തിരുവനന്തപുരം: ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നു പറയാറുണ്ട്.തിരുവനന്തപുരം സൈനിക് സ്‌കൂളിനെ സംബന്ധിച്ച് ഇന്ന് അത്തരത്തിലൊരു ദിവസമാണ്. സ്‌കുളിന്റെ അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായി പെൺകുട്ടികളുടെ ആദ്യ ബാച്ച് പ്രവേശനം നേടി. ഏഴ് മലയാളികളടക്കം പത്ത് പെൺകുട്ടികളാണ് സൈനിക് സ്‌കൂളിലെ ആദ്യ ഗേൾ ബാച്ചിലുള്ളത്. പത്ത് പേരിൽ ബാക്കിയുള്ള രണ്ട് പേർ ബിഹാറിൽ നിന്നാണ്, ഒരാൾ ഉത്തർപ്രദേശുകാരിയുമാണ്.

ദേശീയ തലത്തിൽ നടന്ന എൻട്രൻസ് ടെസ്റ്റ് ജയിച്ചാണ് ഈ പത്ത് പേരും ചരിത്രത്തിലേക്ക് ഇടംപിടിച്ചത്. ആറാം ക്ലാസിലേക്കാണ് പ്രവേശനം. നിലവിൽ ഓൺലൈൻ ക്ലാസുകാണുള്ളത്. സ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനായുള്ള സൗകര്യങ്ങൾ അടക്കം സൈനിക് സ്‌കൂൾ ക്യാംപസിൽ തയാറാണ്.പെൺകുട്ടികൾക്കായി പ്രത്യേക ഡോർമിറ്ററികളടക്കം തയാറായി കഴിഞ്ഞു.

വലിയ സ്വപ്നങ്ങളോടെയാണ് സൈനിക സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിയിരിക്കുന്നത്. പൂജയ്ക്കും അഫ്രയ്ക്കും എയർഫോഴ്‌സിൽ ചേരണമെന്നാണെങ്കിൽ വേദയ്ക്കും ദേവനന്ദയ്ക്കും ആഗ്രഹം സൈനിക ഡോക്ടറാവാണ്.അങ്ങനെ ആഗ്രഹങ്ങളും സ്വപ്നങ്ങൾക്കും സാക്ഷാത്കാരിക്കുന്നതിനായി അവർക്ക് ഇനി മുതൽ സൈനിക സ്‌കൂളിന്റെ മേൽവിലാസം കൂടിയുണ്ട്.

നിരവധി പ്രഗത്ഭരെ സമ്മാനിച്ച, തിരുവനന്തപുരത്തിന്റെ അഭിമാനചിഹ്നമായ കഴക്കൂട്ടം സൈനിക് സ്‌കൂളിന്റെ പെരുമ ഇനി ഈ പത്ത് പേർക്കും പേരിനൊപ്പം ചേർക്കാം, ഒപ്പം ആദ്യ ഗേൾ ബാച്ചിലെ മിടുമിടുക്കികളെന്ന പേരും.