പത്തനംതിട്ട: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവർ പത്താം ക്ലാസുകാരിയുമായി നാടുവിട്ടു. മൂഴിയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനൊപ്പ(33)മാണ് പെൺകുട്ടി പോയിരിക്കുന്നത്. കൊച്ചുകോയിക്കൽ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ.

മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. ഇന്ന് പുലർച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് പെൺകുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്യുകയായിരുന്നുവത്രേ. അതിന് ശേഷം ഇവർ എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. മൂഴിയാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അൺഎയ്ഡഡ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയാണ് പെൺകുട്ടി.