റാന്നി: താലൂക്ക് ആശുപത്രിയിൽ കഴുത്തു വേദനയ്ക്ക് ചികിൽസ തേടിയ യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി മാതാപിതാക്കൾ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി.

റാന്നി സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർത്ഥിനി കരിയംപ്ലാവ് അഴകാത്തനിൽ ശശിയുടേയും ലീലാമ്മയുടെയും മകൾ വി എസ് സാനിമോളാണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 10 ന് കഴുത്തിനും കൈക്കും വേദന അനുഭവപ്പെട്ട സാനിമോളെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിറ്റേന്ന് പുലർച്ചെ രണ്ട് മണിയോടെ ഡ്യൂട്ടി ഡോക്ടർ പരിശോധനക്കെത്തിയപ്പോൾ വേദന കുറഞ്ഞതായി അറിയിച്ചെങ്കിലും മൂന്നു മണിയോടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സാനിമോളുടെ മരണത്തിന് കാരണമെന്നാരോപിച്ച് മാതാവ് ലീലാമ്മ ദാനിയേൽ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി.

 അതേസമയം, സാനിമോൾക്ക് കൃത്യമായ ചികിൽസയാണ് നൽകിയതെന്ന് റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഓ ഡോ. വൈശാഖ് പറഞ്ഞു. ഫിസിഷ്യനാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. യുവതിക്ക് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. രോഗലക്ഷണത്തിന് അനുസരിച്ച് പാരാസെറ്റാമോൾ ഐവി ഇൻജക്ഷനാണ് നൽകിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടതും പൊലീസിൽ അറിയിച്ചതും ഡോക്ടർ തന്നെയാണ്. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അറിയാൻ സാധിക്കുമെന്നും ഡോ. വൈശാഖ് പറഞ്ഞു.