- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെഡിക്കൽ ടെസ്റ്റിനായി കൊച്ചിയിൽ വന്നപ്പോൾ ഉല്ലാസത്തിനായി കൂട്ടുകാരൻ നൽകിയത് വെള്ളപ്പൊടി; ഉറക്കം ഉണർന്നത് ഒരുദിവസത്തിന് ശേഷം; എഴുന്നേറ്റ് നടക്കാൻ ആവതില്ലാതെ ഒടുവിൽ ആശുപത്രിയിൽ; ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ ബോധം മറച്ചത് എംഡിഎംഎ; കൂട്ടുകാരിക്കും കൂട്ടുകാർക്കുമായി പൊലീസ് വല വീശി
കൊച്ചി: ലോഡ്ജ് മുറിയിൽ അവശ നിലയിൽ കണ്ടെത്തിയ യുവതികളിൽ ഒരാൾ മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും ആശുപത്രിയിൽ കഴിയുന്ന സുഫീന(22)യ്ക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. സുഫീനയുടെ ശ്വാസകോശത്തിൽ നിന്നും ലഭിച്ച വെളുത്ത പൊടി ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ ആണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് യുവതിക്കെതിരെ കേസെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഷീദയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ചു വരുത്തും. ഇവർക്കൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന ഹാഷിമിനെയും സുഹൃത്തുക്കളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് സ്വദേശിനികളായ മുഷീദയും സുഫീനയും വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കൊച്ചിയിൽ എത്തിയത്. ജൂൺ 27ന് രാവിലെ കൊച്ചിയിലെത്തിലെത്തിയ ശേഷം ഫോർട്ട് കൊച്ചിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് പാലാരിവട്ടം ചളിക്കവട്ടത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. വൈകിട്ട് ഹാഷീം എന്ന യുവാവും മറ്റു മൂന്നു പേരും യുവതിയുടെ മുറിയിലെത്തി. ഹാഷീമാണ് നിർബന്ധിപ്പിച്ച് യുവതികളെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തുടർന്നാണ് ഇരുവർക്കും ബോധം പോയത്. പിന്നീട് ഉണരുമ്പോൾ സുഫീനയ്ക്ക് ബോധം ഇല്ലായിരുന്നു. 28ാം തിയതിയും യുവതിക്ക് ബോധം വീണ്ടെടുക്കാനായിരുന്നില്ല. എങ്കിലും കോഴിക്കോട്ടേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി നില വഷളായി. അങ്ങനെയാണ് രണ്ടിടങ്ങളിൽ വീണ്ടും റും എടുക്കേണ്ടി വന്നത്. അവസ്ഥ മോശമായതോടെ സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലേക്ക് മാറി. ഇവിടെ എത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയായിരുന്നു. അവസ്ഥ വീണ്ടും മോശമായതോടെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹാഷിമും സുഹൃത്തുക്കളും ആശുപത്രിയിലെത്തിക്കാൻ വന്നിരുന്നു എന്നും മുഷീദ പൊലീസിനോട് പറഞ്ഞിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് സുഫീനയെയും മുഷീദയെയും ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോൾ ശ്വാസകോശത്തിൽ നിന്നും വെളുത്ത പൊടിയുടെ അംശം ലഭിച്ചു. മുഷീദ അപകട നില തരണം ചെയ്ത് അടുത്ത ദിവസം തന്നെ ഡിസ്ചാർജ്ജായി. എന്നാൽ സുഫീന വെന്റിലേറ്ററിൽ തന്നെയായിരുന്നു. യുവതിയുടെ രക്തത്തിലെ സോഡിയം ലെവൽ താഴ്ന്നിരിക്കുകയായിരുന്നു. പിന്നീട് എംആർഐ സ്‌കാനിങ്ങിൽ തലച്ചോറിൽ ഹൈപോക്‌സിയ ഡാമേജ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസമാണ് വെന്റിലേറ്റരിൽ നിന്നും മാറ്റിയത്. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമാകാം സംഭവത്തിനു പിന്നിൽ എന്ന് പൊലീസ് സംശയിച്ചിരുന്നു. കൂടുതൽ മെഡിക്കൽ ടെസ്റ്റുകൾ നടത്തുകയും ശ്വാസകോശത്തിൽ നിന്നും ലഭിച്ച വെളുത്ത പൊടി ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെയുമാണ് എം.ഡി.എം.എ ആണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിയത്.
എന്താണ് എൻ.ഡി.പി.എസ് ആക്ട്?
മയക്കുമരുന്നുകളുടെ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് എൻ.ഡി.പി.എസ് ആക്ടിൽ പ്രധാനമായി പറയുന്ന കാര്യങ്ങൾ. 1985ലാണ് രാജ്യത്ത് എൻ.ഡി.പി.എസ് ആക്ട് നിലവിൽ വന്നത്. മയക്കുമരുന്ന് നിർമ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തിൽ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾക്ക് പരിരക്ഷ നൽകുവാനും ആക്ടിലെ സെക്ഷൻ 64.എ യിൽ പറയുന്നുണ്ട്. എന്നാൽ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസിൽപ്പെട്ടയാൾ ലഹരിക്ക് അടിമയാണെങ്കിൽ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാൽ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവിൽ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കിൽ മാത്രമാണ് പരിരക്ഷ ലഭിക്കുക.
എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളിൽ പരമാവധി നൽകുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവിൽ വിപണനത്തിന് ഉപയോഗിക്കുന്നവർക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക. നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവർക്ക് ജാമ്യം നൽകുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്. ഉപയോഗിച്ചയാൾ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാൽ ഇതിനും കോടതിയിൽ ബോണ്ട് ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്. 2015ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടും എന്ന് എപ്പോൾ വേണമെങ്കിൽ ഭേദഗതി ചെയ്യാം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.