മംഗളൂരു: ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ കരണത്തടിച്ച് പെൺകുട്ടി. അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് രോഷാകുലയായ പെൺകുട്ടി പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് കരണത്തടിച്ചത്. പ്രതികരിച്ച പെൺകുട്ടിയെ പൊലീസ് അഭിനന്ദിച്ചു. പെൺകുട്ടി യുവാവിന്റെ കരണത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പ്രതിയുടെ ഫോട്ടോ അടക്കം ചേർത്ത് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പെൺകുട്ടി പങ്കുവച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. വീഡിയോ ശ്രദ്ധയിൽ പെട്ട മംഗളൂരു പൊലീസ് കമ്മീഷണർ ശശികുമാർ പ്രതിയെ കണ്ടെത്താൻ നിർദ്ദേശം നൽകുകയായിരുന്നു.

കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയെ ഹുസൈൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. മംഗളൂരുവിനടുത്തുള്ള പെർളകട്ട മുതൽ പമ്പ്വെൽ വരെയാണ് പെൺകുട്ടി യാത്ര ചെയ്തത്. ബസിൽ ചെയ്യുന്ന സഹയാത്രികരോടും ജീവനക്കാരോടും പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും പ്രതികരിച്ചില്ല.

ശല്യപ്പെടുത്തൽ തുടർന്നതോടെ പെൺകുട്ടി ഹസന്റെ ഫോട്ടോയെടുത്തു. പരിഹാസത്തോടെ ഹസൻ ഫോട്ടോക്ക് പോസ് ചെയ്തു. പെൺകുട്ടിയെ പരിഹസിക്കുകയും ഫോട്ടോ എടുത്തതിന് നന്ദി പറയുകയും ചെയ്തിട്ടാണ് പ്രതി ബസിൽ നിന്നിറങ്ങിയത്. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ വിവരം പുറത്തുവിട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് സ്വദേശി ഹസൻ പിടിയിലായത്.

ഇയാൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്ന് മംഗളൂരു പൊലീസ് കമീഷണർ പറഞ്ഞു. അതിനർഥം നിയമം കൈയിലെടുക്കണമെന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ നാല് മണിയോ വൈകീട്ട് പത്തുമണിയോ എന്നതല്ല കാര്യം. നിരവധി ടൂറിസ്റ്റുകളും വിദ്യാർത്ഥിനികളും യാത്ര ചെയ്യുന്ന മംഗളുരുവിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകരുത്. സംഭവത്തോട് ഉടനടി പ്രതികരിച്ച പെൺകുട്ടി മാതൃകയാണ്. എന്നാൽ യാത്രക്കാരുടേയും കണ്ടക്ടറുടേയും നിരുത്തരവാദിത്തം ഭയപ്പെടുത്തുന്നുവെന്നും മംഗളൂരു പൊലീസ് കമീഷണർ പറഞ്ഞു. കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമീഷണർ 10,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.