കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ ഉന്നത സ്വാധീനമുള്ള വ്യക്തികളെയും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടിവരുമെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ ബോധിപ്പിച്ചു. വിദേശത്തുള്ള 4 പ്രതികളെ യുഎഇ നേരിട്ട് ഇന്ത്യയ്ക്കു കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഇന്റർപോൾ വഴി നീങ്ങും. അതിനിടെ യുഎഇയിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ പെട്ട വ്യവസായി ബിആർ ഷെട്ടിയെ വിട്ടുകൊടുത്താലേ അന്വേഷണവുമായി സഹകരിക്കൂവെന്ന നിലപാടിലാണ് യുഇഎ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

സ്വർണക്കടത്തിനു പിന്നിലെ ദേശവിരുദ്ധ സ്വഭാവം കണ്ടെത്താനുള്ള അന്വേഷണം സ്വദേശത്തും വിദേശത്തും പുരോഗമിക്കുകയാണെന്നും എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ്, 10 ാം പ്രതി റബിൻസ് ഹമീദ്, 15 ാം പ്രതി സിദ്ദിഖുൾ അക്‌ബർ, 20 ാം പ്രതി അഹമ്മദ്കുട്ടി എന്നിവർക്കെതിരെ തിരച്ചിൽ നോട്ടിസ് (ബ്ലൂ കോർണർ) പുറപ്പെടുവിക്കുമെന്നാണ് അന്വേഷണ സംഘം എൻഐഎ കോടതിയെ അറിയിച്ചത്.. കേസിൽ അവസാനം അറസ്റ്റ് ചെയ്ത മുഹമ്മദ് അൻവർ, ഹംജദ് അലി, ടി.എം സംജു, ഹംസത് അബ്ദു സലാം എന്നിവരുടെ പുതിയ റിമാൻഡ് റിപ്പോർട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം ബോധിപ്പിച്ചത്.

കേസിൽ ഇതുവരെ അറസ്റ്റിലായ 16 പ്രതികളുടെ പക്കൽ കണ്ടെത്തിയ ഇലക്ട്രോണിക് ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിക്കേണ്ടതു സംഭവത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ നിർണായകമാണ്. ഇതിലുണ്ടാകുന്ന കാലതാമസം അന്വേഷണ പുരോഗതിയെ ബാധിക്കും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ യുഎപിഎ നിലനിൽക്കുമെന്നും എൻഐഎ പറയുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുഎഇ പൊലീസിന്റെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലും തെളിവുശേഖരണവും ദുബായിൽ നടക്കുന്നുണ്ട്. ഒരു എസ്‌പിയടക്കം രണ്ടംഗ എൻഐഎ സംഘം സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫൈസൽ, റബിൻസ്-റജിൻസ് സഹോദരന്മാർ, അലവി എന്നിവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞ കുറേ ദിവസമായി യുഎഇയിൽ തമ്പടിച്ചിട്ടുണ്ട്.

കള്ളക്കടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിൽ കോൺസുലേറ്റ് അധികൃതരുടെയും വിദേശത്തുള്ള മറ്റ് പ്രതികളുടെയും പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്- കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.വിദേശത്തുള്ള പ്രതികളെ വിട്ടുകിട്ടാനുള്ള നടപടികളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. പ്രധാന പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും യുഎഇ കോൺസുലേറ്റിൽ തങ്ങൾക്കുള്ള സ്വാധീനം കള്ളക്കടത്തിന് പ്രയോജനപ്പെടുത്തി എന്നു മാത്രമാണ് ഇതുവരെ എൻഐഎ പറഞ്ഞിരുന്നത്. കള്ളക്കടത്തിൽ കോൺസുലേറ്റിലെ ഉന്നതർക്കു പങ്കുള്ളതായി പറഞ്ഞില്ല. കൂടുതൽ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്.
എൻഐഎ പറയുന്നു

അറസ്റ്റിലായ 17 പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് സ്വർണക്കടത്തിന്റെ അന്താരാഷ്ട്ര വ്യാപ്തി ബോധ്യപ്പെട്ടു. ഇടപാടിലെ പങ്കാളികളെകുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരുണ്ട്. പ്രതികൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പലപ്പോഴായി സ്വർണം കടത്തി. ഉന്നതർക്ക് പങ്കുള്ളതിനാൽ മാത്രമാണ് ഇത് സാധിച്ചത്. ഇക്കാര്യത്തിൽ യുഎഇ കോൺസുലേറ്റിന്റെയും ഇടപാടിൽ പങ്കാളികളായ മറ്റു പ്രമുഖരുടെയും പങ്ക് പുറത്തുകൊണ്ടുവരണം. കള്ളക്കടത്തിലൂടെ എത്തിച്ച സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിട്ടുണ്ടാകുമെന്നും എൻഐഎ ആവർത്തിച്ചു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവർക്കുപുറമെ കേസിലെ 15ഉം 20ഉം പ്രതികളായി വിദേശത്തുള്ള രണ്ടുപേരെക്കൂടി ചേർത്തു. മലപ്പുറം സ്വദേശികളായ സിദ്ദിഖുൽ അക്‌ബർ, കുഞ്ഞാണി എന്ന അഹമ്മദ് കുട്ടി എന്നിവരാണിവർ.

വർഷങ്ങളായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ തിരയുന്ന പിടികിട്ടാപ്പുള്ളികളുടെ സാന്നിധ്യം സ്വർണക്കടത്തിനു പിന്നിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ക്രിമിനലുകളുടെ സിൻഡിക്കറ്റ് തന്നെ വിദേശത്തു പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു. സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങളും ചോർത്തിയെടുത്ത് വിദേശരാജ്യങ്ങൾക്കു വിറ്റതായി സംശയം. സസ്‌പെൻഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എൻഐഎ കണ്ടെത്തിയെന്ന് അറിയുന്നു. ഇന്ത്യയുടെ സൂപ്പർ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി എന്നാണ് ജനയുഗം റിപ്പോർട്ട് ചെയ്യുന്നത്.

ബംഗളൂരുവിലെ നിരന്തര സന്ദർശനങ്ങൾക്കിടെ ഇരുവരും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ സ്‌പേസ് പാർക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആർഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാർക്ക് കൺസൾട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തിൽ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദർശനങ്ങൾക്കിടെ ബഹിരാകാശ രഹസ്യങ്ങൾ ചോർന്നുവോ എന്നാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്.