- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
തിരുവനന്തപുരം: സ്വർണം, ഡോളർ കടത്തുകേസ് അന്വേഷണത്തിന് ഇനി വേഗത കൂടും. ഇതിനുള്ള നിർദ്ദേശം കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് കിട്ടിയതായാണ് സൂചന. തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ഏതറ്റം വരെയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പച്ചക്കൊടിയാണ് കിട്ടുന്നത്. കേന്ദ്ര ധനമന്ത്രാലയം ഏജൻസികളുടെ അന്വേഷണം നിരീക്ഷിക്കും.
സ്പീക്കറെ ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുന്നതിനു കസ്റ്റംസ് ബോർഡും ധനവകുപ്പും നേരത്തേ അനുമതി നൽകിയിരുന്നില്ല. വകുപ്പുതല അനുമതി കിട്ടിയതോടെയാണ് ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദനിയെ മൊഴി എടുക്കാൻ വിളിച്ചതും ഈ സാഹചര്യത്തിലാണ്. കിഫ്ബിയുടെ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നു നിയമനടപടിക്കുള്ള സർക്കാർ നീക്കത്തെ നേരിടാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
ഉദ്യോഗസ്ഥയുടെ പരാതി ഇഡി സംഘം നിഷേധിക്കുകയാണ്. കിഫ്ബി സിഇഒയ്ക്കു വേണ്ടി ഹാജരായി സത്യവാങ്മൂലം ഉദ്യോഗസ്ഥ എഴുതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആവശ്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പറയുന്നതെല്ലാം കള്ളമെന്നാണ് ഇഡിയുടെ നിലപാട്. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ അനുഭാവികളാണ് ഇതിന് പിന്നിലെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. കിഫ്ബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടിസ് അയയ്ക്കും. ഇല്ലെങ്കിൽ കോടതിയെ സമീപിക്കും. ഇതോടെ കിഫ്ബി സിഇഒ കെ എം എബ്രഹാം അടക്കം വെട്ടിലാകും.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം.ഏബ്രഹാം പരാതി നൽകിത് കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിരുന്നു. ചോദ്യംചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കം നിയമനടപടികൾ സർക്കാർ പരിഗണിക്കുകയാണ്. ഇഡിയുടെ ചോദ്യം ചെയ്യലിനായി കൊച്ചി ഓഫിസിലെത്തിയ ധനവകുപ്പ് അഡിഷനൽ സെക്രട്ടറിക്കും 2 ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമെന്നാണ് പരാതി. ചോദ്യം ചെയ്യലിനിടെ കുടിക്കാനുള്ള 3 ഗ്ലാസ് വെള്ളവുമായി ഒരാൾ വന്നു. അത് എടുക്കാൻ കൈനീട്ടിയപ്പോൾ താഴെയിട്ടു പൊട്ടിച്ചു. സോറി പോലും പറയാതെ അയാൾ പോയി. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു. കുറച്ചു സമയം കഴിഞ്ഞ് ഒരാൾ ചൂടുള്ള കോഫിയുമായി വന്നു. അത് എടുക്കാൻ ആഞ്ഞപ്പോൾ നിലത്തിട്ടു പൊട്ടിച്ചു. ചൂടു കോഫി അഡിഷനൽ സെക്രട്ടറിയുടെ കാലിൽ കൊണ്ടു ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു വൃത്തിയാക്കി. വളഞ്ഞ വഴിയിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യമെന്നാണു സർക്കാർ കരുതുന്നത്. അതേസമയം, വ്യക്തിപരമായി പരാതി നൽകാൻ ചോദ്യം ചെയ്യലിനു വിധേയരായ ഉദ്യോഗസ്ഥർ ഇപ്പോൾ തയാറല്ല. കേന്ദ്ര ഏജൻസികളെ ഭയന്നാണ് ഇത്.
കെ എം എബ്രഹാമിന്റെ അതിവിശ്വസ്തയാണ് ഈ ഉദ്യോഗസ്ഥ. ഇവർ ഐഎഎസ് കൊടുക്കേണ്ട ഉദ്യോഗസ്ഥ പട്ടികയിലുമുണ്ട്. ഇതിൽ ചില പരാതികളും സെക്രട്ടറിയേറ്റിൽ ചർച്ചയാണ്. കെ എം എബ്രഹാമിന്റെ ശുപാർശയിലാണ് ഇവർ ഐഎഎസ് പട്ടികയിൽ കടന്നുകൂടിയതെന്ന ആരോപണമാണ് ഇത്. ഐ എ എസ് കൺഫർ ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര ഏജൻസിക്കെതിരെ പരാതി കൊടുത്താൽ പിന്നെ ഈ മോഹം നടക്കുമോ എന്നും അറിയില്ല. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കും ഇവർ പരീക്ഷ എഴുതിയിരുന്നു. അങ്ങനെ ഐ എ എസ് മോഹമുള്ള ഉദ്യോഗസ്ഥയാണ്. മസാല ബോണ്ടിറക്കുന്നതിനു മുൻപ് ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനിൽ പോയ സംഘത്തിൽ ഇവരുമുണ്ടായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമർശിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്കു കടന്നിരുന്നില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി എഴുതി വാങ്ങി ക്രിമിനൽ കേസ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ആലോചന. ഇങ്ങനെ കേസെടുത്താൽ ഇഡി അതിനെ കോടതിയിൽ ചോദ്യം ചെയ്യും. 2019 മേയിലാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി 9.72% പലിശയ്ക്ക് 5 വർഷ തിരിച്ചടവു കാലാവധിയോടെ 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. ഉയർന്ന പലിശയ്ക്കുള്ള ഈ കടമെടുപ്പിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും വലിയ വിമർശനമുയർന്നു.
സംസ്ഥാനങ്ങൾ രാജ്യത്തിനു പുറത്തു നിന്നു കടമെടുക്കുന്നതു ഭരണഘടനാലംഘനമാണെന്നു സിഎജി റിപ്പോർട്ട് കുറ്റപ്പെടുത്തിയതോടെ ആരോപണങ്ങളുടെ ഗൗരവം കൂടി. നിയമസഭയിൽ വയ്ക്കും മുൻപു റിപ്പോർട്ടിന്റെ ഉള്ളടക്കം ധനമന്ത്രി വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടുകയും പിന്നീടു വിവാദഭാഗം നിയമസഭാ പ്രമേയത്തിലൂടെ നീക്കുകയും ചെയ്തു. വിദേശനാണയ വിനിമയ ചട്ടം (ഫെമ) അനുസരിച്ചും റിസർവ് ബാങ്ക് അനുമതിയോടെയുമാണു കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നു സർക്കാർ വാദിക്കുന്നു. ബോഡി കോർപറേറ്റായ കിഫ്ബിക്കു മാസാല ബോണ്ട് വഴി പണം സമാഹരിക്കാൻ റിസർവ് ബാങ്കിന്റെ എൻഒസി മതിയെന്നും സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതു പോലെ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണ്ടെന്നുമാണ് നിലപാട്. എന്നാൽ ഫെമ ലംഘിച്ചെന്ന നിലയിലാണ് ഇഡിയുടെ അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ