തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയാണ് ഇന്ന് വിനോദസഞ്ചാര മേഖലയിൽ രാജ്യത്തിന് ഏറ്റവുമധികം വിദേശനാണയം നേടിത്തരുന്നത്.കിഴക്കിന്റെ റോം എന്ന് വിശേഷണം ഉള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ.പ്രശസ്തമായ ഗോവൻ കടൽ തീരങ്ങളും ചരിത്രമുറങ്ങുന്ന ഗോവൻ തീരങ്ങളും ആയിരക്കണക്കിന് സ്വദേശി-വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിക്കുന്നു.ഇന്ത്യൻ ടൂറിസത്തിന്റെ മുഖമായ ഗോവയെ പോർച്ചുഗീസ് അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച് ഇന്നേക്ക് 60 വർഷം പൂർത്തിയാവുകയാണ്.36 മണിക്കീറുകളോളം നീണ്ടുനിന്ന ഒപ്പറേഷൻ വിജയ് യുടെ ചരിത്രം കൂടിയാണ് ഗോവൻ വിമോചനം.

ഗോവൻ ചരിത്രം

ബിസി മൂന്നാംശതകത്തിൽ ഇന്ത്യയിൽ നിലനിന്ന മൗര്യ സാമ്രാജ്യ കാലത്തോളം ഗോവയുടെ ചരിത്രം നീണ്ടുകിടക്കുന്നുണ്ട്.മഹാഭാരതത്തിൽ ഗോപരാഷ്ട്രം എന്നു പരാമർശിക്കുന്ന പ്രദേശമാണ് ഗോവ. ഗോപകപുരി, ഗോപകപട്ടണം എന്നൊക്കെ ഇതിന് സംസ്‌കൃതത്തിൽ പേര് കാണുന്നതായും പറയപ്പെടുന്നു.ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഈ പ്രദേശം മൗര്യന്മാരുടെ കൈവശമായിരുന്നു എന്നാണ് ചരിത്രം. പിന്നീടത് കോലാപ്പൂരിലെ ശതവാഹനന്മാരുടെ കീഴിലായി. ക്രിസ്തുവർഷം 580-750 വരെ ഗോവ ഭരിച്ചത് ചാലൂക്യന്മാരായിരുന്നു.

1312 ൽ ഗോവയെ ഡൽഹി സുൽത്താന്മാർ കൈയടക്കിയെങ്കിലും വിജയനഗര സാമ്രാജ്യത്തിലെ ഹരിഹരൻ ഒന്നാമൻ ഗോവ പിടിച്ചെടുത്തു.പിന്നീട് 100 കൊല്ലത്തൊളം അവരുടെ കൈയിലായിരുന്നു ഈ പ്രദേശം.ഗുൽബർഗയിലെ ബ്രഹ്‌മണി സുൽത്തന്മാരും,ബീജാപ്പൂരിലെ അഡിൽ ഷാഹിമാരും ഗോവ ഭരിച്ചു.1510 ൽ പോർച്ചുഗീസുകാർ ബീജാപ്പൂർ രാജാക്കന്മാരെ തോൽപ്പിച്ച് ഗോവ സ്വന്തമാക്കി വച്ചു

1510നവംബർ 25ന് പോർച്ചുഗീസ് സാഹസികനായ അൽഫോൻസോ ദേ ആൽബുക്കർക് ഇവിടെ എത്തിയതിന് ശേഷം ഗോവ പോർച്ചൂഗീസിന്റെ കയ്യിൽ അകപ്പെട്ടു. 18ശതകത്തോടെ ഗോവ പൂർണ്ണമായും പോർച്ചുഗീസ് ഭരണത്തിലായി കഴിഞ്ഞു. 1961ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നത് വരെ ഏതാണ്ട് 450വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം നീണ്ട് നിന്ന കോളനി കാലഘട്ടമാണ്.

36 മണിക്കൂർ.. ചരിത്രമായ ഓപ്പറേഷൻ വിജയ്

1947 -ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയശേഷവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതാനും ചെറിയ പ്രദേശങ്ങൾ തുടർന്നും പോർച്ചുഗീസുകാരുടെ കൈവശം ആയിരുന്നു. പോർച്ചുഗീസ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്ന ഗോവ, ഡാമനും ഡിയുവും പിന്നെ ദാദ്രയും നഗർഹവേലിയും ആണ് പോർച്ചുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ.ഗോവയിലെ പോർച്ചുഗീസ് ഭരണത്തിനെതിരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ നീക്കങ്ങൾക്ക് തുടക്കമിട്ടത് ഫ്രാൻസിൽനിന്നും വിദ്യാഭ്യാസം നേടിയ ഗോവക്കാരനായ എഞ്ചിനീയറായ ട്രിസ്താഓ ഡി ബ്രാഗൻസ കുഞ്ഞ ആയിരുന്നു. 1928 -ൽ ഇദ്ദേഹം ഗോവ കോൺഗ്രസ്സ് കമ്മിറ്റി ഉണ്ടാക്കി.

രാജേന്ദ്രപ്രസാദ്, നെഹ്രു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖരായ ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാക്കളുടെ പിന്തുണ അദ്ദേഹത്തിനും ഗോവ കോൺഗ്രസ്സ് കമ്മിറ്റിക്കും ലഭിച്ചു.സമാധാന ശ്രമങ്ങൾക്കൊപ്പം തന്നെ ആസാദ് ഗോമാന്തക് ദൾ, യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഗോവ തുടങ്ങിയ സംഘടനകൾ വമ്പൻ പ്രതിഷേധങ്ങൾ തുടങ്ങിയതിനെ പോർച്ചുഗൽ ശക്തി കൊണ്ടു നേരിടാൻ തുടങ്ങി. വെടിവയ്പുകളും കൂട്ട അറസ്റ്റുകളും ഗോവയിൽ തുടർക്കഥയായി തുടങ്ങി.

പോർച്ചുഗീസ് ഭരണകൂടവുമായി നിരന്തര ചർച്ചകൾ നടത്തി പരാജയപ്പെട്ട ഇന്ത്യ, ഒടുവിൽ സൈനിക നടപടിയെന്ന പ്രതിവിധിയിലേക്ക് എത്തിച്ചേരുകയായിരുന്നു. അപ്പോഴും മർക്കടമുഷ്ടി വിടാൻ പോർച്ചുഗീസ് പ്രധാനമന്ത്രിയായ അന്റോണിയോ ഒലിവേര സലാസർ ഒരുക്കമായിരുന്നില്ല. 1955ൽ ഗോവയിലേക്കു പ്രവേശിക്കാൻ ശ്രമിച്ച 30 ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകരെ പോർച്ചുഗീസ് പൊലീസ് വെടിവച്ചു കൊന്നു. ഇതോടെ ഇന്ത്യയും ഗോവയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു.

ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷൻ വിജയ് ദൗത്യം ഡിസംബർ 17നു തുടങ്ങി. ഗോവയിലെ പോർച്ചുഗീസ് നാവികക്കരുത്ത് ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ അല്ലായിരുന്നു.താമസിയാതെ പോർച്ചുഗീസ് പ്രദേശങ്ങളിൽ ഇന്ത്യൻ സേന നിലയുറപ്പിച്ചു തുടങ്ങി. സഹായത്തിനായി നാവികസേന പുറപ്പെട്ടിട്ടുണ്ടെന്നും അവരെത്തുന്നതു വരെ പിടിച്ചുനിൽക്കാനുമായിരുന്നു ലിസ്‌ബനിൽ നിന്നു ഗോവ ഗവർണർ മാനുവൽ സിൽവയ്ക്കു കിട്ടിയ സന്ദേശം. എന്നാൽ ഇന്ത്യയുടെ ചങ്ങാതി രാഷ്ട്രമായ ഈജിപ്ത് പോർച്ചുഗീസ് നാവികസേനയെ തങ്ങളുടെ അധീനതയിലുള്ള സൂയസ് കനാൽ വഴി കടത്തിവിടില്ലെന്ന് അറിയിച്ചു.

ഗോവയിൽ താമസിയാതെ ഇന്ത്യൻ സേന പൂർണ ആധിപത്യം നേടി. മലയാളി മേജർ ജനറൽ (പിന്നീട് ലഫ്. ജനറൽ) കെ.പി. കാൻഡേത്തിന്റെ നേതൃത്വത്തിലുള്ള 17ാം ഇൻഫാൻട്രി ഡിവിഷനായിരുന്നു ചുക്കാൻ പിടിച്ചത്. ബ്രിഗേഡിയർ സാഗത്ത് സിങ്ങിന്റെനേതൃത്വത്തിലുള്ള അൻപതാം പാരഷൂട്ട് ബ്രിഗേഡും ശക്ത സാന്നിധ്യമായിരുന്നു.മറാത്ത, രാജ്പുത്ത്, മദ്രാസ് റെജിമെന്റുകളും നിർണായകമായ പങ്ക് ദൗത്യത്തിൽ വഹിച്ചു. എയർ വൈസ് മാർഷൽ എർലിക് പിന്റോയുടെ നേതൃത്വത്തിൽ വ്യോമസേനയും ആക്രമണങ്ങൾ നടത്തി. ഇന്ത്യൻ നാവിക സേനയുടെ രാജ്പുത്ത്, വിക്രാന്ത്, കിർപാൺ തുടങ്ങിയ വിഖ്യാതമായ പടക്കപ്പലുകൾ ദൗത്യത്തിൽ അണി ചേർന്നു.

താമസിയാതെ 36 മണിക്കൂർ നീണ്ട സൈനിക ഓപ്പറേഷനു ശേഷം, തങ്ങൾ കീഴടങ്ങുന്നതായി മാനുവൽ സിൽവ ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. കര, നാവിക, വ്യോമ സേനകൾ പങ്കെടുത്ത 36 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ ഗോവയിലെ പോർച്ചുഗീസ് ഗവർണർ ജനറൽ ആയിരുന്ന മാനുവൽ അന്റോണിയോ വസാലിയോ ഇ സിൽവ ഡിസംബർ 19ന് കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിട്ടു.ഗോവയ്‌ക്കൊപ്പം ദാമൻ, ദിയു എന്നീ പ്രദേശങ്ങളും പോർച്ചുഗീസുകാരിൽ നിന്ന് മോചിപ്പിച്ചു.22 ഇന്ത്യൻ സൈനികർ ഈ ദൗത്യത്തിൽ വീരമൃത്യു വരിച്ചു.

5 മാസം ഗോവ മിലിറ്ററി ഗവർണർ ജനറൽ ഭരിച്ച ഗോവ പിന്നീടു കേന്ദ്രഭരണ പ്രദേശമായി.ഗോവ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി. ജനറൽ കാൻഡേത്തിന്റെകീഴിലുള്ള താത്കാലിക ഭരണം അവിടെ നിലവിൽ വന്നു. ഇന്ത്യയുടെ സൈനിക നടപടി പോർച്ചുഗലിനെ രോഷാകുലരാക്കുകയും അവർ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. പിന്നീട് 1974ലാണ് ഇത് പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും ഗോവയെ ഇന്ത്യയുടെ ഭാഗമായി പോർച്ചുഗലും അംഗീകരിച്ചു.

'ഗോവ വിമോചന നായകൻ' എന്നറിയപ്പെടുന്ന ഒറ്റപ്പാലം സ്വദേശിയായ കുഞ്ഞിരാമൻ പാലാട്ട് കാൻഡത്ത് പിന്നീട് ഗോവയുടെ ആദ്യ ലഫ്റ്റനന്റ് ഗവർണറുമായി. 1987 മെയ്‌ 30നാണ് ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത്.

ആഘോഷങ്ങൾക്ക് മോദിയെത്തും

ഗോവൻ വിമോചന സമരത്തിന് 60 വയസ്സ് പൂർത്തിയാകുന്ന വേളയിൽ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവൻ വിമോചന ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 നാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത്.

പരിപാടിയിൽ സ്വാതന്ത്ര്യ സമര സേനാനികളെയും 'ഓപ്പറേഷൻ വിജയ്' സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. അഗ്വാഡ ഫോർട്ട് ജയിൽ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സംസ്ഥാനത്ത് 650 കോടിയിലധികം രൂപ ചെലവ് വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.