- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചത് അതിനിർണ്ണായക നീക്കം; കാർട്ടനുകളിൽ മറ്റെന്തെങ്കിലും കടത്തിയോ എന്ന സംശയം തീരാതെ കേന്ദ്ര ഏജൻസികൾ; മന്ത്രി ജലീൽ വഴി വിതരണത്തിനു നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമത്തിൽ എൻഐഎ; ഖുറാൻ ഒപ്പം സ്വപ്ന സ്വർണ്ണവും കറൻസിയും കടത്താനുള്ള സാധ്യതകളിൽ അന്വേഷണം തുടരുമ്പോൾ
കൊച്ചി: യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്‌സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തും മുൻപ് അന്വേഷണ സംഘങ്ങളുടെ അസാധാരണ നീക്കം ഉണ്ടായെന്ന് റിപ്പോർട്ട്. യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചുവെന്നാണ് സൂചന.
കസ്റ്റംസിന്റെ സഹായത്തോടെയാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയും കള്ളക്കടത്തിന്റെ വിവിധ സാധ്യതകൾ പരിശോധിക്കുന്നത്. കാർട്ടനുകൾ ആദ്യം പരിശോധിച്ച കസ്റ്റംസിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. കസ്റ്റംസ് പരിശോധന നടത്തിയ പാഴ്‌സലുകളിൽ മതഗ്രന്ഥങ്ങളുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. എന്നാൽ മതഗ്രന്ഥങ്ങളുടെ മറവിൽ മറ്റെന്തെങ്കിലും കൂടി കടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
തന്റെ അറിവിൽ കാർട്ടനുകളിൽ മതഗ്രന്ഥങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന മന്ത്രി ജലീലിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടാണ് അന്വേഷണ സംഘങ്ങളുടെ നീക്കം. മന്ത്രി ജലീൽ വഴി വിതരണത്തിനു നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. നയതന്ത്ര പാഴ്‌സലായി മതഗ്രന്ഥങ്ങൾ യുഎഇ കോൺസുലേറ്റിൽ എത്തിച്ചു സർക്കാരിനു കൈമാറാൻ താൽപര്യമെടുത്ത സ്വപ്ന സുരേഷ് സ്വർണ്ണവും കറൻസിയും കടത്താനുള്ള സാധ്യതയാണ് കസ്റ്റംസ് കാണുന്നത്.
അധികാര കേന്ദ്രങ്ങളുമായുള്ള അടുത്ത ബന്ധം മറയാക്കി കള്ളക്കടത്തു നടത്തിയ സ്വപ്നയുടെയും സംഘത്തിന്റെയും തന്ത്രങ്ങളാണ് ഇത്തരമൊരു സംശയത്തിന് കാരണം. അതിനിടെ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷൽ ഡയറക്ടർ സുശീൽ കുമാർ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ സന്ദർശിച്ചു. സ്വർണക്കടത്തു കേസിന്റെ വിശദാംശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇഡിക്കു ലഭിച്ച മൊഴികളെപ്പറ്റി കസ്റ്റംസ് കമ്മിഷണറോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണേന്ത്യാ ചുമതല വഹിക്കുന്ന സുശീൽ കുമാർ വിശദീകരിച്ചതായാണു സൂചന.
250 പായ്ക്കറ്റുകളിലായി 4479കിലോ കാർഗോയാണ് മാർച്ച് നാലിനെത്തിച്ചത്. സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകൾ. ബാക്കി 218 പായ്ക്കറ്റുകൾ കണ്ടെത്തേണ്ടതുണ്ട്. ഇവയിൽ സ്വർണമോ വിദേശ കറൻസിയോ കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. സി-ആപ്റ്റിൽ നിന്ന് പിടിച്ചെടുത്ത മതഗ്രന്ഥം സാമ്പിളാക്കിയുള്ള ഭാരപരിശോധനയിൽ യു.എ.ഇയിൽ നിന്നെത്തിച്ച കാർഗോയിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. എയർവേബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14കിലോഗ്രാമിന്റെ വ്യത്യാസമുണ്ടെന്ന് അന്വേഷണഏജൻസികൾ വെളിപ്പെടുത്തിയതോടെ പുതിയ തന്ത്രവുമായി ജലീൽ രംഗത്തെത്തി.സി-ആപ്റ്റിലെത്തിച്ച പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ച് ജീവനക്കാർ മതഗ്രന്ഥമെടുത്തെന്നാണ് വിശദീകരണം.
അതിനിടെ നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തെക്കുറിച്ചും ഈന്തപ്പഴത്തെക്കുറിച്ചും വെവ്വേറെ കേസെടുക്കാൻ കസ്റ്റംസ് തീരുമാനം. അന്വേഷണത്തിനായി 2 സംഘത്തെ നിയോഗിക്കും. ഇവ വിതരണം നടത്തിയതു വിദേശ സഹായ നിയന്ത്രണ നിയമ (എഫ്സിആർഎ) ത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്നാണു കസ്റ്റംസ് ആരോപിക്കുന്നത്. രണ്ടിലും കസ്റ്റംസ് ആക്ടിന്റെ ലംഘനമുണ്ട്. മതഗ്രന്ഥ വിതരണത്തിൽ മന്ത്രി ഉൾപ്പെടെ ആരോപണ വിധേയനായതിനാൽ വിപുലമായ അന്വേഷണം നടത്തും.
2017 ൽ ഒരു കണ്ടെയ്നറിൽ 17,000 കിലോ ഈന്തപ്പഴമാണു നയതന്ത്ര ബാഗേജിലൂടെ വന്നത്. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തിനായിരുന്നു ഇത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്പെഷൽ സ്‌കൂളിലെയും മറ്റും കുട്ടികൾക്ക് ഒരാൾക്കു 250 ഗ്രാം എന്ന കണക്കിൽ 40,000 കുട്ടികൾക്ക് ഈന്തപ്പഴം നൽകാനും തീരുമാനിച്ചു. ഇതൊക്കെയാണ് അന്വേഷണ വിധേയമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ