ഷാർജ: വന്ദേഭാരത് വിമാനങ്ങളിലൂടെ സ്വർണം കടത്താൻ ഉപയോഗിക്കുന്നത് പാവപ്പെട്ടവരുടെ കണ്ണീരിന്റെ വില. യുഎഇയിൽ കുടുങ്ങിയവർക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്ത് നൽകുന്നതിനൊപ്പം സ്വർണ്ണ കടത്തും. ഇങ്ങനെയാണ് മഞ്ഞ ലോഹം ഈ പ്രതിസന്ധികാലത്ത് കേരളത്തിലേക്ക് എത്തുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം രൂപയുടേയും ഡോളറിന്റേയും മൂല്യത്തെ ബാധിച്ചപ്പോഴും സ്വർണം തിളങ്ങി നിൽക്കുന്നു. ഈ സാഹചര്യമാണ് സ്വർണ്ണ കടത്തിന്റെ സാധ്യത കൂട്ടിയത്. ഇതിന് വേണ്ടി സന്ദർശക വീസയിൽ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുകയാണ്.

ഇതിന് പുറമേയായിരുന്നു നയതന്ത്ര ബാഗിലൂടെയുള്ള സ്വർണ്ണ കടത്തും. രണ്ട് ടീമുകൾ ഇതിന് വേണ്ടി തിരുവനന്തപുരത്ത് തന്നെയുണ്ട്. വലിയ മത്സരമായിരുന്നു ഇവർക്കിടയിൽ. സ്വകാര്യ വിമാനങ്ങളിലൂടെ സ്വർണ്ണ കടത്തുന്ന പ്രബല വിഭാഗമായിരുന്നു സ്വർണ്ണ കടത്തിനെ നിയന്ത്രിച്ചത്. വന്ദേഭാരത് മിഷന്റെ കാലത്ത് ഇത് സ്വപ്‌നാ സുരേഷ് പിടിച്ചെടുത്തു. നയതന്ത്ര ബാഗിന്റെ പരിരക്ഷയായിരുന്നു ഇതിന് കാരണം. ഇതോടെ മലബാറിൽ നിന്നെത്തി തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച രണ്ടാം സംഘത്തിന് കച്ചവടവും കുറഞ്ഞു. അപ്പോഴും സ്വപ്‌നാ സുരേഷ് ഗ്യാങ് നയതന്ത്ര ബാഗിനൊപ്പം വന്ദേഭാരത് മിഷൻ വഴിയും സ്വർണം കടത്തി.

കോവിഡുകാലത്ത് നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് യുവതി യുവാക്കളെ കാരിയർമാരാക്കി. ഒട്ടേറെ പേർ ഇതിനകം കാരിയർമാരായി കേരളത്തിൽ എത്തി. യുഎഇയിൽ പ്രവർത്തിക്കുന്ന മലയാളികളായ സ്വർണക്കടത്തു സംഘങ്ങളാണ് നിരാലംബരായ യുവതീയുവാക്കളെ വലവീശിപ്പിടിക്കുന്നത്. ഇതിന് സ്ത്രീകളെയും ഉപയോഗിക്കുന്നുണ്ട്. വന്ദേ ഭാരത് മിഷൻ പദ്ധതി വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാത്തതും ഇവർക്ക് ആയുധമായി.

കോവിഡ് ഭീഷണി മൂലം ദേഹ പരിശോധനയും മറ്റും പഴയതു പോലെ നടക്കുന്നില്ല. ഈ സാഹചര്യമാണ് കോവിഡു കാലത്ത് കടത്തുകാർക്ക് തുണയായത്. ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ സന്ദർശ വീസയിൽ ജോലി അന്വേഷിച്ചെത്തിയ പലരും കോവിഡ് വ്യാപകമായതിനെ തുടർന്ന് പ്രതിസന്ധിയിലായി. ഇവർക്ക് പുതിയ ജോലി കണ്ടെത്താൻ കഴിയാത്ത സാഹചര്യമായി. ഇതേ തുടർന്ന് യുഎഇയിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതത്തിലായിരുന്നു പലരും. ഇവരെ വല വീശി പിടിച്ചു. സന്നദ്ധ സംഘടനകളുടെയും മറ്റും സൗജന്യ ടിക്കറ്റിലാണ് പലരും ഒടുവിൽ മടക്ക യാത്ര ചെയ്തത്. പോകുമ്പോൾ ഇവരിൽ പലരും ചുരുങ്ങിയത് ഒരു കിലോ സ്വർണം കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിസാ കാലാവധി കഴിഞ്ഞ ചെറുകിട ജോലിക്കാരും കഫ്റ്റീരിയ, ഗ്രോസറി ജീവനക്കാരും മറ്റും സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചു. ഇപ്പോഴും വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള മിക്ക വിമാനങ്ങളിലും ഇത്തരത്തിൽ സ്വർണം കൊണ്ടുവന്നു. സ്വർണക്കടത്തുകാർ ജീവന് ഭീഷണിയുയർത്തുന്നു എന്ന് കഴിഞ്ഞ ദിവസം പരാതിപ്പെട്ട ഷാർജയിൽ താമസിക്കുന്ന തിരുവനന്തപുരം കടയ്ക്കൽ സ്വദേശിനി ഷീജ കാരിയർമാരായി ഒട്ടേറെ യുവതികളെ താൻ ഏർപ്പാടാക്കി നൽകിയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു കാരിയറെ കണ്ടെത്തിയാൽ 200 ദിർഹം പ്രതിഫലം ലഭിച്ചിരുന്നതായും ഇവർ തുറന്നുപറഞ്ഞു. എന്നാൽ ഇവരും സ്വർണ്ണ കടത്തിലെ പ്രധാന പങ്കാളിയാണെന്ന സംശയമുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് വെളിപ്പെടുത്തൽ നടത്തിയതെന്നാണ് വിലയിരുത്തൽ.

പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ദെയ്‌റയിലെ ഒരു ജൂവലറിയിൽ ഇതിനെല്ലാം സൗകര്യങ്ങളുണ്ട്. ഇവരാണ് സ്വർണ്ണ കടത്തിന് എല്ലാ ഒത്താശയും ചെയ്യുന്നതെന്നാണ് വിവരം. അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണക്കമ്പിനിയിൽ നിന്ന് സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. പദ്ധതിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനും കമ്മിഷൻ ലഭിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കോൺസുലേറ്റിലെ വീസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 2019 ൽ 70 ലക്ഷം രൂപ ലഭിച്ചെന്നും എൻഫോഴ്‌സ്‌മെന്റിന് വിവരമുണ്ട്. ഒരു കിലോ സ്വർണം കടത്തുമ്പോൾ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷൻ.

പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി 18 കോടിയുടേതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ ഇരുപത് ശതമാനം അതായത് 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കുമായി ലഭിച്ചു. യുഎഇയിലെ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനുമായും സ്വപ്ന മൂന്നു കോടി 60 ലക്ഷം പങ്കിട്ടു. നിർമ്മാണക്കരാർ ഏറ്റെടുക്കാൻ നിർമ്മാണക്കമ്പനിയുമായി ചർച്ച നടത്തിയത് സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എൻഫോഴ്‌സ്‌മെന്റ് സൂചിപ്പിക്കുന്നു. കമ്മിഷനായി ലഭിച്ച പണം മറ്റാർക്കെങ്കിലും പങ്കിട്ടോ എന്നും കമ്പനി മറ്റാർക്കെങ്കിലും കമ്മിഷൻ നൽകിയോ എന്നും വ്യക്തമല്ല. കോൺസുേലറ്റ് വഴി യുഎഇ വീസ സ്റ്റാംപിങ്ങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് 2019 ൽ സ്വപ്ന കമ്മിഷനായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരു കിലോ സ്വർണം കടത്തുന്നതിൽ നിന്ന് സ്വപ്നയുടെ കമ്മിഷൻ 1000 ഡോളറായിരുന്നു.

എന്നാൽ കോൺസുലേറ്റിലെ ഉന്നതന് നൽകാൻ എന്ന വ്യാജേന ഇതിന് പുറമേ ഒരു കിലോ സ്വർണത്തിന് 1000 ഡോളർ കൂടി വാങ്ങിയിരുന്നു. സ്വർണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടിൽ വച്ച് റമീസിന്റെ ആൾക്കാരായിരുന്നു. കമ്മീഷൻ കുറച്ച് നൽകാനായി കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ് പലപ്പോഴും കെ.ടി റമീസ് കുറച്ചാണ് സ്വപ്നയെ അറിച്ചിരുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.