിനുള്ള നടപടികൾക്കും അവർ പ്രാധാന്യം നൽകി. അഫ്ഗാനിസ്ഥാനിൽ കൂടുതൽ വനിതാ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയും അവർ നടപ്പിലാക്കി. എന്നും ഒരു ഡോക്ടർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവർ 2004 ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം തന്റെ പഴയജോലിയിലേക്ക് തന്നെ മടങ്ങി.
മറുനാടന് ഡെസ്ക്